നെടുങ്കണ്ടം: നിര്‍മാണം പൂര്‍ത്തിയാക്കി രണ്ട് ഉദ്ഘാടനങ്ങളും നടത്തി വര്‍ഷം നാല് പിന്നിട്ടിട്ടും തൂക്കുപാലത്തെ ‘വഴിയിടം’ പദ്ധതി ഇന്നും പാതിവഴിയില്‍. മുഖ്യമന്ത്രിയുടെ ‘വഴിയിടം’ എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ചതാണ് തൂക്കുപാലം മാര്‍ക്കറ്റിലെ ശൗചാലയ സമുച്ചയം.
ഏകദേശം 35 ലക്ഷം രൂപ മുടക്കി കരുണാപുരം പഞ്ചായത്തും നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി 2020ൽ നിര്‍മിച്ചതാണിത്. തൂക്കുപാലം പൊതുമാര്‍ക്കറ്റില്‍ എത്തുന്നവര്‍ക്കും കച്ചവടം ചെയ്യാന്‍ വരുന്നവര്‍ക്കും രാമക്കല്മേടെത്തുന്ന വിനോദസഞ്ചാരികള്‍ക്കും പരിസരത്തെ വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും അവിടെ എത്തുന്നവര്‍ക്കും ഓട്ടോ ടാക്സി തൊഴിലാളികള്‍ക്കും തൂക്കുപാലം ടൗണില്‍ എത്തുന്നവര്‍ക്കും ഉപകാരപ്രദമാകുന്ന രീതിയിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. നിരന്തരം വ്യാപാരികളും വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കളും ആവശ്യപ്പെട്ടിട്ടും ‘ശുചിത്വ കേരളം സുന്ദര കേരളം’ എന്ന സ്വപ്നം യാഥാർഥ്യമാകുന്നില്ല. ഇത് തുറന്നുകൊടുത്തിരുന്നെങ്കില്‍ രാമക്കല്‍മേട് വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് പോകുന്നവര്‍ക്കും ഏറെ പ്രയോജനമായിരുന്നു. 2020 ഒക്ടോബറില്‍ ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്ത ശൗചാലയ സമുച്ചയം ചില മിനുക്കുപണികള്‍ നടത്തി ‘ടേക്ക് എ ബ്രേക്ക്’ പദ്ധതിയുടെ ഭാഗമാക്കി മുഖ്യമന്ത്രി ഓണ്‍ലൈനിലൂടെ വീണ്ടും ഉദ്ഘാടനം ചെയ്തു.
നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിന്റെ 2019-’20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 35 ലക്ഷം രൂപ ചെലവില്‍ തൂക്കുപാലം മാര്‍ക്കറ്റിനുള്ളിലെ ശൗചാലയ സമുച്ചയം നിര്‍മിച്ചത്.
തൂക്കുപാലം മാര്‍ക്കറ്റ് ആധുനികവത്ക്കരിക്കുന്നതിന്റെ ഭാഗമായാണ് നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് ശൗചാലയ സമുച്ചയം പണിതത്. വിനോദസഞ്ചാരികള്‍ ഏറെയെത്തുന്ന രാമക്കൽമേട്ടിലേക്കുള്ള പാതയിലെ പ്രധാന ടൗണാണ് തൂക്കുപാലം. പദ്ധതി പ്രകാരം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്‍പ്പെടെ ഏത് സമയത്തും വൃത്തിയായും സുരക്ഷിതമായും ഉപയോഗിക്കത്തക്ക രീതിയില്‍ ആധുനിക സംവിധാനങ്ങളോടുകൂടിയ ശൗചാലയങ്ങളും കോഫി ഷോപ്പും നിര്‍മിക്കാനായിരുന്നു പദ്ധതി. എന്നാല്‍ മാര്‍ക്കറ്റിനുള്ളിലെ ബ്ലോക്ക് പഞ്ചായത്ത് നിര്‍മിച്ച ശൗചാലയത്തില്‍ അല്ലറ ചില്ലറ ജോലികള്‍ ചെയ്ത് ‘വഴിയിടം’ എന്ന ബോര്‍ഡ് സ്ഥാപിക്കുകയാണ് ചെയ്തത്. പദ്ധതി മൂന്ന് വശങ്ങളും കെട്ടിടങ്ങളാല്‍ ചുറ്റപ്പെട്ട മാര്ക്കറ്റിനുള്ളിലായതിനാല് സഞ്ചാരികള്‍ക്ക് ഇങ്ങനെയൊരു സംവിധാനം തൂക്കുപാലത്ത് ഉണ്ടെന്ന് കാണാനോ തിരിച്ചറിയാന്‍ പോലുമോ കഴിയില്ല. പദ്ധതി രേഖ പ്രകാരം വഴിയിടത്തിന്റെ നടത്തിപ്പിനായി കുടുംബശ്രീ പ്രവര്‍ത്തകരെ കണ്ടെത്താനും കരുണാപുരം പഞ്ചായത്തിനായിട്ടില്ല.
ഡെങ്കിപ്പനി, മലേറിയ, മഞ്ഞപ്പിത്തം തുടങ്ങി വിവിധ രോഗങ്ങള്‍ സ്ഥിരീകരിച്ചിരിക്കുന്ന കരുണാപുരം പഞ്ചായത്തിലാണ് പൊതുജനങ്ങള്‍ക്ക് ‘ശങ്ക’ തീര്‍ക്കാന്‍ വഴിയില്ലാത്തത്. വഴിയോരങ്ങളിലും ഇട വഴികളിലും മലമൂത്ര വിസര്‍ജനം ചെയ്യേണ്ട അവസ്ഥയാണ് നിലനില്‍ക്കുന്നത്. എന്നാല്‍ ഇത് തുറന്നുകൊടുക്കാത്തതിന്റെ കാരണമെന്തെന്ന് മാത്രം ആര്‍ക്കും വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.