മുട്ടം: തുടങ്ങനാട് സ്പൈസസ് പാർക്ക് 14ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 20 കോടി മുതൽ മുടക്കി നിർമിച്ച ഒന്നാം ഘട്ട പ്രവൃത്തികളുടെ ഉദ്ഘാടനമാണ് നടക്കുക. 15 ഏക്കറിലാണ് പാർക്ക് നിർമിച്ചിരിക്കുന്നത്.
ശേഷിക്കുന്ന 18 ഏക്കറിൽ നിർമാണത്തിനുള്ള നടപടികളും ആരംഭിച്ചു. ഉദ്ഘാടന ശേഷം സംരംഭകർക്ക് സ്ഥലം അനുവദിച്ച് നൽകും.
സ്പൈസ് അനുബന്ധ വ്യവസായികൾക്കാണ് സ്ഥലം നൽകുക. 30 വർഷത്തേക്ക് കരാർ ചെയ്ത് നൽകുന്നത് തരിശുസ്ഥലമാണ്. അതിൽ നിർമാണവും മറ്റും നടത്തേണ്ടത് കരാർ എടുക്കുന്നവരാണ്. എന്നാൽ വൈദ്യുതി, വെള്ളം, ഗതാഗത സൗകര്യം, ശൗചാലയം എന്നിവ സ്പൈസസ് ബോർഡ് ഒരുക്കി നൽകും. 30ലധികം സംരംഭകർ ഇതിനകം പ്രൊപ്പോസൽ സമർപ്പിച്ചിട്ടുണ്ട്.
ഒരു സെന്റിന് ശരാശരി രണ്ട് ലക്ഷം രൂപയോളം നൽകേണ്ടിവരും. കൂടാതെ വൈദ്യുതി, വെള്ളം, കാവൽക്കാരൻ തുടങ്ങിയവർക്കായി നിശ്ചിതശതമാനം തുകയും നൽകണം.
90 ഏക്കർ ഏറ്റെടുക്കുമെന്നാണ് അറിയിച്ചിരുന്നത് എങ്കിലും 33.57 ഏക്കർ മാത്രമാണ് ഏറ്റെടുത്തത്. തൊടുപുഴ ലാൻഡ് അക്വിസിഷൻ വിഭാഗത്തിനായിരുന്നു ഇതിന്റെ ചുമതല. 33.57 ഏക്കർ ഏറ്റെടുത്താൽ മതിയെന്ന് ബോർഡ് അധികൃതർ അറിയിച്ചതോടെ അതിൽ നിജപ്പെടുത്തി.
2021 ഫെബ്രുവരി എട്ടിനാണ് മന്ത്രി ഇ.പി. ജയരാജൻ ശിലാസ്ഥാപനം നടത്തിയത്. മാസങ്ങോളം നിർമാണം ആരംഭിക്കാനാകാതെ കിടന്നു.
ഏലം, കുരുമുളക് സംസ്കരണവും കയറ്റുമതിയും ലക്ഷ്യമിട്ട് 2007ൽ കേന്ദ്രസർക്കാർ 27 കോടി അനുവദിച്ചതോടെയാണ് പദ്ധതിയുടെ തുടക്കം. നെടുങ്കണ്ടത്തിനടുത്ത് പച്ചടിയിൽ 100 ഏക്കറും മുട്ടത്ത് 90 ഏക്കറും ഏറ്റെടുത്ത് സ്പൈസസ് പാർക്ക് നിർമിക്കുന്നതിനാണ് പദ്ധതിയിട്ടിരുന്നത്. എന്നാൽ, പച്ചടിയിൽ പട്ടയഭൂമി ലഭ്യമല്ലാതായതോടെ അവിടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് തുടങ്ങനാടിൽ 90 ഏക്കർ കണ്ടത്താൻ നടപടികൾ ആരംഭിച്ചു. സ്ഥലങ്ങൾ ഏറ്റെടുക്കാൻ 2008ൽ നോട്ടിഫിക്കേഷനും 2009ൽ പ്രഖ്യാപനവുമുണ്ടായി. എന്നാൽ, സർക്കാർ നിരക്ക് കുറവായതിനാൽ സ്ഥലം വിട്ടുകൊടുക്കാൻ പ്രദേശത്തുള്ളവർ വിസമ്മതിച്ചതോടെ പദ്ധതി നീണ്ടുപോയി.
പാര്‍ക്കില്‍ അഡ്മിനിസ്ട്രേറ്റിവ് ഓഫിസ് കെട്ടിടം, ഡോക്യുമെന്റേഷൻ, കോണ്‍ഫറന്‍സ് ഹാള്‍, ബാങ്ക്, പോസ്റ്റ് ഓഫിസ്, അസംസ്കൃത വസ്തുക്കള്‍ സൂക്ഷിക്കാനുള്ള സൗകര്യം, മാര്‍ക്കറ്റിങ് സൗകര്യം, കാന്റീൻ എന്നിവ കിന്‍ഫ്ര സജ്ജമാക്കിയിട്ടുണ്ട്. ജലം, വൈദ്യുതി, റോഡുകള്‍, മലിനീകരണ നിയന്ത്രണ പ്ലാന്റ്, വഴിവിളക്കുകള്‍, മഴവെള്ള സംഭരണി തുടങ്ങിയവയും സജ്ജമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.