മുട്ടം: പലിശക്കെണിയിൽ കുടുങ്ങി കേസിൽ അകപ്പെട്ട വീട്ടമ്മമാർ കോടതി കയറിയിറങ്ങുന്നു. തൊടുപുഴ, മുട്ടം മേഖലകളിലായി 500ൽ അധികം വീട്ടമ്മമാർക്കെതിരെയാണ് കേസ്. 5000വും 10,000ഉം പലിശക്കെടുത്തവർക്കെതിരെ 10 ലക്ഷത്തിലധികം രൂപയുടെ കേസാണ് വന്നിരിക്കുന്നത്. പലിശക്കെടുത്തവർ പതിൻമടങ്ങ് തിരിച്ചടച്ചെങ്കിലും ചെക്ക് തിരിച്ചുനൽകാതെ വീണ്ടും കേസ് നൽകുകയാണ്. തൊടുപുഴ ബസ്സ്റ്റാൻഡിന് സമീപത്തെ സ്ഥാപനത്തിൽനിന്ന് പലിശക്കെടുത്തവരാണ് കെണിയിൽപെട്ടത്. പണം വാങ്ങിയത് പുരുഷന്മാർ ആണെങ്കിലും കേസ് കൊടുത്തിരിക്കുന്നത് സത്രീകൾക്കെതിരെയാണ്. പണം ആവശ്യപ്പെട്ട് വരുന്നവരുടെയും അവരുടെ ഭാര്യമാരുടെ അല്ലെങ്കിൽ അമ്മമാരുടെയും കൂടി ചെക്കും മറ്റ് രേഖകളും വാങ്ങുകയാണ് ഈ സ്ഥാപനത്തിെൻറ രീതി.
തിരിച്ചടക്കുന്ന തുകക്ക് സ്ഥാപനം രസീതോ മറ്റ് തെളിവുകളോ നൽകാത്തതിനാൽ കേസുകളിൽപെട്ട് വീട്ടമ്മമാർ കോടതി കയറി നടക്കുകയാണ്. പണം കടം വാങ്ങുമ്പോൾ പുരുഷന്മാരുടെ രണ്ട് ചെക്ക്, വീട്ടിലെ സ്ത്രീകളുടെ മൂന്ന് ചെക്ക്, ആധാർ കാർഡ് പകർപ്പ്, നിരവധി പേപ്പറുകളിൽ ഒപ്പ് എന്നിവയാണ് സ്ഥാപനം വാങ്ങുന്നത്. തുക, തീയതി എന്നിവ എഴുതാത്ത ചെക്കാണ് വാങ്ങുന്നത്. ശേഷം ലക്ഷങ്ങൾ എഴുതി കേസ് നൽകുകയാണെന്നാണ് പരാതി.പലിശക്ക് പണം എടുത്തവരിലധികവും കൂലിപ്പണിക്കാരും ഓട്ടോ തൊഴിലാളികളുമാണ്. കേസിൽപെട്ട് വാറൻറായവരുടെ വീടുകളിലെത്തുന്ന പൊലീസുകാർ ഇവരുടെ അവസ്ഥകണ്ട് പിന്തിരിയാറുണ്ടെങ്കിലും കോടതിയിൽനിന്ന് ശകാരം കേൾക്കുമെന്നതിനാൽ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയാണ്. കള്ളക്കേസ് നൽകുന്ന സ്ഥാപനത്തിനെതിരെ ആക്ഷൻ കൗൺസിൽ രൂപവത്കരിക്കാനുള്ള ശ്രമത്തിലാണ് ഇരകൾ. സ്ഥാപനത്തിനും ഉടമക്കുമെതിരെ ഇതിന് മുമ്പും നിരവധി പരാതികൾ ഉണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.