നെടുങ്കണ്ടം: കമ്പംമെട്ട് സംസ്ഥാനാന്തര പാതയിൽ കല്ലാർ പുഴക്ക് കുറുകെയുള്ള താന്നിമൂട് പാത്തിന്റെ പുനർനിർമാണം പുരോഗമിക്കുന്നു. 2.25 കോടി രൂപയാണ് നിർമാണച്ചെലവ്. പാലത്തിന്റെ രണ്ടുവശത്തും നടപ്പാത സഹിതമാണ് പാലം നിർമിക്കുന്നത്. ഒരേസമയം രണ്ട് വാഹനങ്ങൾക്ക് കടന്നുപോകാവുന്ന വിധം വീതികൂട്ടിയാണ് പാലം നിർമിക്കുന്നത്. നിലവിലുള്ള പാലം പൊളിച്ചുപണിയുന്നതിനാൽ കാൽനടക്കാർക്ക് സഞ്ചരിക്കാൻ നടപ്പാലം നിർമിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിലാണ് പാലം നിർമാണം ആരംഭിച്ചത്.
നിലവിൽ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചാണ് പാലം പണി നടക്കുന്നത്. പകരം നെടുങ്കണ്ടം ഭാഗത്തുനിന്നും തൂക്കുപാലം കമ്പംമെട്ട് ഭാഗത്തേക്കുള്ള ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ളവ താന്നിമൂട് കോമ്പയാർ മുണ്ടിയെരുമ വഴിയും കല്ലാർ തൂക്കുപാലം വഴിയുമാണ് യാത്ര പുനഃക്രമീകരിച്ചിരിക്കുന്നത്.സംസ്ഥാനപാതയുടെ ഭാഗമായ ഈ റൂട്ടിലൂടെ തമിഴ്നാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്ക് ദിനേന നൂറുകണക്കിന് വാഹനങ്ങൾ തലങ്ങും വിലങ്ങും പാഞ്ഞിരുന്നു. വർഷങ്ങളായി താന്നിമൂട്പാലം തകരാറിലായിരുന്നു. ഇതിനു പുറമെ കഴിഞ്ഞ രണ്ടുതവണ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ രണ്ടുദിവസം പാലം മൂടി വെള്ളം കിടന്നിരുന്നു. തടികളും മരച്ചില്ലകളും ഒഴുകിയെത്തി കൈവരികള്‍ക്കും ബലക്ഷയം നേരിട്ടിരുന്നു. കൂടാതെ രണ്ടുതവണ ഉണ്ടായ ഉരുൾപൊട്ടലിലും പാലത്തിന് ബലക്ഷയം അനുഭവപ്പെട്ടിരുന്നു.
ഒന്നര വർഷത്തിനുള്ളിൽ പാലം നിർമാണം പൂർത്തിയാക്കണമെന്നാണ് പൊതുമരാമത്ത് കരാറുകാരന് നൽകിയിരിക്കുന്ന നിർദേശം. മാസങ്ങൾക്ക് മുമ്പ് നിർമാണം ഇഴഞ്ഞു നീങ്ങിയിരുന്നുവെങ്കിലും ഇപ്പോൾ തകൃതിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.