തൊടുപുഴ (ഇടുക്കി): അപ്രതീക്ഷിതമായ രാഷ്ട്രീയ നാടകങ്ങൾ അരങ്ങേറിയ തൊടുപുഴ നഗരസഭയിൽ എൽ.ഡി.എഫ് വിജയം കൈവരിക്കുന്നതിനാണ് തിങ്കളാഴ്ച സാക്ഷ്യംവഹിച്ചത്. വിമതരെ കൂടെകൂട്ടി നഗരസഭ ഭരണം ഉറപ്പിക്കാന്‍ ഇരുമുന്നണികളും ചരടുവലികള്‍ നടത്തുന്നതിനിടെ സ്വന്തം പാളയത്തില്‍നിന്ന് ഒരു അംഗം മറുകണ്ടം ചാടിയതിെൻറ ഞെട്ടലിലാണ് യു.ഡി.എഫ് നേതൃത്വം.
അതേസമയം, രാഷ്ട്രീയ തന്ത്രങ്ങള്‍ പൂര്ണതയിലെത്തിയതിെൻറ ആവേശത്തിൽ എല്‍.ഡി.എഫും. നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ കപ്പിനും ചുണ്ടിനും ഇടയില്‍ ഭരണം നഷ്ടമായതിെൻറ യാഥാര്‍ഥ്യം വിശദീകരിക്കാന്‍ കഴിയാതെ കുഴയുകയാണ് യു.ഡി.എഫ് നേതൃത്വം. ഫലപ്രഖ്യാപനം വന്ന 16 മുതല്‍ വിമതരെ കൂടെക്കൂട്ടി ഭരണം ഉറപ്പിക്കാനുള്ള നീക്കത്തിലായിരുന്നു ഇരുമുന്നണികളും. ഒടുവില്‍ യു.ഡി.എഫ് വിമതനെയും ലീഗ് സ്വതന്ത്രയെയും ഒപ്പംനിര്‍ത്തി എല്‍.ഡി.എഫ് നടത്തിയ കരുനീക്കം വിജയം കാണുകായിരുന്നു.
കോണ്‍ഗ്രസ് വിമതരുടെ പിന്തുണ ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു യു.ഡി.എഫ് അവസാനനിമിഷം വരെ. സ്വന്തം അക്കൗണ്ടിലുള്ള 13 പേരും കൂടെ നില്‍ക്കുമെന്ന കണക്കുകൂട്ടലില്‍ വിമതരെ ഒപ്പംകൂട്ടാന്‍ ചര്‍ച്ചകളുമായി ഇവര്‍ മുന്നോട്ടുപോയി. യു.ഡി.എഫ് സംസ്ഥാനതല നേതാക്കള്‍വരെ ചര്‍ച്ചകള്‍ക്ക് രംഗത്തുവന്നു. ഭരണംലഭിച്ചാല് ടേം അനുസരിച്ചുള്ള വീതം െവപ്പും ചർച്ച ചെയ്തു. ആറ് അംഗങ്ങളുള്ള മുസ്ലിംലീഗിനും അഞ്ച് അംഗങ്ങള്‍ ഉള്ള കോണ്‍ഗ്രസിനും രണ്ടുവര്‍ഷം വീതവും രണ്ട് അംഗങ്ങള്‍ ഉള്ള കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ഒരുവര്‍ഷവും ചെയര്മാന് പദവി വീതംെവച്ചായിരുന്നു ഞായറാഴ്ച വൈകിനടന്ന ചര്‍ച്ചയില്‍ ധാരണയായത്. ഇതനുസരിച്ച് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ ജോസഫ് ജോണിന് ആദ്യ ഒരുവര്‍ഷം ചെയര്മാന് പദവിനല്കാനും ധാരണയായി.
