തൊടുപുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടുക്കി ജില്ലയിൽ പാർട്ടിക്കുണ്ടായ ക്ഷീണവും യു.ഡി.എഫിനുണ്ടായ തിരിച്ചടിയും പഠിക്കാൻ മുസ്ലിംലീഗ് ഉപസമിതിെയ നിയോഗിച്ചു. വിമത പ്രവർത്തനം തീർക്കാൻ നടപടി ഉണ്ടാകാതിരുന്നതും സ്ഥാനാർഥിളെ തീരുമാനിച്ചപ്പോൾ ജയസാധ്യതക്ക് മുൻതൂക്കം ലഭിച്ചില്ലെന്നതുമടക്കം പ്രശ്നങ്ങൾ പാർട്ടിയിൽ പുകയുന്ന സാഹചര്യത്തിലാണ് പഠിക്കാൻ ഉപസമിതിയെ തീരുമാനിച്ചത്.
ജില്ലയിൽ ഏതാനും നാളായി കെട്ടടങ്ങിയിരുന്ന ഗ്രൂപ്പ്കളി തെരഞ്ഞെടുപ്പിലെ തിരിച്ചടിയോടെ സജീവമായി. മുസ്ലിം ലീഗിന് ജില്ലയിൽ ഉണ്ടായിരുന്ന മേൽക്കൈ നഷ്ടപ്പെടുത്തിയതിന് നേതൃത്വത്തിന് പങ്കുണ്ടെന്ന ആരോപണമായി ചിലർ രംഗത്തെത്തി. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് നേതൃത്വം ജാഗ്രതയോടെ പ്രവർത്തിച്ചില്ലെന്ന പരാതിയുമുണ്ട്. ഗ്രൂപ് താൽപര്യങ്ങളുടെ പേരിൽ കഴിവുള്ളവരെ അവഗണിച്ചു. ഇത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി. തൊടുപുഴ നഗരസഭയിൽ എട്ട് സീറ്റിൽ മത്സരിച്ചതിൽ ആറിൽ വിജയിക്കാനായെങ്കിലും ലീഗ് കോട്ടയായ ഏഴ്, 17 വാർഡുകളിലെ പരാജയം ആഘാതമായി.
ഏഴാം വാർഡിൽ സംഘടന രംഗത്തില്ലാത്ത വ്യക്തിയെ സ്ഥാനാർഥിയാക്കിയത് പരാജയത്തിന് ആക്കംകൂട്ടി എന്ന വിമർശനവും ഉണ്ട്. 17ാം വാർഡിൽ മത്സരിച്ച ടി.എം. ബഷീറിന് ഏഴാംവാർഡിൽ സ്ഥാനാർഥിത്വം ഉറപ്പിക്കുകയും അവസാന നിമിഷം സി.കെ. ഷരിഫിന് സീറ്റ് നൽകുകയുമായിരുന്നു. ലീഗിെൻറ സ്വാധീനമേഖലായ ഉടുമ്പന്നൂർ പഞ്ചായത്തിൽ മത്സരിച്ച മൂന്നുസീറ്റിലും തോൽക്കുകയായിരുന്നു.
പാർട്ടിയിലും പുറത്തും ലഭിക്കുന്ന സ്ഥാനമാനങ്ങൾ മുഴുവൻ കൈയടക്കിവെക്കുന്ന ഉടുമ്പന്നൂരിലെ നേതൃത്വമാണ് പരാജയം ഉറപ്പിച്ചതെന്ന് ഒരുവിഭാഗം കുറ്റപ്പെടുത്തുന്നു. ലീഗ് നിയോജകമണ്ഡലം പ്രസിഡൻറും യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാനുമായ പി.എൻ. സീതി അടക്കമാണ് പരാജയപ്പെട്ടത്. ലീഗ് സംസ്ഥാന കമ്മിറ്റിയുടെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായാണ് ഇവിടെ സ്ഥാനാർഥികളെ തീരുമാനിച്ചതെന്ന് പരാതികൾ സംസ്ഥാന നേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്.
