നെടുങ്കണ്ടം: പഞ്ചായത്തില്‍ പദ്ധതികള്‍ പലതുണ്ടെങ്കിലും മാമ്മൂട് നിവാസികളുടെ ദാഹമകലുന്നില്ല. ആകെയുള്ള പൊതുകിണര്‍ വറ്റിയതോടെ കുടിവെള്ളം മുട്ടി. മാത്രവുമല്ല ഈ കിണറിന്റെ ചുറ്റുമതിലാവട്ടെ വിണ്ട് പൊട്ടിയും കല്ലുകള്‍ ഇളകിയും ഏതുനിമിഷവും ഇടിഞ്ഞു വീഴാവുന്ന അവസ്ഥയായിട്ട് അഞ്ചു വര്‍ഷത്തിലധികമായി.
മാറി മാറി വന്ന പഞ്ചായത്ത് അംഗങ്ങള്‍ ഇങ്ങോട്ടേക്ക് തിരിഞ്ഞു നോക്കുന്നില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. നെടുങ്കണ്ടം ടൗണിനോട് ചേർന്ന ബസ് സ്റ്റാൻഡ്, ചെമ്പകക്കുഴി, മാമ്മൂട് മേഖലകളിലെ എക ജല സ്രോതസ്സ് മാമ്മൂട് പ്രദേശത്തെ ഈ പൊതുകിണര്‍ ആണ്.
ഇവിടെനിന്ന് വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന അഞ്ച് ജല സംഭരണികളിലേക്ക് വെള്ളമെത്തിച്ച് അവിടെനിന്ന് വിതരണ പൈപ്പുവഴിയാണ് വീടുകളില്‍ വെള്ളം എത്തിച്ചിരുന്നത്. കിണര്‍ വറ്റിത്തുടങ്ങിയതോടെ അതും ഇല്ലാതായി. കിണറ്റില്‍നിന്ന് ഊറി വരുന്ന വെള്ളം വീട്ടമ്മമാര്‍ രാവും പകലും കാവല്‍നിന്ന് കോരി എടുക്കുകയായിരുന്നു.
ജലനിധിയും പഞ്ചായത്തും കൈവിട്ട മാമ്മൂട, ചെമ്പകക്കുഴി നിവാസികള്‍ കുടിവെള്ളത്തിനായി നെട്ടോട്ടത്തിലാണ്. ഏഴ് വര്‍ഷം മുമ്പ് ജലനിധി പ്രവര്‍ത്തകര്‍ മാമ്മുട് ഭാഗത്ത് സ്ഥാനം കാണുകയും സർവേ നടത്തുകയും ചെയ്തെങ്കിലും സ്ഥലത്ത് വെള്ളം കിട്ടുമെന്നും ഇല്ലെന്നും ജലനിധി ഉദ്യോഗസ്ഥര്‍ തന്നെ ഭിന്നാഭിപ്രായം പ്രകടിപ്പിച്ചതിനാല്‍ ജനങ്ങള്‍ പദ്ധതിയോട് വിയോജിപ്പ് പ്രകടിപ്പിച്ചു.
ജലക്ഷാമം രൂക്ഷമായ പ്രദേശവാസികള്‍ 1000 ലിറ്റര്‍ വെള്ളത്തിന് 1000 രൂപ മുടക്കി 1000 മുതല്‍ 2000 ലിറ്റര്‍ വെള്ളംവരെ വിലക്ക് വാങ്ങുകയാണ്. എന്നാല്‍, വാഹനം എത്താത്ത മേഖലയിലെ ആളുകള്‍ ദൂരെ സ്ഥലങ്ങളില്‍നിന്ന് തലച്ചുമടായി വെള്ളമെത്തിക്കുകയാണ്. ജനങ്ങളുടെ നിരന്തര പരാതിയെ തുടര്‍ന്ന് ആഴ്ചയില്‍ രണ്ട് തവണയാണ് പഞ്ചായത്ത് വെള്ളം എത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.