വിമത കൗണ്‍സിലര്‍മാരായ സനീഷ് ജോര്ജിെൻറയും നിസ സക്കീറിെൻറയും പിന്തുണ ഉറപ്പാക്കി ഭരണം ഉറപ്പിച്ചതായി ഡി.സി.സി പ്രസിഡൻറ് ഇബ്രാഹീംകുട്ടി കല്ലാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഞായറാഴ്ച വൈകീട്ട് അവകാശപ്പെട്ടു. എന്നാല്‍, തിങ്കളാഴ്ച രാവിലെയോടെ ചിത്രംമാറി. ഭരണം ലഭിക്കുമെന്ന് അവസാനനിമിഷം വരെ പ്രതീക്ഷിച്ച യു.ഡി.എഫിനെ ഞെട്ടിച്ച് വിമതന് സനീഷ് ജോര്‍ജിനെ ചെയര്മാന് സ്ഥാനാര്‍ഥിയും ലീഗ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചു വിജയിച്ച ജെസി ജോണിയെ വൈസ് ചെയര്പേഴ്സൻ സ്ഥാനാര്‍ഥിയും ആക്കി എല്‍.ഡി.എഫ് നടത്തിയ നീക്കമാണ് വിജയം കണ്ടത്.
എന്തു വിലകൊടുത്തും ഭരണം പിടിച്ചെടുക്കാനുള്ള തന്ത്രങ്ങളുമായാണ് എല്‍.ഡി.എഫ് മുന്നോട്ടുപോയത്. കോണ്‍ഗ്രസ് വിമതരുമായുള്ള ചര്‍ച്ചക്കൊപ്പം യു.ഡി.എഫ് സ്വതന്ത്രരെയും കൂടെ കൂട്ടാനുള്ള ചരടുവലിയും എല്‍.ഡി.എഫ് നടത്തി. ജെസി ജോണിയെ മറുകണ്ടം ചാടിച്ച് യു.ഡി.എഫിനെ ഞെട്ടിക്കാനായത് ഇതോടെയാണ്. ആദ്യടേമില്‍ വൈസ് ചെയര്പേഴ്സൻ സ്ഥാനം ജെസി ജോണി ആവശ്യപ്പെട്ടെങ്കിലും ഇതുനല്‍കാന്‍ ലീഗ് നേതൃത്വം തയാറാകാതിരുന്നതാണ് എല്‍.ഡി.എഫിന് കാര്യങ്ങൾ എളുപ്പമാക്കിയത്.
ബി.ജെ.പി സ്വതന്ത്ര നിലപാട് സ്വീകരിച്ചതും എല്‍.ഡി.എഫിന് ഗുണമായി. ബി.ജെ.പി ചെയര്മാന് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചപ്പോള്‍ തന്നെ ചിത്രം വ്യക്തമായി. ഒടുവില്‍ രണ്ടാംഘട്ട വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്ന് ഇവര്‍ നിഷ്പക്ഷ നിലപാടെടുത്തതോടെ എല്‍.ഡി.എഫ്- യു.ഡി.എഫ് നേരിട്ടുള്ള മത്സരത്തിന് വഴിതെളിഞ്ഞു. ഒടുവില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത നഗരസഭയില്‍ ഒരാളുടെ പിന്‍ബലത്തില്‍ എല്‍.ഡി.എഫിനായി നിയന്ത്രണം.
ഒാേട്ടാ തൊഴിലാളിയായ സനീഷ് ജോർജ് ഇനി തൊടുപുഴ നഗരസഭയുടെ ഭരണം നിയന്ത്രിക്കും. കുന്നം മേഖലയിലെ സാധാരണക്കാരിൽ സാധാരണക്കാരനായ വ്യക്തിയെന്ന് സനീഷിനെ (34) വിളിക്കാം. ഒാട്ടോ തൊഴിലാളിയായും തടിപ്പണിക്കാരനുമൊക്കെയായി ജീവിതം മുന്നോട്ടുപോകുന്നതിനിടെയാണ് ചെയർമാനായി നറുക്കുവീഴുന്നത്. ഇടക്കിടക്കാണ് തടിപ്പണിയുള്ളൂ. അതുകൊണ്ടാണ് ഉപജീവനത്തിനായി കുന്നത്ത് ഓട്ടോ ഓടിച്ചുതുടങ്ങിയത്.
