മുട്ടം: മലങ്കരയിലെ മാലിന്യം നീക്കാൻ നടപടി. പെരുമറ്റം മുതൽ മുട്ടം ടൗൺ വരെ റോഡിന്റെ ഇരുവശങ്ങളിലും ഓടകളിലും കിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനാണ് പഞ്ചായത്ത് തീരുമാനം എടുത്തിട്ടുള്ളത്. മാലിന്യം വലിച്ചെറിഞ്ഞവരെ കണ്ടെത്തി പിഴ ഈടാക്കാനും തീരുമാനമായി.
കഴിഞ്ഞ തവണ ചേർന്ന പഞ്ചായത്ത് ഭരണ സമിതിയാണ് തീരുമാനം എടുത്തത്. മാലിന്യം നീക്കം ചെയ്യാൻ ചിലവാകുന്ന തുക തനത് ഫണ്ടിൽ നിന്നും അനുവദിക്കും. പെരുമറ്റത്തെ ജലാശയതീരത്തേക്ക് ആയിരുന്നു പ്രധാനമായും മാലിന്യം തള്ളിയിരുന്നത്. ആ ഭാഗം മലങ്കര എസ്റ്റേറ്റ് അധികൃതർ കമ്പിവേലി ഉപയോഗിച്ച് കെട്ടി അടച്ചതോടെ പ്രശ്നത്തിന് നേരിയ പരിഹാരമായിരുന്നു.
എന്നാൽ വേലി കെട്ടി അടക്കാത്ത ഭാഗത്തെ മാലിന്യം തള്ളൽ തുടരുകയാണ്. കൂടാതെ റോഡ് വക്കിലും ഓടയിലും മാലിന്യം തള്ളൽ രൂക്ഷമാണ്. ഓടകൾ നിറഞ്ഞതോടെ മാലിന്യവും വെള്ളവും ഇപ്പോൾ റോഡിലൂടെയാണ് ഒഴുകുന്നത്. റോഡിൽ കിടക്കുന്ന മാലിന്യങ്ങളിൽ വാഹനങ്ങൾ കയറി ചിന്നിച്ചിതറുന്നതും നിത്യസംഭവമാണ്.
പെരുമറ്റം മുതൽ മുട്ടം വരെയുള്ള ഓടകൾ മിക്കതും മണ്ണും ചളിയും മാലിന്യവും അടിഞ്ഞ് മൂടിക്കിടക്കുകയാണ്. അതിനാൽ മഴവെള്ളം ഒഴുകുന്നത് റോഡിലൂടെയാണ്. ഇത് വാഹനയാത്രികർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഓടയിലെ മാലിന്യം കോരി മാറ്റി വെള്ളം ഒഴുകാൻ സുരക്ഷിത പാത ഒരുക്കേണ്ടത് അത്യാവശ്യമാണ്.
മാലിന്യം കോരി മാറ്റാൻ തീരുമാനം എടുത്തെങ്കിലും അവ എവിടെ നിക്ഷേപിക്കുമെന്ന കാര്യത്തിൽ ധാരണ ആയിട്ടില്ല. മാലിന്യം നീക്കിയ ശേഷം വീണ്ടും നിക്ഷേപിക്കാതിരിക്കാൻ കാമറ ഉൾപ്പടെ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അല്ലാത്തപക്ഷം ആൾ താമസമില്ലാത്ത ഈ പ്രദേശത്ത് മാലിന്യ നിക്ഷേപം വീണ്ടും ഉണ്ടാവാൻ സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.