തൊടുപുഴ: ജൂൺ ഒന്നിന് സംസ്ഥാനത്ത് ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാനിരിക്കെ ഇടുക്കിയിൽ ഓഫ് ലൈനിലുള്ളത് നൂറുകണക്കിന് വിദ്യാർഥികൾ. ജില്ലയിൽ 2065 വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിന് സൗകര്യമില്ലെന്നാണ് സമഗ്രശിക്ഷ കേരളം നടത്തിയ പ്രാഥമിക കണക്കെടുപ്പിലെ വിവരം. മൊബൈൽ ഫോൺ, ലാപ്ടോപ്, ടെലിവിഷൻ തുടങ്ങിയ സൗകര്യങ്ങൾ ഇല്ലാത്ത കുട്ടികളെ തേടി സ്കൂളുകൾ കേന്ദ്രീകരിച്ച് നടത്തിയ കണക്കെടുപ്പിലാണ് ഇത്രയധികം കുട്ടികൾ ഓൺലൈൻ ക്ലാസുമായി ബന്ധപ്പെട്ട അനുബന്ധ സൗകര്യമില്ലാതെ ബുദ്ധിമുട്ടുന്നതായി കണ്ടെത്തിയത്. എന്നാൽ, ഇതിലും കൂടുതൽ കുട്ടികൾക്ക് പ്രയോജനം ലഭിക്കാതെവരുന്നുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. പുതുതായി പ്രവേശനം നേടിയ കുട്ടികളും ഇതിൽ വരും. ഇവർക്ക് പഠനസൗകര്യം ഒരുക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് അധികൃതർ പറയുേമ്പാഴും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നെറ്റ്വർക്കിെൻറ അഭാവം കടുത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ഭൂരിഭാഗം ആദിവാസിക്കുടികളും തോട്ടം മേഖലയിലെ വിവിധ പ്രദേശങ്ങളും പരിധിക്ക് പുറത്താണ്.
മൂന്നാർ, പീരുമേട് എന്നിവിടങ്ങളിലാണ് കൂടുതൽ പ്രതിസന്ധി. കുട്ടികളിൽ പലരും റേഞ്ച് തേടി അലഞ്ഞുനടക്കുന്ന സാഹചര്യമാണ്. അതിര്‍ത്തി മേഖലകളിലുള്ള ഗ്രാമങ്ങളിലെ കുട്ടികൾക്കും ഓണ്‍ലൈന്‍ ക്ലാസുകൾ ലഭിക്കാത്ത സാഹചര്യമാണ്. ഇവരുടെ കൈയില്‍ ആൻഡ്രോയ്ഡ് ഫോണുകളും ലാപ്ടോപ്പും ടാബും ഒന്നുമില്ല. പല കുടികളിലും ടി.വിയുണ്ടെങ്കിലും ഡിഷുകളിൽ വിക്ടേഴ്സ് ചാനൽ കിട്ടാത്ത സാഹചര്യവുമുണ്ട്. ദേവികുളം താലൂക്കിൽ മാത്രം 490 കുട്ടികൾക്ക് പഠനസൗകര്യമില്ല. വട്ടവട, മറയൂർ എന്നിവിടങ്ങളിലെ കുട്ടികൾ 80 ശതമാനവും പരിധിക്ക് പുറത്താണ്. കഴിഞ്ഞ അധ്യയനവർഷം വിദൂര കുടികളിൽ കഴിയുന്ന വിരലിലെണ്ണാവുന്ന കുട്ടികൾ മാത്രമാണ് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുത്തത്. പെട്ടിമുടി ദുരന്തത്തിനുശേഷം ഇടമലക്കുടിയടക്കമുള്ള പ്രദേശങ്ങളിലെ കുട്ടികൾക്ക് ക്ലാസുകളിൽ പങ്കെടുക്കാൻ കഴിഞ്ഞിട്ടില്ല. മൂന്നാറിൽനിന്ന് ക്ലാസുകൾ പെൻഡ്രൈവിലാക്കി വനം വകുപ്പിെൻറയും മറ്റും സഹായത്തോടെ കുടികളിലെത്തിച്ച് കൈമാറുകയായിരുന്നു ചെയ്തിരുന്നത്.
ആദിവാസി മേഖലകളിൽ കുടികൾ കേന്ദ്രീകരിച്ച് കഴിഞ്ഞ അധ്യയനവർഷത്തിെൻറ ആരംഭത്തിൽ സെൻററുകൾ ഒരുക്കിയിരുന്നെങ്കിലും കുട്ടികൾ കൊഴിഞ്ഞുപോയി. നെറ്റ്വർക്ക് കണക്ഷനുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാൻ മൊബൈൽ സേവനദാതാക്കളുമായി ചർച്ച പുരോഗമിക്കുകയാണെന്ന് ഇടുക്കി കലക്ടർ എച്ച്. ദിനേശൻ 'മാധ്യമ'ത്തോട് പറഞ്ഞു. ചിലയിടങ്ങളിൽ ടവറുകൾ സ്ഥാപിക്കാൻ നടപടിയായതായും കലക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.