ഒരാൾക്ക് ഒരുപോസ്റ്റ് എന്നത് അട്ടിമറിച്ചത് പ്രവർത്തകരിൽ പ്രതിഷേധത്തിന് കാരണമായിരുന്നു. ഹൈറേഞ്ച് മേഖലയിൽ ലീഗിന് വൻ പ്രഹരമാണേറ്റത്. രണ്ട് സീറ്റിൽ വീതം മത്സരിച്ച, കുമളി, വണ്ടിപ്പെരിയാർ, നെടുങ്കണ്ടം പഞ്ചായത്തുകളിൽ ഒരിടത്തുപോലും വിജയിക്കാനായില്ല. നാലിടത്ത് മത്സരിച്ച അടിമാലി പഞ്ചായത്തിൽ രണ്ടിടത്താണ് വിജയിക്കാനായത്. അഞ്ഞൂറിലധികം വോട്ട് ഭൂരിപക്ഷത്തിൽ വിജയിച്ച അനസ് ഇബ്രാഹീം, ഇടതുവാർഡ് പിടിച്ചെടുത്ത സിയാദ് എന്നിവരുടെ വിജയമാണ് ആശ്വാസം. മൂന്ന് വാർഡിൽ മത്സരിച്ച വെള്ളത്തൂവലിൽ ഒരിടത്താണ് വിജയിക്കാനായത്.
ജില്ലയിൽ മത്സരിച്ച ഏക ബ്ലോക്ക് സീറ്റായ ഇടവെട്ടിയിലെ പരാജയവും പാർട്ടിക്ക് കനത്ത തിരിച്ചടിയായി. കടുത്ത മത്സരം നടന്ന ഇടവെട്ടി പഞ്ചായത്തിൽ മൂന്ന് വാർഡും നിലനിർത്താനായി. ഇവിടെ 11ാം വാർഡിൽ പാർട്ടിയിലെയും മുന്നണിയിലെയും കാലുവാരൽ അതിജീവിച്ചാണ് വനിത സ്ഥാനാർഥി ജയിച്ചുകയറിയത്.
കുമാരമംഗലം പഞ്ചായത്തിൽ രണ്ട് സീറ്റ് നിലനിർത്തി. ഒരിടത്ത് പരാജയപ്പെട്ടു. മത്സരിച്ച നാലിൽ മൂന്നുസീറ്റ് നിലനിർത്താൻ വണ്ണപ്പുറത്ത് സാധ്യമായി. സിറ്റിങ് സീറ്റായ കലയന്താനി വാർഡ് നഷ്ടമായപ്പോൾ ടൗൺ വാർഡ് പിടിച്ചെടുക്കാനായി ആലക്കോട് പഞ്ചായത്തിൽ. ഇടുക്കി വാത്തിക്കുടി പഞ്ചായത്തിലെ സ്ഥിരം സീറ്റായ മുരിക്കാശ്ശേരിയിൽ പരാജയം ഏറ്റുവാങ്ങി.
വാഴത്തോപ്പ്, കുടയത്തൂർ, കോടിക്കുളം, മുട്ടം എന്നിവിടങ്ങളിലെ വിജയം മുഖംരക്ഷിച്ചു. കോൺഗ്രസിലെ അനൈക്യവും ലീഗ് സ്ഥാനാർഥികളോട് മുന്നണി ചിറ്റമ്മനയം പുലർത്തിയെന്നതും അടക്കം പാർട്ടി ജില്ല കമ്മിറ്റിയിൽ വിമർശനമുയർന്ന പശ്ചാത്തലത്തിലുമാണ് ഉപസമിതിയെ നിയോഗിച്ചിട്ടുള്ളത്. പി.എം. അബ്ബാസ്, സലിം കൈപ്പാടം, എസ്.എം. െരീഫ്, ടി.കെ നവാസ്, ടി.എസ്. ഷംസുദ്ദീൻ, കെ.എസ്. സിയാദ് എന്നിവരാണ് ഉപസമിതി അംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.