തൊടുപുഴ: അശ്രദ്ധയും അമിതവേഗവും പതിവാകുമ്പോള്‍ നിരത്തുകളില്‍ ജീവനെടുക്കുന്ന അപകടങ്ങള്‍ ആവർത്തിക്കുന്നു. ജില്ലയിൽ മൂന്ന് മാസത്തിനിടെ 339 വാഹനാപകടം നടന്നതായാണ് കണക്ക്. ഇതിൽ 22 ജീവൻ പൊലിഞ്ഞു. 300 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചെറിയ അശ്രദ്ധപോലും ജീവൻ അപഹരിച്ച കാഴ്ചയാണ് അടുത്തിടെ നടന്ന റോഡപകടങ്ങളുടെ കാര്യത്തിൽ കണ്ടത്. മിക്കതും ഡ്രൈവർമാരുടെ ചെറിയ അശ്രദ്ധയിൽനിന്നും ഉണ്ടായതുമാണ്. തൊടുപുഴ-മൂവാറ്റുപുഴ റോഡിൽ രണ്ടാഴ്ചക്കിടെ രണ്ട് അപകടത്തിലായി മരിച്ചത് നാലു പേരാണ്. 2022ൽ ജില്ലയിൽ 65 ജീവൻ റോഡുകളിൽ പൊലിഞ്ഞതായാണ് കണക്ക്. 2021ൽ ജില്ലയിൽ 967 വാഹനാപകടമാണ് റിപ്പോർട്ട് ചെയ്തത്. 41 പേർ മരണപ്പെടുകയും ചെയ്തു. ശരാശരി ഒരു മാസം ചെറുതും വലുതുമായ അമ്പതോളം റോഡ് അപകടങ്ങൾ ജില്ലയിൽ ഉണ്ടാകുന്നുവെന്നാണ് കണക്ക്.
വാഹനം ഓടിക്കുന്നവരും യാത്രക്കാരും മാത്രമല്ല, കാൽനടക്കാരും വരെ അപകടത്തിൽ മരണപ്പെട്ടിട്ടുണ്ട്. അശ്രദ്ധമായ ഡ്രൈവിങ്ങിനൊപ്പം ജില്ലയിലെ റോഡുകളെ കുറിച്ചുള്ള പരിചയക്കുറവും അപകടം ക്ഷണിച്ചു വരുത്തുന്നു. ജില്ലയിലെ പല റോഡുകൾക്കും ആവശ്യമായ വീതിയോ വശങ്ങളിൽ സംരക്ഷണ ഭിത്തികളോ ഇല്ല. അമിതവേഗം, അശ്രദ്ധമായ ഡ്രൈവിങ് എന്നിവയാണ് മിക്ക അപകടങ്ങളുടെയും പ്രധാന കാരണം.
മദ്യപിച്ചും ഉറക്കമൊഴിച്ചും ഡ്രൈവിങ്, രാത്രിയിൽ ഹെഡ് ലൈറ്റ് ഡിം ചെയ്യാത്തത്, വാഹനം ഓടിക്കുന്നതിനിടയിലെ മൊബൈൽ ഫോൺ ഉപയോഗം, മത്സരയോട്ടം എന്നിവയിലും വർധനയുണ്ട്. റോഡ് ശോച്യാവസ്ഥയും അപകടങ്ങളിൽ പ്രധാന പങ്കുവഹിക്കുന്നു. ഇരുചക്രവാഹന യാത്രികർക്കാണ് പലപ്പോഴും അപകടങ്ങളിൽ ഗുരുതര പരിക്കേറ്റിട്ടുള്ളത്. അപകടങ്ങൾ കുറക്കുന്നതിന്റെ ഭാഗമായി അടുത്തിടെ വാഹനപരിശോധന ഊർജിതമാക്കുന്നുണ്ടെങ്കിലും ഒന്നും ഫലപ്രദമാകുന്നില്ല. ജില്ലയിൽ 20 മുതൽ മോട്ടോർ വാഹന വകുപ്പിന്റെ കാമറകൾ പ്രവർത്തനം ആരംഭിക്കുന്നതോടെ നിയമലംഘകരെ കൈയോടെ പിടികൂടാൻ കഴിയുമെന്നും അതുവഴി അപകടങ്ങൾ കുറക്കാൻ കഴിയുമെന്നുമാണ് അധികൃതരുടെ പ്രതീക്ഷ.
