നെടുങ്കണ്ടം: രാമക്കല്‍മേട് ആമപ്പാറയിലെ അനധികൃത ഓഫ് റോഡ് ജീപ്പ് സവാരിക്കെതിരെ വ്യാപക പരാതി. കുത്തിനിറച്ച സഞ്ചാരികളുമായി ഓഫ് റോഡ് ജീപ്പുകാരുടെ അഭ്യാസപ്രകടനങ്ങൾ അപകടം ക്ഷണിച്ചു വരുത്തുകയാണ്. ഡി.ടി.പി.സി, ഗ്രാമപഞ്ചായത്ത്, ജോ.ആര്.ടി.ഒ, പൊലീസ്, ദുരന്തനിവാരണ അതോറിറ്റി, കലക്ടര്‍ തുടങ്ങിയവയുടെ അനുമതിയില്ലാതെയാണ് സവാരി നടത്തുന്നത്.
തകര്‍ന്ന വഴിയിലൂടെയുള്ള മരണപ്പാച്ചില്‍ സമീപത്തെ വീട്ടുകാരെയും കാല്‍നടക്കാരെയും ഭീതിയിലാഴ്ത്തുകയാണ്. ഇതിനെതിരെ പൊലീസിലും ജോ.ആര്.ടി ഓഫിസിലും കലക്ടര്‍ക്കും നിരവധി തവണ പരാതി നല്‍കിയിട്ടും നടപടിയില്ല. 91 ജീപ്പും 150ഓളം ഡ്രൈവര്മാരുമുണ്ടിവിടെ.
ദൈനംദിനം നിരവധി അപകടങ്ങളാണ് ഇവിടെ സംഭവിക്കുന്നത്. ഇവയെല്ലാം പുറംലോകമറിയാതെ ഒതുക്കുകയാണ്. ഉന്നതരാഷ്ട്രീയ സ്വാധീനമാണ് ഇതിന് പിന്നില്‍. കഴിഞ്ഞ ദിവസവും ജീപ്പ് തമിഴ്നാട്ടിലെ ഗര്‍ത്തത്തിലേക്ക് ഉരുണ്ടുപോയ സംഭവമുണ്ടായി. ദുരന്ത നിവാരണ അതോറിറ്റിയുടെ വിലക്കുകള്‍ ഇവിടെ ബാധകമല്ല.
കലക്ടറുടെ നിരോധനാജ്ഞ ലംഘിച്ചാണ് റെഡ് അലര്‍ട്ട് സമയങ്ങളില്‍പോലും സവാരി നടത്തുന്നത്. മാത്രവുമല്ല, അരമണിക്കൂര്‍പോലും സഞ്ചാരികളെ ആമപ്പാറ, വ്യൂ പോയന്റ്, സോളാര്‍ പാര്‍ക്ക് എന്നിവിടങ്ങളില്‍ കാണാന്‍ അനുവദിക്കാതെയാണ് അടുത്ത ട്രിപ്പ് എടുക്കാന്‍ പായുന്നത്. അമിത വേഗത്തില്‍ അഞ്ച് മിനിറ്റുകൊണ്ട് ഹൈവേയില്‍ എത്തുകയും വീണ്ടും അടുത്ത ട്രിപ്പുകൊണ്ട് ആമപ്പാറക്ക് എത്തുകയും ചെയ്യുന്നു. സീസണില്‍ ജീപ്പൊന്നിന് പത്തും 12ഉം ട്രിപ്പ് കിട്ടുന്നുണ്ട്.
ഡ്രൈവര്‍മാര്‍ ആരുടെയും നിയന്ത്രണമില്ലാതെ തോന്നിയ കൂലിവാങ്ങി പാതിരാത്രി വരെ സമുദ്രനിരപ്പില്‍നിന്ന് 3600 അടി ഉയരമുള്ള വ്യൂപോയന്റിലേക്കാണ് സഞ്ചാരികളെ കൊണ്ടുപോകുന്നത്.