ഐ.എൻ.ടി.യു.സി യൂനിയൻ അംഗവും കോൺഗ്രസിെൻറ ബൂത്ത് പ്രസിഡൻറുമായിരുന്നു. ജോസഫ് വിഭാഗത്തിന് സീറ്റ് നൽകിയതോടെ കുന്നത്ത് കോൺഗ്രസിന് മത്സരിക്കാൻ സീറ്റ് ലഭിക്കാതെവന്ന സാഹചര്യത്തിലാണ് 12ാം വാർഡിൽ സ്വതന്ത്രനായി സനീഷിന് ഇറങ്ങേണ്ടിവന്നത്. മുന്നണി സ്ഥാനാർഥികളെ പരാജയപ്പെടുത്തി 301 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് സനീഷ് വിജയിച്ചത്. ഇതോടെ കോൺഗ്രസിൽനിന്ന് സനീഷിനെ സസ്പെൻഡ് ചെയ്തു. എന്നാൽ, എൽ.ഡി.എഫ് പിന്തുണയോടെ ചെയർമാനുമായി.
എൽ.ഡി.എഫിെൻറ വികസന നയങ്ങൾ പിന്തുടർന്ന് തൊടുപുഴയെ വികസനത്തിലേക്ക് എത്തിക്കണമെന്നാണ് സനീഷിെൻറ ആഗ്രഹം. കുന്നം പാറക്കൽ ജോർജിെൻറയും ലില്ലിയുടെയും മകനാണ്. ഭാര്യ: രമ്യ. മക്കൾ: ശ്രീക്കുട്ടി, ശ്രീലക്ഷ്മി, ശ്രീലേഖ.
അധികാരത്തിനുവേണ്ടി ജെസി ജോണി രാഷ്ട്രീയ വഞ്ചന കാണിച്ചുവെന്ന് മുസ്ലിംലീഗ് മുനിസിപ്പല്‍ കമ്മിറ്റി. ജെസി ജോണിക്ക് മുനിസിപ്പല്‍ ഒമ്പതാം വാര്‍ഡില്‍ രണ്ടു തവണ അവസരം നല്‍കിയത് മുസ്ലിം ലീഗായിരുന്നു. തൊടുപുഴ നഗരസഭയില്‍ ഒമ്പതാം വാര്‍ഡിലെ മുസ്ലിംലീഗിെൻറ സ്വതന്ത്ര സ്ഥാനാർഥിയായി 2015ല്‍ മത്സരിച്ച് ജയിച്ച് കൗണ്‍സിലറായി. നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ പദവിയും നല്കി. വീണ്ടും ഇത്തവണ ജനറല്‍ സീറ്റില്‍ അതേ വാര്‍ഡില്‍ മുസ്ലിം ലീഗ് ഒരിക്കല്‍കൂടി അവര്‍ക്ക് അവസരം കൊടുത്തു. ഇത്തവണ വൈസ് ചെയര്പേഴ്സൻ സ്ഥാനം അവര്‍ ആവശ്യപ്പെട്ടു.
മുസ്ലിം ലീഗിന് അഞ്ച് വനിത കൗണ്‍സിലര്‍മാരാണുള്ളത്. ലീഗിന് അനുവദിച്ച രണ്ടര വര്‍ഷത്തെ വൈസ് ചെയര്പേഴ്സൻ സ്ഥാനം ഒന്നേകാല്‍ വര്‍ഷം ജെസി ജോണിക്കും ഒന്നേകാല്‍ വര്‍ഷം ഷഹന ജാഫറിനും എന്ന് പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. ആദ്യ ടേം തന്നെ വൈസ് ചെയര്പേഴ്സൻ സ്ഥാനം വേണം എന്ന ജസിയുടെ ആവശ്യവും അംഗീകരിക്കുകയായിരുന്നു. ഇവര്‍ക്ക് വിപ്പ് നല്‍കുകയും ചെയ്തിരുന്നു.
