കുടയത്തൂർ: ലോകത്തിലെ തന്നെ ഏറ്റവും ചെറിയ പശുക്കളായ പൊങ്കാനൂര്‍ ഇനത്തിൽപെട്ട കുഞ്ഞൻ പശുക്കൾ ഇപ്പോൾ കുടയത്തൂരിലും. വിരമിച്ച അധ്യാപക ദമ്പതികളുടെ കോളപ്രയിലെ വീടിനോട് ചേര്‍ന്നുള്ള തൊഴുത്തിലാണ് ഇത്തിരിക്കുഞ്ഞന് പശുക്കള്‍ ഉള്ളത്. ചെള്ളിക്കണ്ടത്തില്‍ രാജു ഗോപാലെൻറയും അജിതയുടെയും വീട്ടിലാണ് ഇവ ഓടി നടക്കുന്നത്.
ആന്ധ്രയിലെ പൊങ്കാനൂര്‍ എന്ന സ്ഥലനാമത്തില്‍നിന്നാണ് പശുക്കള്‍ക്ക് പൊങ്കാനൂര്‍ പശുക്കള്‍ എന്ന പേര് വന്നത്. ഇത്തരം മൂന്ന് കുഞ്ഞുങ്ങള്‍ രാജുവിന്റെ തൊഴുത്തിലുണ്ട്. ആണും പെണ്ണുമായി ഒമ്പത് നാടന്‍ കാലികളാണുള്ളത്. ഇതര സംസ്ഥാനത്ത് നിന്നുവരെ പൊങ്കാനൂര്‍ ഇനത്തിന് ആവശ്യക്കാർ വരുന്നുണ്ട്. ഒന്നര ലക്ഷം രൂപ വരെയാണ് വില. രോഗപ്രതിരോധ ശേഷിയും വെയിലും മഴയും ഉള്‍പ്പെടെ എല്ലാ കാലാവസ്ഥയോടും പൊരുത്തപ്പെടും എന്നതും ഇവയുടെ പ്രത്യേകതയാണ്. തീറ്റുന്നതിനും പരിപാലിക്കുന്നതിനും ബുദ്ധിമുട്ടില്ല. നല്ല ഇണക്കമുള്ള ഇവക്ക് തീറ്റയും കുറച്ചുമതി. പുല്ലല്ലാതെ വരവുതീറ്റകള് കൊടുക്കാറില്ല.
അധ്യാപക വൃത്തിയില്‍നിന്ന് വിരമിച്ചശേഷം കൃഷിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച രാജു കൃഷിയിടത്തിലെ ആവശ്യത്തിന് ചാണകം വാങ്ങിയിരുന്നത് തമിഴ്നാട്ടില്‍നിന്നാണ്. അയല്‍വാസിയും അന്നത്തെ കൃഷി ഓഫിസറുമായിരുന്ന മാര്ട്ടിന് തോമസാണ് നല്ലയിനം നാടന്‍ പശുക്കളെ വാങ്ങി വളര്‍ത്താന്‍ ഉപദേശിച്ചത്. ഇവയുടെ ചാണകത്തിന് ഗുണമേന്മ കൂടും. അങ്ങനെ മൂവാറ്റുപുഴക്ക് സമീപം ആവോലിയില്‍ കാസര്‍കോടന്‍ കുള്ളന്‍ ഇനം വെച്ചൂര്‍ പശു ഉണ്ടെന്ന് മനസ്സിലാക്കി.
പശുവിന്റെ ഉടമക്ക് ബംഗളൂരുവില്‍ പോകേണ്ട ആവശ്യമുള്ളതിനാല്‍ വില്ക്കാന് നിര്‍ബന്ധിതനായി. 75,000രൂപ വിലയുള്ള പശുവിനെ അങ്ങനെ 45,000 രൂപക്ക് വാങ്ങി. ഇത്തരത്തില്‍ എത്തിച്ച പശുവിന് ബീജസങ്കലനത്തിലൂടെ പിറന്നത് വെളുപ്പുനിറമുള്ള പശുക്കുട്ടിയാണ്.
വെളുപ്പ് നിറമുള്ള വെച്ചൂര്‍ പശുക്കള്‍ അപൂർവമാണ്. തെൻറ കൃഷിയിടത്തില്‍ മേഞ്ഞ് നടന്ന വെളുത്ത വെച്ചൂര്‍ പശുക്കുട്ടിയെ കാണാനിടയായ വെറ്ററിനറി ഡോക്ടര്‍ വേണുഗോപാലാണ് ആന്ധ്രയിലെ പൊങ്കാനൂര്‍ ഇനം മൂരിയുടെ ബീജം എത്തിച്ച് ഈ പശുവില്‍ ബീജസങ്കലനം നടത്തിയത്. അങ്ങനെയാണ് രാജുവിെൻറ തൊഴുത്തില്‍ ലോകത്തിലെ ഏറ്റവും ചെറിയ ഇനം പൊങ്കാനൂര്‍ പശുക്കള്‍ ജന്മം എടുക്കുന്നത്.
ഒന്നര മുതല്‍ രണ്ടു ലിറ്റര്‍ പാല്‍വരെ ഒരു പശുവില്‍നിന്ന് ലഭിക്കും. ‘എ ടു മില്‍ക്’ എന്നറിയപ്പെടുന്ന പാലിന് ഗുണനിലവാരവും ഏറെയാണ്. അതുകൊണ്ടുതന്നെ വിലയും കൂടുതല്‍ ലഭിക്കും. എന്നാല്‍, പാല് വില്‍ക്കുന്നില്ല. വീട്ടാവശ്യം കഴിഞ്ഞുള്ളത് കുഞ്ഞുങ്ങളെ കുടിപ്പിക്കുകയാണ് പതിവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.