മുട്ടം: മുഖ്യമന്ത്രിയുടെ 100ദിന കർമപദ്ധതിയുടെ ഭാഗമായി നിർമിച്ച കുടുംബശ്രീ സംരംഭം അടച്ചുപൂട്ടലിലേക്ക്. ജില്ലക്ക് അനുവദിച്ച മൂന്ന് സംരംഭങ്ങളിൽ ഒന്നാണ് നിർമാണം കഴിഞ്ഞിട്ടും തുറന്നുനൽകാനാകാതെ കിടക്കുന്നത്. ഇത് തുറന്നുനൽകാനാകില്ല എന്നാണ് പഞ്ചായത്ത് പറയുന്നത്. മുട്ടം ഗ്രാമപഞ്ചായത്തിലെ കോടതിക്കവലക്ക് സമീപം രണ്ട് ലക്ഷത്തോളം രൂപ മുടക്കിയാണ് കുടുംബശ്രീ ജില്ല മിഷൻ കിയോസ്ക് നിർമിച്ചത്. നിർമാണം പൂർത്തിയാക്കിയിട്ട് മാസങ്ങളായെങ്കിലും സാങ്കേതിക തടസ്സങ്ങൾ മൂലം തുറക്കാനായിട്ടില്ല. ഉടൻ തുറന്ന് പ്രവർത്തിക്കാത്തപക്ഷം സംരംഭം മുട്ടത്തുനിന്ന് ഒഴിവാക്കുമെന്ന് കുടുംബശ്രീ ജില്ല മിഷൻ പറയുന്നു.
മുൻ എം.പി പി.ടി. തോമസിന്റെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് കോടതിക്കവലക്ക് സമീപം രണ്ട് മുറികളായി ആറുലക്ഷം രൂപ മുടക്കി ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചിരുന്നു. ബസ് ഇതിന് പരിസരത്ത് നിർത്താത്തതിനാൽ വർഷങ്ങളോളം ഈ കാത്തിരിപ്പ് കേന്ദ്രം ഉപയോഗശൂന്യമാവുകയും സാമൂഹികവിരുദ്ധ കേന്ദ്രമാവുകയും ചെയ്തു. ഇതേ തുടർന്ന് കഴിഞ്ഞ ഇടതുപക്ഷ പഞ്ചായത്ത് ഭരണസമിതി രണ്ട് മുറികളിൽ ഒന്ന് രണ്ടുലക്ഷത്തോളം രൂപ മുതൽ മുടക്കി കടമുറിയാക്കി മാറ്റി. ഈ മുറിയിലാണ് സംരംഭത്തിനുവേണ്ടി കുടുംബശ്രീ ജില്ലമിഷൻ രണ്ടുലക്ഷം മുടക്കി കിയോസ്ക് പണിതത്.
നിർമാണം പൂർത്തിയായതോടെ പഞ്ചായത്തിലെ കുറച്ച് അംഗങ്ങൾ എതിർപ്പുമായി രംഗത്തുവന്നു. മുട്ടം എൻജിനീയറിങ് കോളജിന്റെ സ്ഥലത്ത് നിർമിച്ചിരിക്കുന്ന വെയിറ്റിങ് ഷെഡ് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കരുത് എന്ന് കരാർ ഉണ്ടെന്നും അതിനാൽ സംരംഭം പൊളിച്ചുമാറ്റണമെന്നും ആവശ്യപ്പെട്ടു. എൽ.ഡി.എഫ് അംഗങ്ങൾ സമരവും നടത്തി. ഇതോടെ മുട്ടം എൻജിനീയറിങ് കോളജ് അധികൃതർ സംരംഭം തുടങ്ങാനാവില്ല എന്ന് അറിയിച്ച് പഞ്ചായത്തിന് കത്തും നൽകി.
എം.പി ഫണ്ട് ഉപയോഗിച്ച് നിർമിച്ച് സർക്കാർ ആസ്ഥിയിലുള്ള കെട്ടിടം ആരുടെ ഉടമസ്ഥതയിൽ എന്നതിൽ ഇനിയും വ്യക്തത വന്നിട്ടില്ല. ഇത് മറ്റൊരു നിയമപ്രശ്നമായി നിലനിൽക്കുകയാണ്. അധികം വൈകാതെ കുടുംബശ്രീ ജില്ല മിഷൻ സംരംഭം പൊളിച്ച് മറ്റ് ഏതെങ്കിലും പഞ്ചായത്തിലേക്ക് മാറ്റിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.