മുട്ടം: തൊടുപുഴ താലൂക്ക് ആശുപത്രി ജില്ല ആശുപത്രിയായി ഉയർത്തിയതോടെ ലോറേഞ്ചിൽ താലൂക്ക് ആശുപത്രി ഇല്ലാതായി. കിടത്തിച്ചികിത്സ ഇപ്പോൾ ജില്ല ആശുപത്രിയിൽ മാത്രമാണുള്ളത്. മുട്ടം, വണ്ണപ്പുറം സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ ഒന്ന് താലൂക്ക് ആശുപത്രിയാക്കി ഉയർത്തുമെന്ന് വർഷങ്ങളായി പറയുന്നുണ്ടെങ്കിലും പ്രാരംഭ നടപടികൾപോലും ആരംഭിച്ചിട്ടില്ല. പ്രതിദിനം 300ലേറെ രോഗികൾ മുട്ടത്തും വണ്ണപ്പുറത്തും ചികിത്സ തേടിയെത്താറുണ്ട്. കിടത്തിച്ചികിത്സ ഇല്ലാത്തതിനാൽ കൂടുതൽ ആളുകൾ ഇപ്പോൾ ജില്ല ആശുപത്രിയെയാണ് ആശ്രയിക്കുന്നത്.
അറക്കുളം, കുടയത്തൂർ, വെള്ളിയാമറ്റം, കരിങ്കുന്നം പഞ്ചായത്തിലെ രോഗികൾക്ക് സൗകര്യപ്രദമായ രീതിയിൽ മുട്ടം കമ്യൂണിറ്റി ഹെൽത്ത് സെന്ററിനെ താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നൂറുകണക്കിനു രോഗികൾ ദിവസേന തൊടുപുഴ ജില്ല ആശുപത്രിയെയും സ്വകാര്യ ആശുപത്രികളെയും ആശ്രയിക്കേണ്ടിവരുന്നു. മുട്ടത്ത് നിലവിൽ സിവിൽ സർജൻ അടക്കം നാല് ഡോക്ടർമാരുണ്ട്. മുട്ടത്തിനു പുറമെ നീലൂർ, കുടയത്തൂർ, മലങ്കര തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള നിരവധി രോഗികളാണ് ഇവിടെ ചികിത്സതേടി എത്തുന്നത്.
മുട്ടം ആശുപത്രിയിൽ ഉച്ചകഴിഞ്ഞ് ഡോക്ടറുടെ സേവനമില്ലാത്തതിനാൽ പലരും മടങ്ങുകയാണ്. ഇതോടെ വൻതുക മുടക്കി സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടേണ്ട അവസ്ഥയിലാണ്. മുട്ടം കമ്യൂണിറ്റി ഹെൽത്ത് സെന്റർ താലൂക്ക് ആശുപത്രിയായി ഉയർത്തിയാൽ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാകും.മുട്ടം സാമൂഹികാരോഗ്യ കേന്ദ്ര കെട്ടിടസമുച്ചയത്തിന് 9.75 കോടിയുടെ പദ്ധതിയാകുന്നുവെന്ന വാർത്ത കേൾക്കാൻ തുടങ്ങിയിട്ട് വർഷം രണ്ട് കഴിഞ്ഞെങ്കിലും ഇതുവരെ യാഥാർഥ്യമായില്ല. കേന്ദ്ര പദ്ധതിയായ ജൻ വികാസ് കായിക്രമം പദ്ധതിയിൽ ഉൾപ്പെടുത്തി സാമ്പത്തിക സഹായം ലഭ്യമാക്കുമെന്നാണ് പറഞ്ഞിരുന്നത്.
9.75 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ തയാറാക്കി സംസ്ഥാന സർക്കാറിന്റെ അംഗീകാരത്തിനായി രണ്ടുവർഷം മുമ്പേ സമർപ്പിച്ചതാണ്. കലക്ടർ അധ്യക്ഷനായ ജില്ല സമിതി അംഗീകാരവും നൽകിയിരുന്നു. കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ അംഗീകാരം ലഭിച്ചാൽ 40 ശതമാനം വിഹിതം കേരളവും 60 ശതമാനം തുക കേന്ദ്രവും വഹിക്കുന്നതാണ് പദ്ധതി.
രണ്ട് എക്കറോളം സ്ഥലമാണ് സാമൂഹികാരോഗ്യ കേന്ദ്രത്തിനുള്ളത്. ഇതിൽ പകുതിയോളം സ്ഥലത്ത് ആശുപത്രിയും ബാക്കി ഭാഗം ജീവനക്കാരുടെ ക്വാർട്ടേഴ്സുമാണ് ഉള്ളത്. ക്വാർട്ടേഴ്സ് കാലപ്പഴക്കം മൂലം തകർന്നു. ിലതിൽ മാത്രമാണ് താമസക്കാരുള്ളത്. ഇവ പൊളിച്ച് മാറ്റി ബഹുനിലമന്ദിരം പണിയാനാണ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.