ഇടുക്കി: തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ വരണാധികാരികളുടെ നേതൃത്വത്തിൽ അതത് സ്ഥാപനങ്ങളിൽ നടത്തി. മുതിർന്ന അംഗത്തിന് വരണാധികാരിയും തുടർന്ന് മുതിർന്ന അംഗം മറ്റ് അംഗങ്ങളെയും പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
തൊടുപുഴ മുനിസിപ്പാലിറ്റിയിൽ ഇടുക്കി ആർ.ഡി.ഒ പി.ജെ. സെബാസ്റ്റ്യൻ മുനിസിപ്പാലിറ്റി കല്ലുമാലി ഡിവിഷനിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട മാത്യു ജോസഫ് തോട്ടുപുറത്തിനെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുനിസിപ്പൽ സെക്രട്ടറി രാജശ്രീ പി. നായർ സംബന്ധിച്ചു.
തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിൽ വരണാധികാരിയായ ജില്ല ലേബർ ഓഫിസർ പി.കെ. നവാസ് മുതിർന്ന അംഗമായ ട്രീസ ജോസ് കാവാലത്തിനെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബി.ഡി.ഒ വി.വി. റഹ്മ സംബന്ധിച്ചു. മുതിർന്ന അംഗത്തിെൻറ അധ്യക്ഷതയിൽ രണ്ടിടത്തും അംഗങ്ങൾ യോഗം ചേർന്നു.
തൊടുപുഴ: നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു. റിട്ടേണിങ് ഓഫിസറായിരുന്ന ഇടുക്കി ആർ.ഡി.ഒ സി.ജെ. സെബാസ്റ്റ്യൻ നഗരസഭ ഹാളില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങിന് നേതൃത്വം നല്കി.ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടവരില്‍ മുതിര്‍ന്ന അംഗമായ 11ാം വാര്‍ഡായ കല്ലുമാരിയില്നിന്ന് വിജയിച്ച മാത്യു ജോസഫ് ആർ.ഡി.ഒക്ക് മുമ്പാകെ ആദ്യം സത്യപ്രതിജ്ഞ ചെയ്തു.
തുടര്‍ന്ന് അദ്ദേഹം ഒന്നുമുതല്‍ 35വരെ വാര്‍ഡുകളില്‍നിന്ന് വിജയിച്ചവര്‍ക്ക് ക്രമമായി സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യ പ്രതിജ്ഞ ചടങ്ങിനുശേഷം കൗണ്‍സില്‍ ഹാളില്‍ പ്രഥമ യോഗവും ചേര്‍ന്നു.
മൂന്നാർ: മൂന്നാർ പഞ്ചായത്തിൽ സെക്രട്ടറി അജിത്കുമാറിെൻറ നേതൃത്വത്തിലും ദേവികുളം ഗ്രാമപഞ്ചായത്തിൽ സെക്രട്ടറി പാൽസ്വാമിയുടെയും നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ നടന്നത്. വിവിധ പഞ്ചായത്തുകളിൽ നടന്ന ചടങ്ങുകളിൽ രാഷ്ട്രീയ നേതാക്കളായ എ.കെ. മണി, എസ്. രാജേന്ദ്രൻ എം.എൽ.എ, പി. പളനിവേൽ, മുത്തുപ്പാണ്ടി തുടങ്ങിയവർ പങ്കെടുത്തു. സത്യപ്രതിജ്ഞക്കുശേഷം അംഗങ്ങളുടെ ആദ്യകമ്മിറ്റി നടന്നു.
ചെറുതോണി: ഇടുക്കി ബ്ലോക്ക് പഞ്ചായത്തിൽ മുതിർന്ന അംഗം കുളമാവ് ഡിവിഷനിൽനിന്നുള്ള ടി.ആർ. ശെൽവരാരാജാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. വരണാധികാരികൂടിയായ െഡപ്യൂട്ടി കലക്ടർ ജോണി ജോസ് സത്യവാചകം ചൊല്ലിക്കൊടുത്തു.കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിൽ മുതിർന്ന അംഗം ബേബി ഐക്കര പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാഴത്തോപ്പിൽ പഞ്ചായത്തിലെ മുതിർന്ന യംഗം ആലീസ് ജോസിന് റിട്ടേണിങ് ഓഫിസർ അസി. രജിസ്ട്രാർ പി.സി. മോഹനൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മരിയാപുരത്ത് പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട മുതിർന്നഅംഗം ഷാജു പോളിന് റിട്ടേണിങ് ഓഫിസർ ജോസഫ് തോമസ് സത്യവാചകം ചൊല്ലിക്കൊടുത്തു.വാത്തിക്കുടിയിൽ മുതിർന്നയംഗം കനകക്കുന്നു വാർഡിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ലൈല മണി കോടങ്കയത്ത് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
കാമാക്ഷിയിൽ റിട്ടേണിങ് ഓഫിസർ സോണി മുതിർന്ന പഞ്ചായത്ത് അംഗം ജോസ് തൈച്ചേരിക്കു സത്യവാചകം ചൊല്ലിക്കൊടുത്തു. കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡ് അംഗം സി.വി. വർഗീസ്, തങ്കമണി സഹകരണ ബാങ്ക് പ്രസിഡൻറ് റോമിയോ സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.
