തൊടുപുഴ: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഖനനത്തിന് ശേഷം ഉപേക്ഷിച്ച നിലയിൽ കിടക്കുന്ന പാറമടകളിലെ വെള്ളക്കെട്ടുകൾ അപകടഭീഷണി ഉയർത്തുന്നു.
ഏറ്റവുമൊടുവിൽ വെള്ളിയാഴ്ച തൊടുപുഴക്ക് സമീപം കൊതകുത്തിയിൽ പ്ലസ് വൺ വിദ്യാർഥി ആദിത്യനാണ് പാറക്കുളത്തിൽ മുങ്ങിമരിച്ചത്. വർഷങ്ങൾക്ക് മുമ്പ് പ്രദേശവാസിയായ ചന്ദ്രനും ഇവിടുത്തെ പാറക്കുളത്തിൽ മുങ്ങിമരിച്ചിരുന്നു.
പ്രദേശത്ത് ഇത്തരത്തിൽ നിരവധി പാറക്കുളങ്ങൾ ഇനിയുമുണ്ട്. ഇവിടങ്ങളിൽ മീൻപിടിത്തത്തിനും കുളിക്കുന്നതിനുമൊക്കെയായി നിരവധിപേർ എത്തുന്നുണ്ട്. സമീപ പഞ്ചായത്തുകളിലും ജില്ലയുടെ മിക്ക ഭാഗങ്ങളിലും ഇത്തരം പാറക്കുളങ്ങൾ ഭീതി വിതക്കുന്നുണ്ട്. കാഴ്ചയിൽ മേനാഹരമെന്ന് തോന്നുന്നുവെങ്കിലും മൂന്നാൾ താഴ്ചയിലെങ്കിലും വെള്ളം കാണും. പലർക്കും ഇത്തരം പാറക്കുളങ്ങളുടെ അപകട സാധ്യതകളെക്കുറിച്ച് അറിയില്ല.
ചരിഞ്ഞുകിടക്കുന്നതിനാല് ഇറങ്ങിച്ചെല്ലുന്തോറും ആഴം കൂടിവരും. ചളിനിറഞ്ഞ കുളത്തിെൻറ ആഴമില്ലാത്ത ഭാഗത്തുനിന്നും കുറച്ചുകൂടി ഇറങ്ങിച്ചെന്ന് ആദിത്യന് കുളിക്കാന്‍ ശ്രമിക്കവെ കാലുകള്‍ ചളിയില്‍ പൂണ്ടതാകാം അപകടകാരണമെന്നാണ് നാട്ടുകാർ പറയുന്നത്. മാത്രമല്ല ഇത്തരം പാറക്കുളങ്ങളുടെ പരിസരങ്ങൾ രാത്രിയാകുന്നതോടെ സാമൂഹികവിരുദ്ധ താവളം കൂടിയാകുകയാണെന്നും നാട്ടുകാർ ആരോപിക്കുന്നു.
അപായ സൂചനയോ മുന്നറിയിപ്പോ ഇല്ല
ഉപയോഗശൂന്യമായ ഇത്തരം പാറമടകളിൽ അപായ സൂചനകളോ മുന്നറിയിപ്പ് സംവിധാനങ്ങളോ ഇല്ല. ഇവയിൽ 15 അടി മുതൽ അമ്പതടിയിലധികം വരെ താഴ്ചയുള്ളവയുണ്ട്. ചിലത് വേനൽക്കാലത്ത് പോലും ജലസമൃദ്ധമാണ്.
അവധിക്കാലങ്ങളിലും മഴക്കാലം മാറുേമ്പാഴും കുട്ടികളും മുതിർന്നവരുമടക്കം നിരവധിപേർ ഇൗ പാറക്കുളങ്ങളിൽ കുളിക്കാനും തുണിയലക്കാനും മീൻപിടിക്കാനും എത്താറുണ്ട്.
