നെടുങ്കണ്ടം: അന്തര്‍ സംസ്ഥാന സർവിസുകളുടെ ഹബ്ബായി നെടുങ്കണ്ടത്തെ മാറ്റുമെന്ന പ്രഖ്യാപനം നടത്തി നാല് വര്‍ഷമായിട്ടും നടപടിയില്ല. മാത്രമല്ല നെടുങ്കണ്ടത്തെ പല സർവിസുകളും നിര്‍ത്തുകയും ചെയ്തു.
എറണാകുളം, കോട്ടയം ജില്ലകളില്‍ നിന്നായി കെ.എസ്.ആര്.ടി.സി പുതുതായി ആരംഭിക്കുന്ന അന്തര്‍സംസ്ഥാന സര്‍വിസുകളില്‍ നെടുങ്കണ്ടത്തു നിന്ന് ഒരു ബസ് പോലുമില്ല. ഹബ്ബാക്കി മാറ്റുമെന്ന് മാത്രമല്ല എറണാകുളം, ആലുവ തുടങ്ങിയ മേഖലകളില്‍ നിന്ന് തമിഴ്നാട്ടിലെ തേനി, കമ്പം, മധുര പട്ടണങ്ങളിലേക്ക് നെടുങ്കണ്ടം കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ നിന്ന് സർവിസുകള്‍ ആരംഭിക്കുമെന്നും നാല് വര്‍ഷം മുമ്പ് പ്രഖ്യാപിച്ചിരുന്നു.
കോട്ടയം, എറണാകുളം എന്നിവിടങ്ങളില്‍ നിന്ന് ഇടുക്കിവഴി 15 സര്‍വിസുകളാണ് കെ.എസ്.ആര്.ടി.സി ആരംഭിക്കുന്നത്. കോട്ടയം- കുമളി- കമ്പം - 6, എറണാകുളം- കട്ടപ്പന- കമ്പംമെട്ട് -തേനി- രണ്ട്, എറണാകുളം- കട്ടപ്പന- കമ്പം- 4, എറണാകുളം -മൂന്നാര്‍ -തേനി- 2,എറണാകുളം -മറയൂര്‍ -ഉദുമല്‍പേട്ട- ഒന്ന് എന്നിങ്ങനെയാണ് പുതിയ സര്‍വിസുകള്‍.
എന്നാല്‍ തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന നെടുങ്കണ്ടം വഴി ബസുകള്‍ അനുവദിച്ചിട്ടില്ല. കമ്പം, തേനി, മധുര തുടങ്ങിയ സ്ഥലങ്ങളിലേക്ക് ദിനം പ്രതി നിരവധിയാളുകളാണ് സഞ്ചരിക്കുന്നത്. തമിഴ്നാട് ആര്.ടി.സി സര്‍വിസുകള്‍ ലാഭകരമായി ഓടുന്ന ഈ റൂട്ടില്‍ കെ.എസ്.ആര്.ടി സര്‍വിസ് തുടങ്ങണമെന്ന് ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
2018ല്‍ അന്തര്‍ സംസ്ഥാന സർവിസിന് തമിഴ്നാടുമായി കരാറിലെത്തിയെങ്കിലും കോട്ടയം- പഴനി സര്‍വീസ് മാത്രമാണ് ആരംഭിച്ചത്. പുതിയ ബസുകള്‍ അനുവദിക്കുമ്പോഴെങ്കിലും നെടുങ്കണ്ടത്ത് നിന്നും സര്‍വീസ് തുടങ്ങുമെന്ന പ്രതീക്ഷയും ഇതോടെ ആസ്ഥാനത്തായിരിക്കുകയാണ്.
ഇവിടെ നിന്ന് മികച്ച ലാഭത്തില്‍ ഓടിയിരുന്ന സർവിസുകളും ഉള്‍നാടന്‍ ഗ്രാമീണ മേഖലകളിലൂടെ കടന്ന് പോയസർവിസുകളും അവസാനിപ്പിക്കുകയാണുണ്ടായത്. മാത്രമല്ല ഡിപ്പോയുടെ പ്രാരംഭ ഘട്ടത്തിലെ സാഹചര്യത്തില്‍ നിന്ന് കൂടുതല്‍ ദയനീയമായ അവസ്ഥയിലാണ് ഇപ്പോള്‍ പ്രവര്‍ത്തനം. ബസുകള്‍ ഇപ്പോഴും വഴിയരികിലാണ് പാര്‍ക്ക് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.