ജെസി ജോണി അവരെ രണ്ടുതവണ വിജയിപ്പിക്കുകയും എല്ലാവിധ പിന്തുണയും നല്‍കുകയും ചെയ്ത മുസ്ലിംലീഗ് പാര്‍ട്ടിയെയും അവരെ ജയിപ്പിച്ച ഒമ്പതാം വാര്‍ഡിലെ ജനങ്ങളെയും യു.ഡി.എഫിനെയും വഞ്ചിക്കുകയായിരുന്നു.
കൂറുമാറ്റത്തിലൂടെ വോട്ടര്‍മാരെ വഞ്ചിച്ച ജെസി ജോണി കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കണമെന്ന് മുസ്ലിം ലീഗ് തൊടുപുഴ മുനിസിപ്പല്‍ പ്രസിഡൻറ് എം.എ. കരീം, ജനറല്‍ സെക്രട്ടറി സി.കെ. ജാഫര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
1995ൽ വിമതർ എൽ.ഡി.എഫ് ഭരണം തൂത്തെറിഞ്ഞതിന് സമാനമായി യു.ഡി.എഫിനെതിരായ തൊടുപുഴ നഗരസഭയിലെ ഇപ്പോഴത്തെ അട്ടിമറി. അന്ന് സി.പി.എമ്മിെൻറ ഔദ്യോഗിക സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത് പാർട്ടി ടിക്കറ്റിൽ തന്നെ മത്സരിച്ച് വിജയിച്ച എം.പി. ഷൗക്കത്തലി. ഇക്കുറി പാർട്ടി വിമതനായി വിജയിച്ച സനീഷ് ജോർജ് എന്ന വ്യത്യാസം മാത്രം.
നഗരസഭ ചരിത്രത്തിൽ 1978 നവംബറിലാണ് നഗരസഭ രൂപവത്കൃതമായത്. 10 വർഷം സ്പെഷൽ ഓഫിസറുടെ കീഴിലായിരുന്നു ഭരണം. 1988ൽ തെരഞ്ഞെടുക്കപ്പെട്ട കൗൺസിലിെൻറ ആദ്യ ചെയർമാനായത് സി.പി.എമ്മിലെ അഡ്വ. എൻ. ചന്ദ്രൻ. ഏഴരവർഷത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ വീണ്ടും ഭൂരിപക്ഷം എൽ.ഡി.എഫിനായിരുന്നു. എന്നാൽ, സി.പി.എമ്മിൽ ചെയർമാൻ സ്ഥാനം സംബന്ധിച്ച് തർക്കം രൂക്ഷമാകുകയും ചെയർമാൻ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് അംഗം എം.പി. ഷൗക്കത്തലി ചെയർമാനാകുകയുമായിരുന്നു.
സി.പി.എം ഒൗദ്യോഗിക സ്ഥാനാർഥി പ്രഫ. കൊച്ചുത്രേസ്യയെയാണ് ഷൗക്കത്തലി പരാജയപ്പെടുത്തിയത്. പിന്നീട് മുസ്ലീംലീഗിൽ ചേർന്ന് അഞ്ചുവർഷത്തിന് ശേഷം യു.ഡി.എഫ് പിന്തുണയോടെ വിജയിച്ച് ഷൗക്കത്തലി വീണ്ടും നഗരസഭ ചെയർമാനായതും ചരിത്രം. പിന്നീട് ഷൗക്കത്തലി മുസ്ലീം ലീഗുമായി പിണങ്ങി സി.പി.എമ്മിൽ തിരികെയെത്തി. സി.പി.എം മുതലക്കോടം ലോക്കൽ സെക്രട്ടറിയാണ് ഇപ്പോൾ ഷൗക്കത്തലി.
