ഇടുക്കി: സ്വകാര്യ ഭൂമിയിൽ മരംവെച്ച് പിടിപ്പിക്കാനുള്ള വനം വകുപ്പിന്റെ പ്രോത്സാഹന പദ്ധതിക്കെതിരെ കർഷക സംഘടനകൾ. വകുപ്പിലെ സാമൂഹിക വനവത്കരണ വിഭാഗം നടപ്പാക്കുന്ന പദ്ധതി പ്രകാരം മരം വെച്ചുപിടിപ്പിച്ചാൽ കർഷകർക്ക് പ്രോത്സാഹന തുക കിട്ടും. ഭാവിയിൽ ഈ മരങ്ങൾ വെട്ടിവിൽക്കാമെന്ന് വെച്ചാൽ പക്ഷേ, അനുമതിയില്ല. പദ്ധതികൊണ്ട് കർഷകന് ഒരു ഗുണവുമില്ലെന്നും ഭാവിയിൽ ദോഷമുണ്ടാകാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു അതിജീവന പോരാട്ടവേദി.
പദ്ധതി പ്രകാരം ചന്ദനം, മഹാഗണി, തേക്ക്, ആഞ്ഞിലി, പ്ലാവ്, റോസ്വുഡ്, കമ്പകം, കുമ്പിൾ എന്നീ വൃക്ഷത്തൈകൾ പട്ടയ ഭൂമിയിൽ കർഷകർക്ക് വെച്ചുപിടിപ്പിക്കാം. കർഷകരും സോഷ്യൽ ഫോറസ്ട്രിയുമായി ഒരു ഉടമ്പടിയും വെക്കും. അതിന്റെ വിശദാംശങ്ങൾ നിലവിൽ വ്യക്തമല്ല.
ആഗസ്റ്റ് 20നാണ് അപേക്ഷ നൽകേണ്ട അവസാന തീയതി. 50 മുതൽ 200വരെ തൈകൾ 50 രൂപ നിരക്കിലും 51-400വരെ തൈകൾ 40 രൂപക്കും 41 മുതൽ 625 തൈകൾ വരെ 30 രൂപക്കും സോഷ്യൽ ഫോറസ്ട്രി നൽകും. 200 തൈകൾ വെച്ചുപിടിപ്പിച്ചാൽ 10,000 രൂപയും 625വരെ വെച്ച് പിടിപ്പിച്ചാൽ 16,000 രൂപയും പ്രോത്സാഹന തുക കിട്ടും.
എന്നാൽ, പദ്ധതിയിൽ കർഷകനുള്ള ഗുണം ഇതുകൊണ്ട് തീരുമെന്നാണ് കർഷക സംഘടനകൾ പറയുന്നത്. ജില്ലയിൽ 1960ന് ശേഷം നൽകിയിരിക്കുന്ന പട്ടയ വ്യവസ്ഥകൾ പ്രകാരം തേക്ക്, ഈട്ടി തുടങ്ങിയ മരങ്ങൾ വെട്ടുന്നതിന് അനുമതിയില്ല. 1993ലെ ചട്ടവ്യവസ്ഥകൾ പ്രകാരം പട്ടയഭൂമിയിലെ ഒരു മരവും വെട്ടാൻ പാടില്ല.
കർഷകൻ വെച്ചുപിടിപ്പിക്കുന്ന മരം ‘ശവമടക്കിന്’ പോലും വെട്ടാൻ കഴിയാത്ത അവസ്ഥയുണ്ട്. മരങ്ങൾ അപകടാവസ്ഥയിൽ ആകുന്ന സാഹചര്യം ഉണ്ടായാൽപോലും വെട്ടണമെങ്കിൽ നടപടിക്രമങ്ങളിലെ നൂലാമാലകൾ തടസ്സമാകും. സ്വന്തം ഭൂമിയിൽ നട്ട മരം വെട്ടിയതിന് ജയിലിലായ കർഷകരുണ്ട് ഹൈറേഞ്ചിൽ. അതിനിടെയാണ് കർഷകരെക്കൊണ്ട് വൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കുന്ന പുതിയ പദ്ധതി.
നിർധനരായ കർഷകർ തുച്ഛമായ തുക വാങ്ങി മരങ്ങൾ വെച്ചുപിടിപ്പിക്കും. വളർന്നു വലുതായി കഴിഞ്ഞാൽ അതിൽ തൊടാൻ പറ്റില്ല. അവരുടെ മക്കൾക്ക് വീട് വെക്കാൻ സ്ഥലമൊരുക്കുന്നതിനായി പോലും ഈ മരങ്ങൾ വെട്ടാൻ കഴിയില്ല.
മലയോര ജനതയെ കുടിയിറക്കാൻ പലയിടത്തും വനംവകുപ്പ് ശ്രമിക്കുന്നതിനിടെ വനവത്കരണം അധികൃതരുടെ നിഗൂഡ അജണ്ടയാണെന്നും ഇതു പറഞ്ഞ് പിന്നീട് കുടിയിറക്കുന്ന സാഹചര്യംപോലും ഉണ്ടായിക്കൂടെന്നില്ലെന്നും അതിജീവന പോരാട്ടവേദി ചെയർമാൻ റസാഖ് ചൂരവേലി പറയുന്നു.
പദ്ധതിയിൽ കർഷകർക്കുള്ള ചതിക്കുഴിയുണ്ടെന്നും പോരാട്ടവേദി ചൂണ്ടിക്കാട്ടുന്നു. മരങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതിയെന്നും മറച്ചുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നുമാണ് സോഷ്യൽ ഫോറസ്ട്രി വിഭാഗം പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.