മുട്ടം: മലങ്കര ഡാമിൽ നിന്നും തുടങ്ങുന്ന ഇടത്-വലത് കനാലുകൾ വഴി വെള്ളം ഒഴുക്കിത്തുടങ്ങി. ശനിയാഴ്ച രാവിലെ 6.30 ന് ഇടത് കനാൽ വഴിയും ഒമ്പത് മണിക്ക് വലത് കനാൽ വഴിയും വെള്ളം ഒഴുക്കി. ഇടത് കനാൽ ഷട്ടർ 1.30 മീറ്ററും വലത് കനാൽ ഷട്ടർ 1.40 മീറ്ററും ഉയർത്തിയാണ് വെള്ളം ഒഴുക്കുന്നത്.
കനാൽ തുടങ്ങുന്ന മലങ്കര ജലാശയത്തിൽ 40.82 മീറ്റർ വെള്ളമാണ് നിലവിൽ അവശേഷിക്കുന്നത്. മൂലമറ്റം നിലയത്തിലെ വൈദ്യുതി ഉൽപാദനം വർധിപ്പിച്ചതിനാലാണ് ഇരുകനാൽ വഴിയും ജലം ഒഴുക്കാൻ സാധിച്ചത്. കൂടാതെ മലങ്കര വൈദ്യുതി നിലയത്തിലെ ഉൽപാദനം പൂർണമായും നിർത്തുകയും ചെയ്തിട്ടുണ്ട്. മലങ്കര അണക്കെട്ടിലെ ജലനിരപ്പ് ഇനിയും ഉയർന്നാൽ മാത്രമേ മലങ്കര വൈദ്യുതി നിലയത്തിൽ ഉൽപാദനം ആരംഭിക്കാനാവൂ. ഡാമിന്റെ ആറ് ഷട്ടറുകൾ അടയ്ക്കുകയും വൈദ്യുതി ഉൽപാദനം നിർത്തുകയും ചെയ്തതോടെ തൊടുപുഴ ജലാശയത്തിലെ ഒഴുക്ക് പൂർണ്ണമായും നിലച്ചു. ഇടത്-വലത് കര എന്നിങ്ങനെ 70 കിലോമീറ്ററോളമാണ് മലങ്കര കനാൽ ഒഴുകുന്നത്. പെരുമറ്റം വഴി കോലാനി മണക്കാട് അരിക്കുഴ ഭാഗത്ത് കൂടി ഒഴുകുന്ന വലത് കര കനാൽ 27 കിലോമീറ്റർ ദൂരവും തെക്കുഭാഗം, ഇടവെട്ടി, കുമാരമംഗലം കല്ലൂർക്കാട് വഴിയുള്ള ഇടത് കര കനാൽ 30 കിലോമീറ്ററിലധികവുമാണ് ഒഴുകുന്നത്. മൂലമറ്റം നിലയത്തിലെ വൈദ്യുതി ഉൽപാദനത്തിന് ശേഷം പുറം തള്ളുന്ന വെള്ളമാണ് മലങ്കര ജലാശയത്തിലേക്ക് എത്തുന്നത്. ഈ വെള്ളം ഉപയോഗിച്ച് മുട്ടം മിനി പവർ ഹൗസിൽ മൂന്ന് മെഗാ യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.