കട്ടപ്പന: നഗരസഭയുടെ രണ്ടാമത് കൗൺസിൽ ഭരണസമിതി അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.നഗരസഭ ഹാളിൽ നടന്ന പ്രഥമ യോഗത്തിൽ വരണാധികാരിയായിരുന്ന മൂന്നാർ െഡപ്യൂട്ടി കലക്ടർ മുതിർന്ന അംഗമായ പി.ജെ. ജോണിന് ആദ്യം സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് പി.ജെ. ജോൺ ബാക്കി 33 കൗൺസിലർമാർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞ ചടങ്ങിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പ്രവർത്തകർ ഉൾപ്പെടെ അനവധിപേർ പങ്കെടുത്തു.
തൊടുപുഴ നഗരസഭയിൽ മനസ്സ് തുറക്കാതെ സ്വതന്ത്രർ
തൊടുപുഴ: നഗരസഭയിൽ യു.ഡി.എഫ്, എൽ.ഡി.എഫ് മുന്നണികള്‍ അധ്യക്ഷപദവികള്ക്കായി ചരടുവലി തുടങ്ങി.35 അംഗ നഗരസഭയില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാതെവന്നതിനെ തുടര്‍ന്നാണ് മുന്നണി സ്വതന്ത്രരെയടക്കം ഒപ്പംനിർത്തുന്നതിനായി ശ്രമങ്ങൾ ഊർജിതമാക്കിയിരിക്കുന്നത്. 35 അംഗ നഗരസഭയില്‍ യു.ഡി.എഫിന് 13, എൽ.ഡി.എഫിന് 12, ബി.ജെ.പി എട്ട് , സ്വതന്ത്രര്‍ രണ്ട് എന്നിങ്ങനെയാണ് കക്ഷി നില.
ചെയർമാൻ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നിഷ്പക്ഷ നിലപാട് സ്വീകരിച്ചാലും സ്വതന്ത്രന്മാരുടെ നിലപാട് ഇരു മുന്നണികള്‍ക്കും നിർണായകമാണ്. ഇതിനായാണ് രണ്ടു സ്വതന്ത്രന്മാരുമായി മുന്നണികള്‍ ചര്‍ച്ച നടത്തുന്നത്. രണ്ടുപേരുടെയും പിന്തുണ ലഭിച്ചാല്‍ മാത്രമേ എൽ.ഡി.എഫിന് പ്രതീക്ഷക്ക് വകയുള്ളു. ഒരാളുടെ പിന്തുണ ലഭിച്ചാല്‍ യു.ഡി.എഫിന് ഭരണം ഉറപ്പിക്കാം.
12 ാം വാര്‍ഡില്‍നിന്ന് വിജയിച്ച സനീഷ് ജോര്‍ജ്, 19ാം വാര്‍ഡില്‍നിന്ന് വിജയിച്ച നിസ സക്കീര്‍ എന്നിവരുടെ നിലപാടാണ് ഇത്തവണ നഗരസഭയിലെ ഭരണം നിര്‍ണയിക്കുന്നത്. രണ്ടു കൗണ്‍സിലര്‍മാരുമായി അടുപ്പമുള്ള നേതാക്കളുമായാണ് മുന്നണി നേതൃത്വം ചര്‍ച്ച നടത്തുന്നത്. കോണ്‍ഗ്രസ് സീറ്റ നിഷേധിച്ചതിനെ തുടര്‍ന്നാണ് നിസ സക്കീര്‍ വിമത സ്ഥാനാര്‍ഥിയായി മത്സരിച്ചു വിജയിച്ചത്. ഇവിടെ കൗണ്‍സിലറായിരുന്ന ഷാജഹാെൻറ നോമിനിയായിരുന്നു നിസ സക്കീര്‍.
മുന്നണി സ്ഥാനാര്‍ഥിക്കെതിരെ പ്രവര്‍ത്തിച്ചതിന് ഷാജഹാനെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍, അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ നിസ സക്കീര്‍ പിന്തുണക്കുമെന്നാണ് യു.ഡി.എഫിെൻറ പ്രതീക്ഷ. അതേസമയം, 12ാം വാര്‍ഡ് വിജയി സനീഷ് ജോര്‍ജ് ഇതുവരെ കൃത്യമായ നിലപാടെടുത്തിട്ടില്ല. ഇരു മുന്നണികളുമായി ചര്‍ച്ചകള്‍ തുടരുകയാണെന്ന് സനീഷ് ജോര്‍ജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.