നെടുങ്കണ്ടം: കുഴിത്തൊളു സ്വദേശിയായ നാല് വയസ്സുകാരിയുടെ മരണം ചികിത്സാപ്പിഴവ് മൂലമാണെന്നും എന്നാൽ ഭരണസ്വാധീനം ഉപയോഗിച്ച് കേസ് തേച്ചുമാച്ചുകളയാനുള്ള നീക്കമാണ് നടക്കുന്നതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
കുട്ടിയുടെ മരണം സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് പിതാവ് വിഷ്ണു, എസ്.പിക്കും ഡി.എം.ഒക്കും കലക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. മൊഴികള്‍ രേഖപ്പെടുത്തിയെങ്കിലും ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം ഇതുവരെയും ലഭിച്ചിട്ടില്ല. പൊലീസില്‍ നിന്നും ആരോഗ്യവകുപ്പില്‍ നിന്നും കുടുംബത്തിന് നീതി ലഭിച്ചിട്ടില്ല.
കൂഴിത്തൊളു പൂതക്കുഴിയില്‍ വിഷ്ണു- അതുല്യ ദമ്പതികളുടെ മകള്‍ ആദിക കഴിഞ്ഞ ജൂണ്‍ 16നാണ് മരിച്ചത്. 12ന് പനിമൂലം കുട്ടിയെ ചേറ്റുകുഴി സഹകരണ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ആശുപത്രിയില്‍ പീഡിയാട്രീഷന്‍ ഇല്ലായിരുന്നു. മരുന്നുവാങ്ങി വീട്ടിലേക്ക് മടങ്ങിയെങ്കിലും 14ന് പനി കൂടുതലായതിനാല്‍ കുട്ടിയെ കട്ടപ്പന സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആദ്യ പരിശോധനയില്‍ മരുന്നുകള്‍ ഓവര്‍ഡോസായതാണ് രോഗം മൂർച്ഛിക്കാന്‍ കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ ചേറ്റുകുഴിയിലെ സഹകരണ ആശുപത്രിയിലാണ് ചികിത്സ തേടിയതെന്ന് അറിഞ്ഞതോടെ കുട്ടിക്ക് കുഴപ്പമില്ലെന്നും ട്രിപ്പ് ഇട്ടശേഷം വീട്ടിലേക്ക് മടങ്ങാനും പറഞ്ഞു. വീട്ടിലേക്ക് പോയെങ്കിലും ഒരുമണിക്കൂറിനകം കുട്ടിയുടെ സ്ഥിതി ഗുരുതരമാകുകയും കട്ടപ്പനയില്‍ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആരോഗ്യ സ്ഥിതി മോശമായതിനാല്‍ ഐ.സി.യുവിലേക്ക് മാറ്റിയെങ്കിലും വൈകീട്ടോടെ മരണം സംഭവിക്കുകയുമായിരുന്നു.
മരണത്തിന് ഉത്തരവാദികളായ ഡോക്ടര്‍മാര്‍ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം ആശുപത്രിക്ക് മുന്നില്‍ ജനകീയ പ്രക്ഷോഭം നടത്തുമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സി.എസ്. യശോധരന്, ഡി.സി.സി ജന. സെക്രട്ടറി ജി. മുരളീധരന്, മിനി പ്രിന്‍സ്, കെ.കെ. കുഞ്ഞുമോന്, സുനില്‍ പൂതക്കുഴിയില്‍, നടരാജപിള്ള, ആന്‍സി തോമസ്, ശ്യാമള മധുസൂധനന്, കുട്ടിയുടെ മാതാപിതാക്കള്‍ എന്നിവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.