നെടുങ്കണ്ടം: ഏലം കൃഷിക്ക് നല്കിയ കുത്തകപാട്ട ഭൂമിയുടെ കാലാവധി 20 വര്‍ഷങ്ങള്‍ക്ക് ശേഷം പുതുക്കിനല്‍കാതെ കുടിയിറക്ക് നോട്ടീസ് നല്‍കിയതായി പരാതി. പാമ്പാടുംപാറ കോട്ടപ്പുറത്ത് ചാക്കോ ചാണ്ടിക്കാണ് കുത്തകപാട്ട ഭൂമിയില്‍ നിന്ന് ഇറങ്ങണമെന്ന് കാണിച്ച് നോട്ടീസ് നല്‍കിയിരിക്കുന്നത്. പാട്ടവ്യവസ്ഥകള്‍ ലംഘിച്ച് വീടും കടമുറികളും നിര്മ്മിച്ചുവെന്നാരോപിച്ചാണ് റവന്യൂ വകുപ്പിന്റെ നോട്ടീസ്.
ഏലം കുത്തകപാട്ട ഭൂമിയുടെ കാലാവധി പുതുക്കി നല്കാന് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതിനെതിരെ ജില്ല കലക്ടര്‍ക്ക് പരാതി നല്‍കിയതിന്റെ പ്രതികാരമായാണ് നോട്ടീസെന്ന് കർഷകൻ ആരോപിച്ചു. ചാക്കോ ചാണ്ടി 1997 ലാണ് പാമ്പാടുംപാറ ടൗണിനോട് ചേര്‍ന്ന് 98 സെന്റ് സ്ഥലം വാങ്ങിയത്. പിറ്റേ വര്‍ഷം വീടും മൂന്ന് ഷട്ടര്മുറികളോടും കൂടി കെട്ടിടം നിർമ്മിച്ചു. 2001 ല്‍ 20 വര്ഷത്തേക് റവന്യൂ അധികൃതര്‍ ഏലം കൃഷിക്ക് കുത്തകപാട്ടം എഴുതി നല്കി. എന്നാല്‍ 20 വര്‍ഷങ്ങള്‍ക്ക് ശേഷം 2021ല്‍ പാട്ട കാലാവധി അവസാനിച്ചപ്പോള്‍ പുതുക്കി നല്കാന് അപേക്ഷ നല്‍കിയെങ്കിലും കാര്‍ഡമം സെറ്റില്‍മെന്റ് ഓഫിസിലെ ജീവനക്കാര്‍ ലക്ഷം ‘പടി’ ആവശ്യപ്പെടുകയും നല്‍കാഞ്ഞതിനെ തുടര്‍ന്ന് പുതുക്കി നല്‍കിയില്ലെന്നുമാണ് ചാക്കോ ചാണ്ടി പറയുന്നത്.
ഏലം കുത്തകപാട്ട ഭൂമിയില്‍ ടൗണിനോട് ചേര്‍ന്ന് നിരവധി ആളുകള്‍ കെട്ടിടവും കടമുറികളും നിര്‍മ്മിച്ചിട്ടുണ്ട്. ഉടുമ്പന്‍ചോലയിലെ ഭൂരിഭാഗം കര്‍ഷകരും ഏലം കുത്തകപാട്ട ഭൂമിയിലാണ് കൃഷിചെയ്തു വരുന്നത്. പാട്ട കാലാവധി അവസാനിക്കുമ്പോള്‍ കാര്‍ഡമം സെറ്റില്‍മെന്റ് ഓഫീസില്‍ നിന്നും പുതുക്കി നല്‍കുകയാണ് പതിവ്. എന്നാല്‍ തനിക്ക് മാത്രം പുതുക്കി നല്‍കുന്നില്ലെന്നും നിരവധി നൂലാമാലകള്‍ പറഞ്ഞ് രജിസ്ട്രേഷന് പുതുക്കാതെ മടക്കി അയക്കുകയാണെന്നും ചാണ്ടി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.