മുട്ടം: കഴിഞ്ഞ സാമ്പത്തിക വർഷം 15 ലക്ഷം രൂപ ഫണ്ട് അനുവദിച്ചിട്ടും നടപ്പാകാതെ പോയ മുട്ടം കോടതിപ്പാലം വീതി കൂട്ടൽ ഇത്തവണ നടക്കും. 20 ലക്ഷം രൂപയാണ് ഇത്തവണ ജില്ല പഞ്ചായത്തിന്റെ ജനറൽ ഫണ്ടിൽ നിന്ന് അനുവദിച്ചത്. പദ്ധതിക്ക് സാങ്കേതിക അനുമതി ലഭിച്ചതായി ജില്ല പഞ്ചായത്ത് അംഗം സി.വി. സുനിത പറഞ്ഞു. ജില്ല വിജിലൻസ് ഓഫിസിന് സമീപത്തെ പാലത്തിന് വീതി കൂട്ടാൻ അഞ്ചു ലക്ഷം രൂപ കഴിഞ്ഞ സാമ്പത്തികവർഷം വകയിരുത്തിയെങ്കിലും ഉപയോഗപ്പെടുത്താൻ കഴിഞ്ഞില്ല. ജില്ല പഞ്ചായത്തിന്റെ മെയിന്റനൻസ് ഗ്രാൻറിൽ നിന്ന് 15 ലക്ഷം രൂപയാണ് അന്ന് അനുവദിച്ചിരുന്നത്. എന്നാൽ, തുക പാലം വീതി കൂട്ടാൻ ഉപയോഗിക്കാൻ മതിയാവില്ലെന്ന വിലയിരുത്തലിലാണ് പദ്ധതി മുടങ്ങിയത്. അതിനാലാണ് ഇത്തവണ പ്ലാൻ ഫണ്ട് തുക വകയിരുത്തിയത്.
പാലത്തിന്റെ വീതി വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് മാസങ്ങൾക്ക് മുമ്പ് ജില്ല ജഡ്ജി ശശികുമാർ ജനപ്രതിനിധികളെ കോടതിയിൽ വിളിച്ചുവരുത്തിയിരുന്നു. ജില്ല പഞ്ചായത്ത് അംഗം സി.വി. സുനിത, മുട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ഷൈജ ജോമോൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ.കെ. ബിജു, വാർഡ് അംഗം ഡോളി രാജു എന്നിവരെയാണ് വിളിച്ചുവരുത്തിയത്. പാലത്തിന്റെ വീതി വർധിപ്പിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ജഡ്ജി നിർദേശിച്ചിരുന്നു. എത്രയും വേഗം പരിഹരിക്കാമെന്ന് ജില്ല പഞ്ചായത്ത് അംഗം സി.വി. സുനിത അന്ന് ഉറപ്പ് നൽകുകയും ചെയ്തു. പദ്ധതി രൂപവൽകരണം കഴിഞ്ഞതിനാൽ അന്ന് ഫണ്ട് വകയിരുത്താൻ സാധിച്ചിരുന്നില്ല. ആയതിനാൽ പിന്നീട് ജില്ല പഞ്ചായത്ത് ഫണ്ടിൽ നിന്ന് 15 ലക്ഷം അനുവദിക്കുകയും ഡി.പി.സി അംഗീകരിക്കുകയും ചെയ്തു. എന്നാൽ മെയിന്റനൻസ് ഗ്രാൻറ് ആയതിനാൽ പദ്ധതി നടപ്പിലാക്കാൻ സാധിച്ചിരുന്നില്ല.
നൂറുകണക്കിന് വാഹനങ്ങളും ആയിരക്കണക്കിന് ജനങ്ങളും ദിനംപ്രതി സഞ്ചരിക്കുന്ന കോടതി റൂട്ടിലെ പാലത്തിന് വേണ്ടത്ര വീതിയില്ലെന്നത് നാളുകളായുള്ള പരാതിയാണ്. പാലത്തിന്റെ കൈവരികൾ ഉൾപ്പടെ ദ്രവിച്ച് അപകടാവസ്ഥയിലാണ്. പതിനാലോളം കോടതികൾ ഉൾപ്പെടുന്ന ജില്ല കോടതി സമുച്ചയം, ജില്ല ജയിൽ, ജില്ല ഹോമിയോ ആശുപത്രി, പോളിടെക്നിക്, ഐ.ച്ച്.ആർ.ഡി സ്കൂൾ, കോളജ്, വ്യവസായ കേന്ദ്രം ഇവിടേക്കല്ലാം എത്താനുള്ള ഏക പാതയാണിത്. ഇത്രയുമെല്ലാം ആണെങ്കിലും ഒരേ സമയം ഒന്നിലധികം വാഹനങ്ങൾ ഈ പാലം വഴി കടന്നുപോകാൻ ബുദ്ധിമുട്ടാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.