മുട്ടം: മണ്ഡലകാലം ആരംഭിച്ചെങ്കിലും മുന്നൊരുക്കം നടത്താൻ അധികൃതർക്കായില്ലെന്ന് ആക്ഷേപം. ആയിരക്കണക്കിന് ശബരിമല തീർഥാടകർ ദിനംപ്രതി കടന്നുപോകുന്ന മുട്ടം മുതൽ ജില്ല അതിർത്തിയായ പള്ളിക്കവല വരെ റോഡ് ടാറിങ് പലയിടത്തും പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായി കിടക്കുകയാണ്. ഒരു വർഷത്തിലധികമായി ഇതേ അവസ്ഥയിലാണ് റോഡ്.
തുടങ്ങനാട് സ്പൈസസ് പാർക്കിലേക്ക് ഭൂഗർഭ വൈദ്യുതി ലൈൻ സ്ഥാപിക്കാൻ കുത്തിപ്പൊളിച്ചതാണ് ടാറിങ്. കരിങ്കല്ലുകൾ റോഡിലാകെ ചിതറിത്തെറിച്ച് കിടക്കുകയാണ്. പെരുമറ്റം ഭാഗത്താകട്ടെ ഇഞ്ചമുള്ളുകൾ റോഡിലേക്ക് പടർന്നുപന്തലിച്ച് നിൽക്കുന്നു. മണ്ഡലകാലത്തിന് മുന്നോടിയായി മുൻകാലങ്ങളിൽ ഇവ വെട്ടി നീക്കാറുണ്ടായിരുന്നു.
കുടിവെള്ള പദ്ധതിക്കായി പൈപ്പുകൾ റോഡ് വക്കിൽ നിക്ഷേപിച്ചതും ദുരിതമാണ്. ഇതുമൂലം വാഹനങ്ങൾ ഏറെ സമയമെടുത്താണ് സഞ്ചരിക്കുന്നത്. ഇത് ഗതാഗതക്കുരുക്കിന് കാരണമാകാറുണ്ട്. തീർഥാടകരുടെ തിരക്ക് കൂടി ആരംഭിക്കുന്നതോടെ ഇവിടം ഗതാഗതക്കുരുക്കിനാൽ വീർപ്പുമുട്ടും.
തൊടുപുഴ-മുട്ടം റോഡിന്റെ വക്കുകളിൽ സ്ഥാപിച്ചിരുന്ന ദിശ ബോർഡുകൾ പലതും അപ്രത്യക്ഷമായി. ചിലത് ഒടിഞ്ഞുനുറുങ്ങി റോഡരികുകളിൽ കിടക്കുന്നു. മറ്റു ചിലത് കാട് കയറി മൂടിയ നിലയിലും.
ചുരുക്കം ചിലത് മാത്രമാണ് ദിശ വ്യക്തമാക്കി നിലകൊള്ളുന്നത്. ശബരിമല സീസണിൽ ആയിരക്കണക്കിനാളുകൾ പോകുന്ന റൂട്ടാണ് തൊടുപുഴ-മുട്ടം റോഡ്. അപകടകരമായ വളവുകളും തിരിവുകളും ഉള്ള റൂട്ടിൽ ദിശാബോഡുകളില്ലാത്തത് അപകടം വർധിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.