മൂന്നാർ: അശാസ്ത്രീയ നിർമാണംമൂലം അപകടക്കെണിയായി മൂന്നാർ ടൗണിലെ ഇടറോഡുകൾ. ടൗണിൽ ഏറ്റവും തിരക്കനുഭവപ്പെടുന്ന നടയാർ റോഡിലാണ് സുരക്ഷാവേലി ഇല്ലാത്തതിനാൽ അപകടാവസ്ഥയുള്ളത്.
പഞ്ചായത്ത് ഓഫിസ്, വനം വകുപ്പ് ഓഫിസുകൾ, ബാങ്കുകൾ, പൊതുമരാമത്ത് അതിഥിമന്ദിരം എന്നിവയുൾപ്പെടെ നിരവധി സ്ഥാപനങ്ങൾ ഈ ഭാഗത്ത് പ്രവർത്തിക്കുന്നതിനാൽ ഏറെ തിരക്കുള്ള റോഡാണിത്. മെയിൻ റോഡിൽനിന്ന് നടയാർ റോഡ് ആരംഭിക്കുന്ന ഭാഗത്ത് 25 മീ. ദൂരത്തിൽ നടയാർ തോടിന് അതിർത്തി പങ്കിടുന്ന ഭാഗത്താണ് കൈവരികളില്ലാത്തത്. റോഡിൽനിന്ന് 15 അടിയോളം താഴ്ചയിലാണ് ഇവിടെ തോട് ഒഴുകുന്നത്. തിരക്കിൽ വാഹനങ്ങൾക്കും കാൽനടക്കാർക്കും ഏറെ അപകട സാധ്യതയുള്ളതാണിവിടം.
മാട്ടുപ്പെട്ടി റോഡിൽ നിന്നാരംഭിക്കുന്ന അമ്പലം റോഡിലും സമാന സ്ഥിതിയാണ്. ഇവിടെ തോടിന് കുറുകെ പുതുതായി നിർമിച്ച പാലത്തിന്റെ രണ്ട് വശത്തും അപ്രോച്ച് റോഡ് ഭാഗത്ത് സുരക്ഷാവേലി പണിയാത്തതാണ് അപകടാവസ്ഥക്ക് കാരണം. പെരിയവര റോഡിലെ ടാക്സി സ്റ്റാൻഡിലും പുഴയോരത്തുകൂടി കടന്നുപോകുന്ന റോഡിന് സുരക്ഷയില്ല. രണ്ടുവർഷം മുമ്പ് തകർന്ന ഇവിടത്തെ സുരക്ഷാവേലി പുനർ നിർമിക്കാത്തതാണ് അപകടക്കെണിയായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.