നെടുങ്കണ്ടം: ജില്ലയിൽ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ (എൻ.പി.എസ്) ചേരാത്ത 26 പൊലീസുകാരുടെ ശമ്പളം മുടങ്ങി. 2015നുശേഷം സർവിസിൽ കയറിയ ഉദ്യോഗസ്ഥരുടെ ശമ്പളമാണ് തടഞ്ഞുവെച്ചിരിക്കുന്നത്.
2013നുശേഷം സർവിസിൽ കയറിയ മുഴുവൻ സർക്കാർ ഉദ്യോഗസ്ഥർക്കും എൽ.പി.എസ് ബാധകമാണ്.
എന്നാൽ, വിജ്ഞാപന കാലയളവിലുള്ള എല്ലാ ആനുകൂല്യങ്ങൾക്കും എന്ന് സർവിസിൽ കയറിയാലും ഉദ്യോഗസ്ഥർ അർഹരാണെന്നുള്ള നിയമം നിലവിലുണ്ട്. ഇതുപ്രകാരം 2011ൽ പി.എസ്.സി പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം സർവിസിൽ കയറിയവരെ പഴയ പെൻഷൻ പദ്ധതിയിൽ (സ്റ്റാറ്റ്യൂട്ടറി പെൻഷൻ സ്കീം) ചേർക്കാം.
ഇതുപ്രകാരം സമാനരീതിയിൽ ജോലിയിൽ പ്രവേശിച്ച കേന്ദ്ര സിവിൽ സർവിസ് ഉദ്യോഗസ്ഥരും ബി.എസ്.എഫ് ഉദ്യോഗസ്ഥരും പഴയ പെൻഷൻ പദ്ധതിയിലേക്ക് മാറിയിട്ടുണ്ട്. ഇതേ ആനുകൂല്യം ഉപയോഗപ്പെടുത്തി 2011ലെ വിജ്ഞാപനപ്രകാരം സർവിസിൽ കയറിയവർക്ക് പഴയ പെൻഷൻ പദ്ധതിയിലേക്ക് മാറാമെന്നിരിക്കേയാണ് ശമ്പളംപോലും തടഞ്ഞുവെച്ചിരിക്കുന്നത്.
ജോലിസമ്മർദം ഏറെ നേരിടുന്ന ഇവക്ക് സമയത്ത് ശമ്പളംപോലും കൊടുക്കാത്തത് സേനക്കുള്ളിൽ അമർഷത്തിന് കാരണമാകുന്നുണ്ട്. പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ കയറാത്തതിനാൽ പൊലീസുകാരന്റെ ശമ്പള സർട്ടിഫിക്കറ്റും തടഞ്ഞുവെച്ചിട്ടുണ്ട്. പൊലീസ് സൊസൈറ്റിയിൽനിന്ന് വായ്പയെടുക്കുന്നതിന്റെ ആവശ്യത്തിനായി അപേക്ഷ നൽകിയെങ്കിലും എൻ.പി.എസിൽ ചേർന്നശേഷം ശമ്പള സർട്ടിഫിക്കറ്റിനുള്ള അപേക്ഷ നൽകിയാൽ മതിയെന്ന് ജില്ല പൊലീസ് മേധാവിയുടെ ഓഫിസിൽനിന്ന് ജൂനിയർ സൂപ്രണ്ട് നൽകിയ മറുപടിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.