പെട്ടിമുടി: പ്രിയപ്പെട്ട കുട്ടികളെ സംസ്കരിച്ച സ്ഥലത്ത് പൂക്കള്‍ സമര്‍പ്പിച്ചും മെഴുകുതിരി തെളിച്ചും അധ്യാപകര്‍ കണ്ണീരോടെ പ്രാർഥിച്ചു. തങ്ങളുടെ സ്കൂളിലെ വിദ്യാർഥികളുടെ സ്മരണാർഥം കുട്ടികളുടെ ചിത്രങ്ങള്‍ കുഴിമാടങ്ങൾക്ക് മുന്നിൽ സ്ഥാപിച്ചു. കളിചിരികളുമായി സ്കൂള്‍ മുറ്റത്ത് ഒത്തുകൂടിയിരുന്ന വിദ്യാർഥികളുടെ ഓര്‍മകള്‍ക്ക് മുകളില്‍ മണ്ണുമൂടിയെങ്കിലും അവര്‍ പകര്‍ന്നുതന്ന സ്നേഹത്തിെൻറ ഓര്‍മകള്‍ ഹൃദയത്തില്‍നിന്ന് മായാതെയാണ് ലിറ്റില്‍ ഫ്ലവര്‍ സ്കൂളിലെ അധ്യാപകരുടെ മടക്കം.
ഉരുൾപൊട്ടലിൽ മൺമറഞ്ഞ കുരുന്നുകളുടെ നീറുന്ന ഓര്‍മകളുമായി അധ്യാപക ദിനത്തിലാണ് അധ്യാപകർ ഉരുൾ ജീവനെടുത്ത വിദ്യാർഥികളുടെ ഓര്‍മകളുമായി മലകയറി ശ്മശന ഭൂമിയിൽ എത്തിയത്.
വിവിധ സ്കൂളുകളില്‍ പഠിക്കുന്ന 19 വിദ്യാർഥികളുടെ ജീവനാണ് ദുരന്തത്തില്‍ പൊലിഞ്ഞത്. രാജമല എല്‍.പി സ്കൂള്‍, മൂന്നാറിലെ സര്‍ക്കാര്‍ സ്കൂള്‍, ലിറ്റില്‍ഫ്ലവര്‍ ഹൈസ്കൂള്‍, കൊരണ്ടിക്കാട് കാര്‍മല്‍ഗിരി സ്കൂള്‍, ചിന്നക്കനാലിലെ ഫാത്തിമ മാത സ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു മരിച്ച വിദ്യാർഥികള്‍ പഠിച്ചിരുന്നത്. ഇതില്‍ പെട്ടിമുടിയില്‍ ഒന്നിച്ചു ലിറ്റില്‍ ഫ്ലവർ സ്കൂളിലേക്ക് എത്തിയിരുന്നത് നാലു വിദ്യാർഥികളാണ്. ഇവരുടെ ഓര്‍മകളുമായാണ് ലിറ്റില്‍ ഫ്ലവര്‍ സ്കൂളില്‍നിന്ന് അധ്യാപക ദിനത്തില്‍ പ്രാർഥനയുമായി പെട്ടിമുടിയിലെത്തിയത്. പ്രഥമാധ്യാപിക സിസ്റ്റര്‍ റോസിലി തോമസ്, മരിച്ച കുട്ടികളുടെ അധ്യാപികയായ സിസ്റ്റര്‍ ഹേമ, സിസ്റ്റര്‍ ജയന്തി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അധ്യാപകര്‍ പെട്ടിമുടിയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.