തൊടുപുഴ: ''ഇനീം സ്കൂളിൽ പോയി പഠിക്കാനും കൂട്ടുകാരേം ടീച്ചർമാരേം കാണാനും പറ്റൂല്ലേ...'' മൂന്നാം ക്ലാസുകാരെൻറ ചോദ്യത്തിന് മുന്നിൽ മാതാപിതാക്കൾക്ക് മറുപടിയില്ല. കുട്ടികൾ വീടിെൻറ നാലുചുവരിൽ മാത്രമായി ഒതുങ്ങിക്കഴിയാൻ തുടങ്ങിയിട്ട് ഒന്നരവർഷമാകാറായി.
ഇനിയും എന്ന് സ്കൂളിൽ പോകാൻ കഴിയുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഇതിനിടെ കോവിഡ് വ്യാപനം രൂക്ഷമാകുകയും ലോക്ഡൗൺകൂടി എത്തുകയും ചെയ്ത സാഹചര്യത്തിൽ അധ്യയനവർഷം ആരംഭിക്കുന്ന കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. ഇത്തവണയെങ്കിലും സ്കൂളുകൾ തുറക്കാൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നെങ്കിലും വർധിച്ചുവരുന്ന കോവിഡ് കേസുകൾ അതില്ലാതാക്കുകയാണ്. ഏറെ പ്രതിസന്ധി നിറഞ്ഞതായിരുന്നു ജില്ലയിൽ കഴിഞ്ഞ അധ്യയന വർഷം.
ജില്ലയിലെ ആദിവാസി മേഖലയിലെ കുട്ടികളുടെ ഓൺലൈൻ പഠനമടക്കം പലതവണ നിലച്ചു. വൈദ്യുതിയും മൊബൈൽ ഫോണുകളും ഇല്ലാത്ത വീടുകളാണ് ഇവിടങ്ങളിൽ അധികവും. പലയിടങ്ങളിലും വിവിധ വകുപ്പുകളുടെയും സന്നദ്ധസംഘടനകളുടെയും സഹായത്തോടെ ഇവ എത്തിച്ചുനൽകിയെങ്കിലും നെറ്റ്വർക്ക് കവറേജില്ലാത്തതും പഠനം പ്രതിസന്ധിയിലാക്കി. ഓണ്‍ലൈന്‍ ക്ലാസുകളുടെ സേവനം തീരെ ലഭിക്കാത്ത ഒരുപറ്റം വിദ്യാർഥികളും ജില്ലയിലെ അതിര്‍ത്തി മേഖലകളിലുള്ള ആദിവാസി ഗ്രാമങ്ങളിലുണ്ട്. ഇവരുടെ കൈകളില്‍ ആൻഡ്രോയ്ഡ് ഫോണുകളും ലാപ്ടോപ്പും ടാബും ഒന്നുമില്ല. ഇതൊക്കെ ഉണ്ടായിരുന്നാലും നെറ്റ്വര്‍ക്ക് കവറേജ് ലഭ്യമല്ല.
ജില്ലയുടെ വിവിധ മേഖലകളിൽ നെറ്റ്വർക്ക് സൗകര്യമൊരുക്കുന്നതുമായി ബന്ധപ്പെട്ട് കലക്ടറുെട അധ്യക്ഷതയിൽ ജനപ്രതിനിധികളടക്കമുള്ളവരുടെ യോഗം പലതവണ ചേർന്നെങ്കിലും പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ വേണ്ട നടപടി സ്വീകരിക്കണമെന്നതാണ് ഇവരുടെ ആവശ്യം. ഈ അധ്യയന വര്‍ഷത്തിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയാലും ആദിവാസിക്കുടികളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ബദല്‍ സംവിധാനമൊരുക്കിയില്ലെങ്കില്‍ ഇവരുെട വിദ്യാഭ്യാസം പ്രതിസന്ധിയിലാകും. മാത്രമല്ല, വീടുകളിൽ മാത്രം കുട്ടികൾ കഴിഞ്ഞുകൂടുന്നത് ഒട്ടേറെ മാസസിക ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നുണ്ട്. കുട്ടികളുടെ പെരുമാറ്റത്തിലും ജീവിതശീലങ്ങളിലും മാറ്റം സംഭവിച്ചതായും അധ്യാപകരും ആരോഗ്യ വിദഗ്ധരും വിലയിരുത്തുന്നു.
