മുട്ടം: ചെറിയ പ്രശ്നങ്ങൾക്ക് പോലും കൊടിയേന്തി സമരം ചെയ്യുന്ന രാഷ്ട്രീയ പാർട്ടിക്കാരും ജനപ്രതിനിധികളും കുണ്ടും കുഴിയുമായ റോഡിന്റെ കാര്യത്തിൽ നിശബ്ദരായത് എന്തുകൊണ്ടെന്ന് ജനം. മുട്ടം മുതൽ ചള്ളാവയൽ വരെ റോഡില്ല എന്നതാണ് അവസ്ഥ. ഉള്ളത് കുഴികൾ മാത്രം. മുട്ടത്ത് നിന്ന് പാല, ഈരാറ്റുപേട്ട ഭാഗങ്ങളിലേക്ക് പോകുന്ന പ്രധാന റോഡാണിത്. മാസങ്ങൾ മുമ്പ് ജലവിതരണ പൈപ്പ് സ്ഥാപിക്കാൻ എടുത്ത വലിയ കുഴിയാണ് വേണ്ട വിധം മൂടാത്തതിനാൽ കിടങ്ങായി മാറിയത്.
റോഡിന്റെ മുക്കാൽ ഭാഗവും ടാറിങ് തകർന്ന നിലയിലാണ്. മുട്ടം വഴി എത്തുന്ന ശബരിമല തീർഥാടകരുടെ വാഹനങ്ങളും ഇതുവഴിയാണ് കടന്ന് പോകുന്നത്. നിരവധി വാഹനങ്ങളാണ് കിടങ്ങിൽ വീണ് അപകടത്തിൽപ്പെടുന്നത്. ജലവിതരണ പൈപ്പ് സ്ഥാപിക്കാൻ എടുത്ത കുഴിയുടെ മേൽ കുറച്ച് കല്ലും പാറപ്പൊടിയും ഇട്ട് കരാറുകാരൻ സ്ഥലം വിട്ടു. മഴ ആരംഭിച്ചതോടെ പാറപ്പൊടി ഒഴുകിപ്പോയി വലിയ ഗർത്തങ്ങളാണ് രൂപപ്പെട്ടത്. പൊതുമരാമത്ത് വകുപ്പ് അധികൃതർ പറയുന്നത് ജല അതോറിറ്റിയാണ് റോഡ് പൂർവ സ്ഥിതിയിൽ ആക്കേണ്ടതെന്നാണ്. ജല അതോറിറ്റിക്കാർ തിരിച്ചും പറയുന്നു. വകുപ്പുകളിലെ ശീതസമരം നാട്ടുകാർക്കാണ് പാരയായി മാറിയത്. ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപ്പെടാത്ത ഒരു ദിവസം പോലും ഇല്ലാത്ത സ്ഥിതിയാണ്. ഈ ദുരിത പാത എന്ന് നന്നാക്കും എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.