പെരുമ്പെട്ടി: പെരുമ്പെട്ടി സർവേ വിഷയത്തിലെ കോലാഹലങ്ങൾ മുൻ റാന്നി ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ എം. ഉണ്ണികൃഷ്ണൻ ജില്ല കലക്ടർക്ക് നൽകിയ ഇടക്കാല റിപ്പോർട്ട് മൂലം ഉണ്ടായിട്ടുള്ളതാണെന്ന് വനംവകുപ്പ് ഉന്നതൻ സൂചിപ്പിച്ചു. സർേവ നിർത്തിവെക്കാൻ വാക്കാൽ നിർദേശിച്ച അതേ ഉദ്യോഗസ്ഥനാണ് ഈ ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്. ഇതോടെ വനം വകുപ്പിലെ തൊഴുത്തിൽകുത്തും പകപോക്കലുമാണ് മറനീക്കി പുറത്തുവന്നിരിക്കുന്നത്.
1958ലെ നോട്ടിഫിക്കേഷൻ പ്രകാരം പെരുമ്പെട്ടിയിലെ കൈവശ കർഷകരുടെ ഭൂമി വനപരിധിക്കുള്ളിലാണോയെന്ന് കണ്ടെത്താനാണ് 2019 ജനുവരിയിൽ മന്ത്രിസഭ തീരുമാനം ഉണ്ടായത്. അതുപ്രകാരം കലക്ടർ നൽകിയ ഉത്തരവനുസരിച്ച് അന്നത്തെ ഡി.എഫ്.ഒ ഉണ്ണികൃഷ്ണൻ സർവേ ടീം രൂപവത്കരിച്ചു. റവന്യൂ-വനം വകുപ്പുകളിലെ 17 സർവേയർമാർ ഉൾപ്പെട്ട സംഘത്തിെൻറ നേതൃത്വം കോഴിക്കോട് വനം മിനി സർവേ ഡെപ്യൂട്ടി സൂപ്രണ്ടിനായിരുന്നു.
1958ലെ റീസർവേ സ്കെച്ച് ലഭ്യമല്ലാതിരുന്ന സാഹചര്യത്തിൽ 1996ലെ റീസർവേ സ്കെച്ചാണ് അളവിന് ആശ്രയിച്ചത്. ഇത് അംഗീകരിക്കാനാവില്ലെന്നാണ് വനം വകുപ്പ് ഉന്നതെൻറ നിലപാട്. എന്നാൽ, സർവേ അതിരടയാളനിയമം അനുസരിച്ച് റീസർവേ സ്കെച്ച് റവന്യൂ ഭരണത്തിൽ വന്നുകഴിഞ്ഞാൽ പഴയ സ്കെച്ചുകൾ ഉപയോഗിക്കാൻ കഴിയില്ലെന്ന് സർവേ സൂപ്രണ്ട് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
1958ലെ സ്കെച്ച് ലഭ്യമായിട്ടില്ലെങ്കിലും നോട്ടിഫിക്കേഷൻ പൂർണ രൂപത്തിൽ ലഭ്യമാണ്. അതിൽ വിശദവും സൂക്ഷ്മവുമായ അതിർത്തി വിവരണം നൽകിയിട്ടുമുണ്ട്. ഏറ്റവും ആധുനികമായ സർവേ ഉപകരണമായ ടോട്ടൽ സ്റ്റേഷൻ മെഷീൻ ഉപയോഗിച്ചായിരുന്നു അളവ് നടത്തിയത്. ആ അളവുകൾ നോട്ടിഫിക്കേഷനുമായി താരതമ്യം ചെയ്തിട്ടാണ് വഴികാവ് വനത്തിെൻറ നോട്ടിഫിക്കേഷൻ പ്രകാരമുള്ള അതിർത്തി സുരക്ഷിതമാണെന്നും ഇവിടെ ഒരു കൈയേറ്റവും നടന്നിട്ടില്ലെന്നും കർഷകരുടെ ഭൂമി വനത്തിനു പുറത്താണെന്നും ഉണ്ണികൃഷ്ണൻ റിപ്പോർട്ട് നൽകിയത്. മറിച്ച്, വനത്തിെൻറ അളവിലോ അതിർത്തിയിലോ മാറ്റംവന്നതായുള്ള ഒരു രേഖയും ഹാജരാക്കാൻ വനം വകുപ്പിന് കഴിഞ്ഞിട്ടില്ല.
രണ്ടര വർഷം കഴിഞ്ഞിട്ടും 1958ലെ സ്കെച്ച് കണ്ടെത്തിയതായി വനം-റവന്യൂ വകുപ്പുകൾ സമ്മതിക്കുന്നില്ല. കോട്ടയം ഡി.എഫ്.ഒയിൽനിന്ന് വലിയകാവിെൻറ 1964ൽ അന്നത്തെ ഡി.എഫ്.ഒ ഒപ്പുെവച്ച സ്കെച്ച് 2020ൽ ലഭിച്ചെങ്കിലും അത് പരിശോധിച്ച് നോട്ടിഫിക്കേഷനുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് സാക്ഷ്യപ്പെടുത്താനുള്ള നീക്കവും നടന്നില്ല. ഉണ്ണികൃഷ്ണൻ കലക്ടർക്ക് റിപ്പോർട്ട് നൽകിയത് ഉചിതമായില്ല എന്ന പരാമർശവും സാധുവല്ല. കലക്ടറാണ് സർവേ നടത്താൻ ഉത്തരവിട്ടത് എന്നതിനാൽ അതിെൻറ റിപ്പോർട്ട് സ്വാഭാവികമായും അദ്ദേഹത്തിനുതന്നെ നൽകണം. എം. ഉണ്ണികൃഷ്ണനെതിരെ ആരബിൾ ഭൂമി വിഷയം ഉയർത്തി അദ്ദേഹത്തെ സസ്പെൻഡ് ചെയ്തെങ്കിലും ആരബിൾ ഭൂമി വനമല്ലെന്ന് വനംവകുപ്പിന് പിന്നീട് സമ്മതിക്കേണ്ടിവന്നു.
വനംവകുപ്പിലെ പടലപ്പിണക്കങ്ങളുടെയും പകപോക്കലുകളുടെയും ഇരകളാവുന്നത് കർഷകരാണ്. തങ്ങളുടെ ഭൂമി വനമാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമങ്ങളെ ചെറുക്കുമെന്ന നിലപാടിലാണ് കർഷകർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.