മുട്ടം: മലങ്കര ജലാശയത്തിലെ ജലനിരപ്പ് താഴ്ന്നതോടെ അറക്കുളം, കുടയത്തൂർ, വെള്ളിയാമറ്റം, മുട്ടം പഞ്ചായത്തുകൾ ശുദ്ധജല ക്ഷാമത്തിലായി. പതിനായിരക്കണക്കിന് ജനങ്ങളുടെ കുടിവെള്ളമാണ് കഴിഞ്ഞ നാല് ദിവസമായി മുടങ്ങിയത്. മലങ്കര ഡാമിലെ ഷട്ടർ ഉയർത്തി ജലം തുറന്നുവിട്ടതും മൂലമറ്റം നിലയത്തിലെ വൈദ്യുതി ഉൽപാദനം കുറഞ്ഞതുമാണ് ജലനിരപ്പ് താഴാൻ കാരണം.
ജലനിരപ്പ് പരിധിയിലധികം താഴ്ന്നതോടെ മലങ്കര ജലാശയത്തെ ആശ്രയിച്ച് കുടിവെള്ളം പമ്പ് ചെയ്യുന്ന പഞ്ചായത്തുകളിൽ കടുത്ത കുടിവെള്ള ക്ഷാമം അനുഭവപ്പെട്ടു. അറക്കുളം, കുടയത്തൂർ, വെള്ളിയാമറ്റം, മുട്ടം പഞ്ചായത്തുകളിലേക്ക് കുടിവെള്ളം പമ്പ് ചെയ്യുന്ന കുടിവെള്ള കിണർ സ്ഥിതി ചെയ്യുന്നത് മലങ്കര ജലാശയത്തിലാണ്. ജലനിരപ്പ് താഴ്ന്നതോടെ കിണറ്റിൽ വെള്ളം ലഭിക്കാത്ത സ്ഥിതി വന്നു. മുട്ടം പഞ്ചായത്തിൽ ശനിയാഴ്ച മുതൽ കുടിവെള്ള വിതരണം പൂർണമായും നിലച്ചിരുന്നു. ജലവിഭവ വകുപ്പിന്റെ കുടിവെള്ള പദ്ധതിക്ക് പുറമെ പ്രാദേശികമായ ചെറുതും വലുതുമായ അനേകം പദ്ധതികളും പൂർണമായും നിലച്ചു.
മലങ്കര ഡാമിലെ ഷട്ടറുകൾ ഒരു പരിധിയിലധികം താഴ്ത്താനാകില്ല എന്നാണ് എം.വി.ഐ.പി അധികൃതർ പറയുന്നത്. കഴിഞ്ഞകാലങ്ങളിൽ മൂവാറ്റുപ്പുഴ മേഖലയിൽ വെള്ളപ്പൊക്കം ഉണ്ടാകാൻ കാരണം പൊടുന്നനെ മലങ്കര ഡാം തുറന്നുവിട്ടതുമൂലമാണെന്നും അതിനാൽ ജലനിരപ്പ് ക്രമീകരിച്ച് നിർത്താൻ നിർദേശമുണ്ടെന്നും പറയുന്നു. നിരന്തരം ഷട്ടറുകൾ ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്നതുമൂലം ഷട്ടറുകൾക്ക് കേടുപാട് സംഭവിക്കുന്നതായും എം.വി.ഐ.പി അധികൃതർ പറയുന്നു. ഇതിനാൽ ഷട്ടറുകൾ ജലനിരപ്പിന് അനുസരിച്ച് ഉയർത്തുകയും താഴ്ത്തുകയും ചെയ്യാൻ എം.വി.ഐ.പി മടിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.