കുമളി: തോട്ടം തൊഴിലാളികളെ കുത്തിനിറച്ച് വാഹനങ്ങളുമായി മരണപ്പാച്ചിൽ നടത്തുന്നവർക്കെതിരെ മുന്നറിയിപ്പുമായി പൊലീസ്. അമിത വേഗത്തിൽ വാഹനങ്ങൾ ഓടി അപകടങ്ങൾ ഉണ്ടായതോടെ നാട്ടുകാർ പ്രതിഷേധത്തിനിറങ്ങാൻ സാധ്യതയേറിയതോടെയാണ് പൊലീസ് നടപടികളുമായി രംഗത്തിറങ്ങിയത്.
ജില്ലയിലെ ഏലം തോട്ടം മേഖലയിലേക്ക് തൊഴിലാളികളെ വാഹനങ്ങളിൽ കുത്തിനിറച്ച് അമിത വേഗത്തിൽ വാഹനങ്ങൾ പായുന്നത് വ്യാപക പരാതിക്കിടയാക്കിയിരുന്നു. ഇതേ തുടർന്ന് തമിഴ്നാട്ടിലെ വാഹന ഉടമകളെയും ഡ്രൈവർമാരെയും കുമളിയിൽ വിളിച്ചുവരുത്തിയാണ് മുന്നറിയിപ്പ് നൽകിയത്.
കുമളി ഇൻസ്പെക്ടർ ജോബിൻ ആന്റണിയുടെ നേതൃത്വത്തിൽ വ്യാപാരഭവനിൽ നടന്ന കൂടിക്കാഴ്ച യോഗത്തിൽ തേനി ജില്ലയിൽനിന്നുള്ള 120ഓളം ഡ്രൈവർമാർ പങ്കെടുത്തു.
വാഹനങ്ങളിൽ നിയമപ്രകാരമുള്ള എണ്ണം ആളുകളെ മാത്രമേ കയറ്റാൻ പാടുള്ളൂവെന്ന് പൊലീസ് കർശന നിർദേശം നൽകി. ഡ്രൈവർമാർ ലൈസൻസ്, വാഹനത്തിന്റെ രേഖകൾ, ഇൻഷുറൻസ് രേഖകൾ എന്നിവ കൃത്യമായി വാഹനങ്ങളിൽ സൂക്ഷിക്കണം. കേരളത്തിൽ നിരോധിക്കപ്പെട്ട ലഹരി ഉൽപന്നങ്ങൾ, കീടനാശിനികൾ എന്നിവ തൊഴിലാളികൾ വ്യാപകമായി കടത്തുന്നതായി പൊലീസ് പറഞ്ഞു. ഇത് കർശനമായി പരിശോധിക്കും. ഇത്തരം സാധനങ്ങൾ കൊണ്ടുവരുന്ന വാഹനങ്ങൾ പിടിച്ചെടുക്കും. അമിതവേഗം, തൊഴിലാളികളെ കുത്തിനിറക്കൽ എന്നീ കുറ്റങ്ങൾ വ്യക്തമായാൽ ഡ്രൈവർക്കും വാഹന ഉടമക്കുമെതിരെ കേസെടുക്കുമെന്നും ഇൻസ്പെക്ടർ മുന്നറിയിപ്പ് നൽകി.
തമിഴ്നാട്ടിലെ ഗൂഡല്ലൂർ, കമ്പം, ചിന്നമനൂർ, ഉത്തമപാളയം എന്നിവിടങ്ങളിൽ നിന്നായി ഓരോ ദിവസവും നൂറുകണക്കിന് ജീപ്പും മറ്റ് വാഹനങ്ങളിലായാണ് തൊഴിലാളികൾ ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.