അടിമാലി: ചെമ്മണ്ണാർ ഗ്യാപ് റോഡിൽ ബൈസൺവാലിക്ക് സമീപം കാക്കാക്കട ഭാഗം സ്ഥിരം അപകട മേഖലയാണ്. കുത്തനെ ഇറക്കമുള്ള ഏഴ് കിലോമീറ്റർ വരുന്ന റോഡിന്റെ അശാസ്ത്രീയ നിർമാണമാണ് കാരണമായി പറയുന്നത്.
പരിചയമില്ലാത്തവർ ഇതുവഴി വരുമ്പോൾ വാഹനം നിയന്ത്രണം വിട്ട് കൊക്കയിലേക്ക് പതിക്കുകയാണ്. ഇവിടെ 50 ദിവസത്തിനിടെ ഉണ്ടായ 15 അപകടങ്ങളിൽ നാലുപേർ മരിച്ചു. നിർമാണ വേളയിൽ വയനാട് ചുരം മാതൃകയിൽ കയറ്റം കുറച്ച് റോഡ് നിർമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കുത്തനെയുള്ള ഇറക്കം നിലനിർത്തി ബി.എം ബി.സി നിലവാരത്തിൽ നിർമിച്ച റോഡിന് ഗ്രിപ്പും താരതമ്യേന കുറവാണ്. ബൈക്ക് യാത്രക്കാരാണ് കൂടുതലും അപകടത്തിൽപെടുന്നത്. റോഡ് കവാടത്തിൽ പൊലീസും മുന്നറിയിപ്പും സുരക്ഷാ ക്രമീകരണമുണ്ടെങ്കിലേ അപകടം കുറക്കാനാകൂ.
കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ അടിമാലി മുതൽ നേര്യമംഗലം വരെയുള്ള ഭാഗത്തും അപകടം പതിവാണ്. നേര്യമംഗലം മുതൽ വാളറ വരെ കാനനപാതയിൽ പലയിടത്തും ഒരു വാഹനത്തിന് പോകാനേ വീതിയുള്ളൂ. ചീയപ്പാറയിലും ചാക്കോച്ചി വളവിലും മണ്ണിടിഞ്ഞ് റോഡിന്റെ മധ്യഭാഗം വരെ കഴിഞ്ഞ വർഷം തകർന്നിരുന്നു. ദിവസവും ഒന്നിലധികം അപകടങ്ങളാണ് സംഭവിക്കുന്നത്. അടിമാലിക്കും പത്താം മൈലിനും ഇടയിലും വാഹനങ്ങൾ നിരന്തരം അപകടത്തിൽപെടുന്നുണ്ട്.
അപകടത്തിൽപെടുന്നവരിൽ അധികവും സഞ്ചാരികൾ
മുട്ടം: അപകടം പതിവായിട്ടും മൂലമറ്റം-മുട്ടം പാതയിലെ പ്രശ്നങ്ങൾക്ക് പരിഹാരമില്ല. റോഡിന്റെ അശാസ്ത്രീയ നിർമാണവും സൂചന ബോർഡുകളുടെ അഭാവവുമാണ് അപകടങ്ങൾക്ക് പ്രധാന കാരണം.
എന്നാൽ, ഇവ പരിഹരിക്കാൻ ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. തുടരെ അപകടങ്ങൾ സംഭവിക്കുകയും മരണങ്ങൾ കൂടുകയും ചെയ്തപ്പോർ ജില്ല ലീഗൽ സർവിസ് അതോറിറ്റി നേതൃത്വത്തിൽ വർഷങ്ങൾക്ക് മുമ്പേ ‘വഴിക്കണ്ണ്’ എന്ന പേരിൽ നടത്തിയ ബോധവത്കരണ പരിപാടി മാത്രമാണ് ഉണ്ടായ ഏകനടപടി.
അമിത വേഗവും സ്ഥലത്തെക്കുറിച്ചുള്ള പരിചയക്കുറവും മൂലമാണ് കൂടുതൽ അപകടങ്ങളും ഉണ്ടാകുന്നത്. അപകടത്തിൽപെടുന്നവരിൽ അധികവും അന്യജില്ലക്കാരായ വിനോദസഞ്ചാരികളാണ്. ഏഴാം മൈൽ മുതൽ മുട്ടം വരെയുള്ള പ്രദേശത്താണ് അപകടങ്ങൾ കൂടുതലും. ഇതിൽ അധികവും നടന്നിട്ടുള്ളത് ശങ്കരപ്പിള്ളി മേഖലയിലാണ്.