അപകടങ്ങൾ ആവർത്തിക്കുേമ്പാഴും പാറക്കുളങ്ങൾക്ക് സംരക്ഷണവേലി സ്ഥാപിക്കാനോ മുന്നറിയിപ്പ് സംവിധാനങ്ങൾ ഒരുക്കാനോ തദ്ദേശസ്ഥാപന അധികൃതരോ സ്ഥലം ഉടമകളോ തയാറാകുന്നില്ല. പാറക്കുളത്തിെൻറ ആഴവും അപകടസാധ്യതയും അറിയാതെയാണ് പലരും ഇറങ്ങുന്നത്. ദിവസവും നിരവധി യാത്രക്കാരും വാഹനങ്ങളും സഞ്ചരിക്കുന്ന റോഡുകൾക്കരികിൽ വരെ ഇത്തരം പാറക്കുളങ്ങളുണ്ട്.
മതിയായ സുരക്ഷ സംവിധാനമില്ലാത്തത് ഇൗ റോഡുകളിലൂടെയുള്ള യാത്രകൾക്കും ഭീഷണിയാകുന്നു. പാറകൾ പൊട്ടിച്ചുനീക്കിയശേഷം പൂർണമായി ഉപേക്ഷിക്കുന്ന പാറക്കുളങ്ങൾ സ്ഥലമുടമയുടെ ചെലവിൽതന്നെ നികത്താനോ സംരക്ഷണവേലിക്കുള്ളിലാക്കാനോ തദ്ദേശസ്ഥാപനങ്ങൾ നടപടിയെടുക്കണമെന്നാണ് ആവശ്യം.
ഒമ്പതുമാസം; 15 മരണം
കയങ്ങളിലും നദികളിലും പൊലിയുന്ന ജീവനുകളുടെ എണ്ണം വർധിക്കുന്നു. 2021 ജനുവരി ഒന്ന് മുതൽ 15പേരാണ് ജില്ലയിലെ ജലാശയങ്ങളിൽ അപകടത്തിൽപ്പെട്ട് മരിച്ചത്. തൊടുപുഴ-അഞ്ച്, മൂലമറ്റം-മൂന്ന്, കട്ടപ്പന-രണ്ട്, ഇടുക്കി-രണ്ട്, മൂന്നാർ-ഒന്ന്, മൂന്നാർ-ഒന്ന്, നെടുങ്കണ്ടം- ഒന്ന് എന്നിങ്ങനെയാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ മുങ്ങിമരിച്ചവരുടെ എണ്ണം.
വേണം മുന്നറിയിപ്പ് ബോർഡുകളും സംരക്ഷണ വേലികളും- റെജി വി. കുര്യാക്കോസ് (ജില്ല ഫയർ ഓഫിസർ)
മുങ്ങിമരണങ്ങളിൽ പലതും ജലാശയങ്ങളിലും ഉപേക്ഷിക്കപ്പെട്ട നിലയിൽ വെള്ളം നിറഞ്ഞുകിടക്കുന്ന കുളങ്ങളിലും ക്വാറികളിലും ഒക്കെയാണ്.
അവിടെ ഏതുഭാഗത്ത് എത്ര ആഴമുണ്ടാകും എന്ന കാര്യത്തിൽ ഒരു ധാരണയും ആർക്കും ഉണ്ടാകാറില്ല. ഇത്തരം അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ മുന്നറിയിപ്പ്ബോർഡുകൾ സ്ഥാപിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുള്ളതാണ്.
അപകട സാധ്യതയുള്ള പാറക്കുളങ്ങൾ പഞ്ചായത്തുകൾ വേലികെട്ടി തിരിച്ചിടണം. സ്വകാര്യ വ്യക്തിയുടേതാണെങ്കിൽ ഉടമകളെക്കൊണ്ട് അത് ചെയ്യിക്കണം. റോഡുകൾക്കും മറ്റും അരികിലാണെങ്കിൽ പഞ്ചായത്തോ റവന്യൂ വകുപ്പോ ഇടപെട്ട് പരിഹാരം കാണണം. ജലാശയങ്ങളുടെ അപരിചിത സ്വഭാവം തന്നെയാണ് ജീവനെടുക്കുന്നതിെൻറ ഒരു പ്രധാന കാരണം. മാർഗ നിർദേശങ്ങൾ നൽകുകയും അപട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും ഇത്തരം പാറക്കുളങ്ങൾ കെട്ടിയടച്ചിടുകയും ചെയ്താലേ ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ കഴിയൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.