മുട്ടം: മലങ്കര ഡാമിന്റെ ഷട്ടർ അറ്റകുറ്റപ്പണി പൂർത്തിയാക്കി. മൂന്നുദിവസമായി നടന്ന അറ്റകുറ്റപ്പണി ശനിയാഴ്ചയാണ് പൂർത്തിയാക്കിയത്. ബെയറിങ്ങുകളിലും ഷട്ടറിന്റെ വടങ്ങളിലും തേയ്മാനം സംഭവിക്കാതിരിക്കാൻ ഗ്രീസിങ് നടത്തുന്ന പ്രകിയയാണ് പ്രധാനമായും നടത്തിയത്. എം.വി.ഐ.പി മെക്കാനിക്കൽ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് അറ്റകുറ്റപ്പണി നടത്തിയത്. നവംബറിൽ ഷട്ടറിന്റെ ചോർച്ച പരിഹരിക്കാൻ വിപുലമായ അറ്റകുറ്റപ്പണി നടത്തും. ഇതോടൊപ്പം പെയിന്റ് ചെയ്ത് മനോഹരമാക്കാനും പദ്ധതിയുണ്ടെന്ന് മെക്കാനിക്കൽ വിഭാഗം പറഞ്ഞു.
ക്രിത്യമായ ഇടവേളകളിൽ ഷട്ടർ അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ ഉയർത്താനോ താഴ്ത്താനോ കഴിയാതെവരും. ജലനിരപ്പ് ഉയർന്നുനിൽക്കുന്ന മഴക്കാലത്തും അറ്റകുറ്റപ്പണി നടത്തുന്നതിന് ബുദ്ധിമുട്ടുണ്ട്.
അതാണ് ഈ സമയം തെരഞ്ഞെടുത്തത്. സ്പിൽ ലെവലിന് അടുത്തുവരെ ജലനിരപ്പ് താഴ്ത്തിയാണ് അറ്റകുറ്റപ്പണി നടത്തിയത്. ഷട്ടറുകളും ഉയർത്തി ജലനിരപ്പ് 36.90 മീറ്റർവരെ എത്തിച്ചു. ഇതോടെ ഡാമിന് മുകൾഭാഗത്തെ മുട്ടം, കുടയത്തൂർ, അറക്കുളം, വെള്ളിയാമറ്റം പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം മുടങ്ങി. പതിനായിരക്കണക്കിന് ജനങ്ങളാണ് മലങ്കര ജലാശയത്തെ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്. സാധാരണയിലും താഴെ ജലനിരപ്പ് താഴുന്നതോടെ പമ്പിങ് മുടക്കേണ്ടിവന്നു. പണി പൂർത്തിയാക്കി ഇന്നലെ വൈകീട്ട് മുതൽ ജലനിരപ്പ് ഉയർത്തിത്തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.