ഗേറ്റ് തുറക്കാന്‍ അനുമതിക്കായി കാത്ത് നില്‍ക്കാതെ ശുചിമുറിയുടെ പിന്നിലെ വേലിമറികടന്ന് ജീപ്പുകാര് പോകുന്നത്. ഡി.ടി.പി.സി ഓഫ് റോഡ് ജീപ്പുകളെ മാസങ്ങള്‍ക്ക് മുമ്പ് കൈവിട്ടു. വ്യക്തിക്ക് 25 രൂപ പ്രകാരം പാസ് വാങ്ങി സഞ്ചാരികളെ ആമപ്പാറ കാണുന്നതിനും വാച്ച് ടവറില്‍ കയറുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്. രാമക്കല്‍മേട് ആമപ്പാറയില്‍ 2017-18ലാണ് ഓഫ്റോഡ് ജീപ്പ് സവാരി ആരംഭിച്ചത്.
അന്ന് അഞ്ച് ജീപ്പുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അന്ന് ഡി.ടി.പി.സിയുടെ നിയന്ത്രണത്തിലായിരുന്നു. ഡി.ടി.പി.സി സെക്രട്ടറി, തഹസില്‍ദാര്‍, വില്ലേജ് ഓഫിസര്‍, ജോ.ആര്.ടി.ഒ, നെടുങ്കണ്ടം പൊലീസ് സി.ഐ, കരുണാപുരം, നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റുമാര്‍, വാര്‍ഡ് അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ നിയന്ത്രണത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുവരെയായിരുന്നു അനുവദിച്ച സമയം.
825 രൂപയില്‍ 800 രൂപ ജീപ്പുകാര്‍ക്കും 25 രൂപ ഡി.ടി.പി.സിക്കുമായിരുന്നു അനുവദിച്ചിരുന്നത്. എന്നാല്‍, നിയമങ്ങളെ വെല്ലുവിളിച്ച് ഡ്രൈവര്‍മാര്‍ തന്നിഷ്ടപ്രകാരം 1800 രൂപയാണ് നിലവില്‍ വാങ്ങുന്നത്. കൂടാതെ ആമപ്പാറയില്‍ എത്തിയാല്‍ മിനിമം രണ്ട് മണിക്കൂര്‍ സഞ്ചാരികള്‍ക്ക് എല്ലാസ്ഥലവും ചുറ്റിക്കറങ്ങി കണ്ട് ആസ്വദിക്കാന്‍ അനുവദിക്കുക, ഡ്രൈവര്‍മാര്‍ സ്ഥലം കാണിച്ചു കൊടുക്കാന്‍ കൂടെ ഉണ്ടാവണം, ജീപ്പ് കൂലി ഭാവിയില്‍ വര്‍ധിപ്പിക്കാന്‍ പാടില്ല എന്നൊക്കെയായിരുന്നു അന്നത്തെ തീരുമാനങ്ങള്‍.
കൂടാതെ അന്ന് നിശ്ചയിച്ചു നല്കിയ റൂട്ട് രാമക്കല്‍മേട്, തോവാളപ്പടി, മഞ്ചനമെട്ട്, ആമപ്പാറ സോളാര്‍ പാര്‍ക്ക്, വ്യൂ പോയന്റും സോളാര്‍ പാര്‍ക്കുമായിരുന്നു. എന്നാല്‍, സഞ്ചാരികളുടെ തിരക്ക് വർധിച്ചതോടെ ജീപ്പുകളുടെയും ഡ്രൈവര്‍മാരുടെയും എണ്ണവും വർധിച്ചു. ഇതോടെ ഡ്രൈവര്‍മാര്‍ തന്നിഷ്ടപ്രകാരം കൂലികൂട്ടി 1800 ആക്കി. ഒപ്പം ആളുകളെ കുത്തി നിറച്ചും അമിത വേഗത്തിലും ആയതോടെ പ്രദേശവാസികളുടെ പരാതിയും ഏറി. ഇത് പരിഹരിക്കാൻ ജീപ്പുകൾക്ക് ടേണ്‍ നടപ്പാക്കുകയാണ് വേണ്ടത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.