കുട്ടികളിൽ മാനസിക സമ്മർദവും അമിത ഉത്കണ്ഠയും
ആരോഗ്യവകുപ്പിന് കീഴിലെ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി േകാവിഡ് പശ്ചാത്തലത്തിൽ ആരംഭിച്ച 'ഒറ്റക്കല്ല ഒപ്പമുണ്ട്' പദ്ധതി പ്രകാരം ഇടുക്കി ജില്ലയിലെ 48,819 കുട്ടികളുമായി ഇതുവരെ സ്കൂൾ കൗൺസിലർമാർ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇതിൽ 6021കുട്ടികൾക്ക് കൗൺസലിങ് നൽകി.
ഇതിൽ 333 കുട്ടികൾ മാനസിക സമ്മർദവും 248 പേർ അമിതമായ ഉത്കണ്ഠയും 158 പേർ പെരുമാറ്റപ്രശ്നങ്ങളും 4968 പേർ മറ്റ് വിവിധതരം പ്രശ്നങ്ങളും അനുഭവിക്കുന്നതായി പഠനത്തിൽ കണ്ടെത്തി. അഞ്ചുപേരിൽ ആത്മഹത്യ പ്രവണതയും ശ്രദ്ധയിൽപെട്ടു.
ജില്ലക്ക് പരിമിതികളേറെ
കേരളത്തിലെ കോവിഡ്കാല വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമായിരുന്നെങ്കിലും ഇടുക്കി ജില്ലയെ സംബന്ധിച്ചിടത്തോളം പരിമിതികൾ നേരിടുന്നുണ്ട്. പ്രത്യേകിച്ച് ആദിവാസി മേഖലയിൽനിന്നുള്ള കുട്ടികൾ പൂർണമായും വിദ്യാഭ്യാസ മേഖലയിൽനിന്ന് അകന്നുപോയ്ക്കൊണ്ടിരിക്കുകയാണ്. ട്രൈബൽ ഹോസ്റ്റലുകൾ അവസരത്തിനൊത്ത് പ്രവർത്തിക്കാത്തതിനാൽ കുട്ടികൾ പൂർണമായും കുടികളിലേക്ക് മടങ്ങി. ഉദ്യോഗസ്ഥർക്കും ഇതുസംബന്ധിച്ച് കൃത്യമായ കാഴ്ചപ്പാടും ദീർഘവീക്ഷണവും ഇല്ലായിരുന്നു. പി.ടി.എയുടെ ഇടപെടൽ സജീവമായിരുന്നിടത്തൊക്കെ പ്രാദേശിക പഠനകേന്ദ്രങ്ങൾ ഫലപ്രദമായി. വിരലിലെണ്ണാവുന്ന വിദ്യാലയങ്ങൾ മാത്രമാണ് ഇത്തരത്തിൽ ഇടപെടൽ നടത്തിയത്. സംസ്ഥാനതലത്തിൽ നടത്തുന്ന ഓൺലൈൻ ക്ലാസുകൾ വികേന്ദ്രീകരിച്ച് ജില്ലതലത്തിൽ നടപ്പാക്കുന്നത് നന്നായിരിക്കും. ജില്ലയിലെ വിദ്യാഭ്യാസ ഗവേഷണ സ്ഥാപനമായ ഡയറ്റ് നേതൃത്വം നൽകണം. കൂടാതെ ഒരു പഞ്ചായത്തിലെ വിദ്യാലയങ്ങളെ ഒരു യൂനിറ്റായി കണ്ട് പ്രവർത്തനങ്ങൾ നടത്തണം. പ്രാദേശിക പഠനകേന്ദ്രങ്ങൾ പഞ്ചായത്ത്തലത്തിൽ നടപ്പാക്കണം. ആദിവാസി മേഖലയിൽ പ്രത്യേക വിദ്യാഭ്യാസ പാക്കേജ് നടപ്പാക്കണം. ആ മേഖലയിൽ താൽപര്യമുള്ള അധ്യാപകരുടെയും പ്രവർത്തകരുടെയും കൂട്ടായ്മക്ക് ഇതിൽ ഇടപെടാൻ കഴിയും. ആദിവാസി ഹോസ്റ്റലുകൾ സജീവമാക്കുന്നതിനും കുട്ടികളെ തിരിച്ചുകൊണ്ടുവരുന്നതിനും പദ്ധതിയുണ്ടാക്കണം.
വി.വി. ഷാജി
(റിട്ട. അധ്യാപകൻ -ജി.ടി.എച്ച്.എസ്.എസ്, യുനിസെഫ്,
പഠനോദ്യാനം മുൻ കോഓഡിനേറ്റർ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.