കട്ടപ്പന: അടിമാലി-കുമളി ദേശീയപാതയിൽ നാരകക്കാനത്തിനും കട്ടപ്പനക്കും ഇടയിൽ അപകടം പതിവാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇവിടെ മുപ്പതോളം അപകടങ്ങളാണ് ഉണ്ടായത്. കാർ നിയന്ത്രണം വിട്ടുമറിഞ്ഞ് യാത്രക്കാർ മരിച്ചത് അടുത്തിടെയാണ്.
കാൽവരിമൗണ്ടിന് സമീപം പത്താംമൈലിൽ കാർ നിയന്ത്രണം വിട്ടുമറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റതാണ് ഒടുവിലത്തെ അപകടം. ഓടിക്കൊണ്ടിരുന്ന ടാങ്കർ ലോറിയുടെ ഡീസൽ ടാങ്കിൽ കല്ല് തെറിച്ച് ടാങ്ക് പൊട്ടി ഡീസൽ വഴിയിൽ ചോർന്നതാണ് മറ്റൊരു അപകടം. നിരവധി ഇരുചക്ര വാഹനങ്ങളും കാറുകളും ഇവിടെ അപകടത്തിൽപെട്ടിട്ടുണ്ട്.
വാഹനങ്ങളുടെ അമിതവേഗവും ഡ്രൈവർമാരുടെ അശ്രദ്ധയുമാണ് മിക്ക അപകടങ്ങളുടെയും കാരണം. ഈ ദേശീയപാതയിൽ ചെറുതോണി മുതൽ പത്താം മൈൽവരെ വീതി കുറവാണ്.
പത്താം മൈൽ മുതൽ കട്ടപ്പന ടൗൺവരെയും കട്ടപ്പന മുതൽ കുമളിവരെയുമുള്ള ഭാഗങ്ങൾ റീടാറിങ് നടത്തി പുനഃക്രമീകരിച്ചിട്ടുണ്ട്. നാരകക്കാനം മുതൽ വെള്ളയാംകുടി വരെഭാഗങ്ങളിൽ മിക്കവാറും കനത്ത മൂടൽ മഞ്ഞ് ഉണ്ടാകാറുണ്ട്. ഇതും അപകടത്തിന് ഇടയാക്കുന്നുണ്ട്.
തൊടുപുഴ: വാഹനാപകടങ്ങളുടെ സ്ഥിരം റൂട്ടായി തൊടുപുഴ-മൂവാറ്റുപുഴ റോഡ്. കഴിഞ്ഞ ആറു മാസത്തിനിടെ ഈ റോഡിലുണ്ടായ അപകടങ്ങളിൽ മരിച്ചത് 11 പേർ. രണ്ടാഴ്ചക്കിടെ രണ്ട് അപകടത്തിലായി മരിച്ചത് നാലുപേർ. പരിക്കേറ്റവർ നിരവധി. വാഹനങ്ങളുടെ അമിതവേഗമായിരുന്നു മിക്കതിലെയും വില്ലൻ.
ഈ മാസം എട്ടിന് മടക്കത്താനത്ത് കാർ കടയിലേക്ക് ഇടിച്ചുകയറി പോത്താനിക്കാട് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ നജീബും തിങ്കളാഴ്ച രാവിലെ പാർസൽ വാൻ ഇടിച്ചുകയറി കാൽനടക്കാരായ യുവാവും പിഞ്ചുകുഞ്ഞും വയോധികയും മരിച്ചു. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ തൊടുപുഴ-മൂവാറ്റുപുഴ റോഡിൽ ഗതാഗത നിയന്ത്രണത്തിന് മതിയായ സംവിധാനമില്ലാത്തത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നത്.
തെറ്റായ ദിശയിലൂടെ മറ്റ് വാഹനങ്ങളെ അനധികൃതമായി മറികടക്കുക, തടിലോറികളുടെ അനധികൃത പാർക്കിങ്, ഭാരവാഹനങ്ങളുടെ അനിയന്ത്രിത സഞ്ചാരം, ചില ഭാഗങ്ങളിലെ റോഡിന്റെ വീതി കുറവ്, വാഹനങ്ങളുടെ സിഗ്നൽ ലൈറ്റുകൾ വേണ്ടവിധം പ്രവർത്തിപ്പിക്കാതിരിക്കൽ എന്നിവയെല്ലാം അപകടം ക്ഷണിച്ചുവരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.