തൊടുപുഴ: ജില്ലയില്‍ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനം സുഗമമാക്കുന്നതിന് മൊബൈൽ കമ്പനികളുടെ കവറേജ് ശേഷി വർധിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കും. ജില്ലയുടെ ചുമതലയുള്ള ജലവിഭവ മന്ത്രി റോഷി അഗസ്റ്റിെൻറ സാന്നിധ്യത്തില്‍ ചേര്‍ന്ന ഒാൺലൈൻ യോഗത്തിലാണ് തീരുമാനം.
സ്വകാര്യ സംരംഭകർക്ക് ടവറില്ലാത്ത ഇടങ്ങളില്‍ ബി.എസ്.എൻ.എല്ലിെൻറ ടവർ പങ്കുവെക്കാനുള്ള നടപടി വേഗത്തിലാക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. ജില്ലയില്‍ 11 ഇടങ്ങളില്‍ ബി.എസ്.എൻ.എല്ലിെൻറ ടവറുകള്‍ പങ്കുവെക്കാൻ റിലയന്‍സ് ജിയോ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതിൽ ഉടന്‍ തീരുമാനമെടുക്കുമെന്ന് ബി.എസ്.എൻ.എൽ ചീഫ് ജനറല്‍ മാനേജര്‍ അറിയിച്ചു. മൂന്നാര്‍ തോട്ടം മേഖലയില്‍ 14 ടവറുകള്‍ സ്ഥാപിക്കാൻ കെ.ഡി.എച്ച്.പിക്ക് ജിയോ അപേക്ഷ നല്‍കിയിട്ടുണ്ട്. എന്നാല്‍, സ്ഥലമുടമയായ ടാറ്റ കമ്പനിയുടെ അനുമതി വേണം. ഇക്കാര്യത്തിൽ ഉടന്‍ തീരുമാനമുണ്ടാകും.
മക്കുവള്ളി, മനയത്തടം, കൈതപ്പാറ, വട്ടവട, സ്വാമിയാര്‍കുടി എന്നിവിടങ്ങളില്‍ ടവര്‍ സ്ഥാപിക്കാന്‍ സ്ഥലമുടമകള്‍ സമ്മതം അറിയിച്ചിട്ടുണ്ട്. അറക്കുളം പതിപ്പള്ളിയിലും നാടുകാണിയിലും സ്വകാര്യ സംരംഭകര്‍ക്ക് ബി.എസ്.എൻ.എൽ ടവര്‍ പങ്കുവെക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകും.മൊബൈല്‍ റേഞ്ച് ലഭിക്കാത്തത് വാക്സിനേഷന് രജിസ്ട്രേഷനെയും ബാധിക്കുന്നുണ്ട്. മണിയാറന്‍കുടി, പടമുഖം, വാത്തിക്കുടി, നാരകക്കാനം, മരിയാപുരം, വണ്ണപ്പുറം, മുള്ളരിങ്ങാട്, കഞ്ഞിക്കുഴി എന്നിവിടങ്ങളിലും മൊബൈല്‍ കവറേജ് കുറയുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു. ബി.എസ്.എന്‍.എല്ലിെൻറ പരാധീനതകളാണ് ജില്ലയില്‍ ടെലികോം രംഗത്ത് പ്രതിസന്ധികള്‍ക്ക് കാരണമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി ചൂണ്ടിക്കാട്ടി.
ഇടമലക്കുടിയില്‍ കാട്ടാനകള്‍ ടവര്‍ തകര്‍ക്കുന്ന സാഹചര്യത്തില്‍ മുള്ളുവേലി സ്ഥാപിക്കാൻ ഗ്രാമപഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബി.എസ്.എൻ.എല്‍ ഡി.ജി.എം ജെസി അറിയിച്ചു. ഫൈബര്‍ ഒപ്ടിക്സ് സ്ഥാപിക്കാൻ വനംവകുപ്പിെൻറ അനുമതി ആവശ്യമാണെന്ന് വോഡഫോണ്‍ ഐഡിയ പ്രതിനിധി അറിയിച്ചു. മറ്റിടങ്ങളില്‍ ഭൂമി ലഭ്യമാക്കിയാല്‍ ടവര്‍ സ്ഥാപിക്കാന്‍ തയാറാണെന്ന് അവര്‍ പറഞ്ഞു.
തോട്ടം മേഖലയില്‍ ടവറുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഭൂമി പ്രശ്നം പരിഹരിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് സബ്കലക്ടര്‍ പ്രേംകൃഷ്ണന്‍ പറഞ്ഞു. സ്ഥിതിഗതികളുടെ പുരോഗതി വിലയിരുത്താൻ അടുത്തയാഴ്ച വീണ്ടും യോഗം ചേരും. കലക്ടര്‍ എച്ച്. ദിനേശൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.