കഴിഞ്ഞ യു.ഡി.എഫ് ഭരണ സമിതിയിലെ തർക്കവും ഭരണം വീതംവെക്കുന്നതിലെ കലഹവും കണ്ട് മടുത്താണ് നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനെ പിന്തുണച്ചതെന്ന് ഉപാധ്യക്ഷ ജെസി ജോണി.
കഴിഞ്ഞതവണയും ലീഗ് പിന്തുണയുള്ള സ്ഥാനാർഥിയായാണ് മത്സരിച്ചത്. തെരഞ്ഞെടുക്കപ്പെട്ട നാളുമുതൽ കാണുന്നത് ഒരോ ടേമിലും ചെയർപേഴ്സനും വൈസ് ചെയർമാനും മാറി മാറി ഭരിക്കുന്നത്.
ആറുമാസം കൂടുേമ്പാൾ എങ്ങനെയും ഒരാളെ തള്ളിച്ചാടിച്ച് കസേരയിലിരിക്കാനാണ് ഓരോരുത്തർക്കും താൽപര്യം. ഇതിന് ഒരു അറുതിവരുത്തണമെന്ന് ആഗ്രഹിച്ചു. താൻ പിന്തുണ നൽകിയത് എൽ.ഡി.എഫിനല്ല മറിച്ച് സ്വതന്ത്ര സ്ഥാനാർഥിക്കാണ്. ഞായറാഴ്ച രാത്രിയും നഗര മധ്യത്തിൽ ചെയർമാൻ കസേരക്കുവേണ്ടി യു.ഡി.എഫിൽ സംഘർഷമുണ്ടായി. തൊടുപുഴയെ നയിക്കേണ്ടവരാണ് തെരുവിൽ തല്ലിയത്.
വൈസ് ചെയർമാൻ സ്ഥാനം കണ്ടിട്ടാണ് താൻ ഇത്തരത്തിൽ നടപടി സ്വീകരിച്ചതെന്ന് പറയുന്നത് ശരിയല്ല. താൻ ഒന്നും ആരോടും ആവശ്യെപ്പടുകയോ ഏതെങ്കിലും തരത്തിലുള്ള വാഗ്ദാനം ആരും തനിക്ക് തരികയോ ചെയ്തിട്ടില്ല. യു.ഡി.എഫിെൻറ വോട്ടുകൊണ്ട് മാത്രമല്ല താൻ ജയിച്ചത്. കൂറുമാറ്റത്തിെൻറ പേരിലുണ്ടാകുന്ന നടപടികളോ തെൻറ രാഷ്ട്രീയ ഭാവിയെക്കുറിച്ചോ ഒന്നുമല്ല ചിന്തിച്ചത്. നഗരത്തിൽ ഒരു സുസ്ഥിര ഭരണം ഉണ്ടാകണമെന്നാണ് ആഗ്രഹിച്ചതെന്നും ഇവർ പറഞ്ഞു.
തൊടുപുഴ മുനിസിപ്പൽ ചെയർമാൻ, വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര അംഗങ്ങൾക്ക് പിന്തുണ നൽകിയത് എൽ.ഡി.എഫ് സർക്കാർ നടപ്പാക്കുന്ന ജനോപകാര പ്രവർത്തനങ്ങൾ തൊടുപുഴയിലും നടപ്പാക്കാനാണെന്ന് മന്ത്രി എം.എം. മണി. മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജിനും വൈസ് ചെയർപേഴ്ൻ ജെസി ജോണിക്കും നൽകിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പട്ടണത്തിെൻറ പുരോഗതിക്കായി പ്രവർത്തിക്കാൻ ഭരണസമിതിക്കൊപ്പം സർക്കാറും എൽ.ഡി.എഫും സഹകരിക്കുമെന്നും എം.എം. മണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.