മുട്ടം: പ്രളയത്തിൽ തകർന്ന ഒളമറ്റം കമ്പിപ്പാലം നാലുവർഷം കഴിഞ്ഞിട്ടും പുനർനിർമിച്ചില്ല. പാലം പുനർ നിർമിക്കണമെന്ന ആവശ്യം വിവിധ മേഖലകളിൽനിന്ന് ഉയർന്നിട്ടും അധികൃതർ കേട്ടഭാവം നടിക്കുന്നില്ല.
പ്രളയത്തെ തുടർന്ന് പുഴയിലുണ്ടായ ശക്തമായ ഒഴുക്കിലെത്തിയ മരം വന്നിടിച്ചാണ് പാലം തകർന്നത്. ഒളമറ്റം പ്രദേശത്തെയും ഇടവെട്ടി പഞ്ചായത്തിലെ തെക്കുഭാഗത്തെയും എളുപ്പത്തിൽ ബന്ധിപ്പിച്ചിരുന്നത് ഈ തൂക്കുപാലമായിരുന്നു. ബസ് സർവിസ് കുറവായ തെക്കുംഭാഗം പ്രദേശത്തിലെ വിദ്യാർഥികൾ അടക്കമുള്ള നിരവധിയാളുകളുടെ യാത്രാക്ലേശങ്ങൾക്ക് പരിഹാരമായിരുന്നു കമ്പിപ്പാലം.
കാഞ്ഞിരമറ്റത്തും തെക്കുംഭാഗത്തുമുള്ളവർ ബസ് കയറാൻ കമ്പിപ്പാലം കടന്നാണ് തൊടുപുഴ-മൂലമറ്റം റൂട്ടിൽ ഒളമറ്റത്തെത്തിയിരുന്നത്. കമ്പിപ്പാലത്തിന് പകരം കോൺക്രീറ്റ് പാലം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമിതി രൂപവത്കരിച്ച് എം.പി, എം.എൽ.എ, കലക്ടർ എന്നിവർക്ക് നിവേദനം നൽകിയിരുന്നു.
അധികൃതർ പാലം പണിയാനുള്ള നടപടികൾ സ്വീകരിക്കാതെ വന്നതോടെ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ യാത്രാദുരിതം കണക്കിലെടുത്ത് പ്രദേശവാസികൾ തോണിയിലാണ് നിലവിൽ സഞ്ചരിക്കുന്നത്. ശക്തമായ ഒഴുക്കുള്ള ഇവിടെ വഞ്ചിയാത്ര അപകടകരമാണ്. ഒഴുക്കു കൂടുതൽ ആയതിനാൽ സൈഡ് വഴി കുറച്ചുദൂരം മുന്നോട്ട് പോയശേഷം താഴോട്ട് ഒഴുകി അക്കരക്ക് കടക്കുകയാണ് ചെയ്യുന്നത്.
കമ്പിപ്പാലം പുനർനിർമിക്കാൻ 40 ലക്ഷം രൂപ അനുവദിച്ചതായി നിയമസഭ തെരഞ്ഞെടുപ്പിന്റെ സമയത്ത് രാഷ്ട്രീയ പാർട്ടികൾ അവകാശവാദം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി മൂന്നാംഘട്ടത്തിൽ പ്രഖ്യാപിച്ച 173 കോടിയിൽനിന്നുമാണ് തുക വകയിരുത്തിയത് എന്നാണ് അന്ന് പറഞ്ഞിരുന്നത്.
എന്നാൽ, ഇത്തരത്തിൽ ഫണ്ട് അനുവദിച്ചതായി ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ സൂസൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.