ഇടുക്കി: കട്ടപ്പന മുനിസിപ്പാലിറ്റിയില്‍ മൂന്നു വര്‍ഷമായി നിലനിന്ന കുടിവെള്ള പ്രശ്നം പരിഹരിച്ചു. കട്ടപ്പന കല്ലുകുന്ന് കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടായിരുന്ന തര്‍ക്കമാണ് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷിന്റെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയില്‍ പരിഹരിച്ചത്.
പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കട്ടപ്പന മുനിസിപ്പാലിറ്റിയും ജല അതോറിറ്റിയും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. വൈദ്യുതി ചാര്‍ജ് അടക്കുന്നത് സംബന്ധിച്ചും പദ്ധതി നടത്തിപ്പ് ചുമതല സംബന്ധിച്ചും വ്യക്തത ഉണ്ടായിരുന്നില്ല.
ഇതുമൂലം പ്രദേശത്ത് നിരവധി തവണ ജലവിതരണം മുടങ്ങുകയും ചെയ്തു. വൈദ്യുതി കുടിശ്ശിക 24 ലക്ഷം രൂപ ആയതോടെ ഇത് അടക്കുമെന്ന തര്‍ക്കവും രൂക്ഷമായിരുന്നു. ഇതിനിടെ പദ്ധതിയുടെ ചുമതല ജല അതോറിറ്റിക്ക് നഗരസഭ കൈമാറിയെങ്കിലും ഇതുസംബന്ധിച്ച നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നില്ല. ഇതോടെ നടത്തിപ്പ് പൂര്‍ണമായും ഏറ്റെടുക്കാന്‍ ജല അതോറിറ്റിക്ക് കഴിഞ്ഞതുമില്ല.
വൈദ്യുതി കണക്ഷന് അടക്കം മുനിസിപ്പാലിറ്റിയുടെ പേരിലായിരുന്നു. അതിനാല്‍ത്തന്നെ വൈദ്യുതി ബില്ല് മുനിസിപ്പാലിറ്റിക്കാണ് ലഭിച്ചുകൊണ്ടിരുന്നത്. ബില്‍ അടക്കുന്നത് സംബന്ധിച്ച തര്‍ക്കം നീണ്ടതോടെ മന്ത്രി റോഷി അഗസ്റ്റ്യൻ പ്രശ്നം പരിഹരിക്കാന്‍ ഇടപെടുകയായിരുന്നു. മന്ത്രിയുടെ സാന്നിധ്യത്തില്‍ തദ്ദേശസ്വയംഭരണ മന്ത്രി എം.ബി. രാജേഷിന്റെ അധ്യക്ഷതയില്‍ മുനിസിപ്പല്‍ ചെയര്പേഴ്സൻ ഷൈനി സണ്ണി അടക്കമുള്ള ജനപ്രതിനിധികളും ജല അതോറിറ്റി അധികൃതരും കെ.എസ്.ഇ.ബി പ്രതിനിധികളും ഉള്‍പ്പെടെയുള്ളവരുടെ യോഗം വിളിച്ചു ചേര്‍ത്തു. വൈദ്യുതി കുടിശ്ശികയില്‍ 10 ലക്ഷം രൂപ കട്ടപ്പന മുനിസിപ്പാലിറ്റി അടക്കാനും ബാക്കി തുക കേരള ജല അതോറിറ്റി അടക്കാനും യോഗത്തില്‍ തീരുമാനമായി. പദ്ധതിയുടെ നടത്തിപ്പ് ചുമതലയും ആസ്തികൈമാറ്റ നടപടി ക്രമങ്ങളും ഡിസംബര്‍ 31ന് മുമ്പായി പൂര്‍ത്തിയാക്കാനും യോഗത്തില്‍ ധാരണയായി.
അടുത്ത വര്‍ഷം ജനുവരി ഒന്നു മുതല്‍ പദ്ധതിയുടെ പരിപൂര്‍ണ ചുമതല ജല അതോറിറ്റി ഏറ്റെടുക്കാനും തീരുമാനിച്ചു. വൈസ് ചെയര്മാന് ജോയി ആനിത്തോട്ടം, സെക്രട്ടറി പ്രകാശ് കുമാര്‍, കൗണ്‍സിലര്‍മാരായ ഷാജി കൂത്തോടി, സിജോമോന്‍ ജോസ്, സുധര്‍മ മോഹന്‍, ജലഅതോറിറ്റി ടെക്നിക്കല്‍ മെംബര്‍ ജി. ശ്രീകുമാര്‍, ചീഫ് എൻജിനീയര്‍ (സി.ആര്) ടി.എസ്. സുധീര്‍, എക്സിക്യൂട്ടിവ് എൻജിനീയര്‍ ജതീഷ് കുമാര്‍, ആര്.ആര്. ബിജു, ഗുണഭോക്തൃ സംഘടന പ്രതിനിധി വി.ആര്. സജി, മുന്‍ മുനിസിപ്പല്‍ ചെയര്മാന് മനോജ് എം. തോമസ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.