ലഹരിക്കടത്തിന്​ തടയിടാൻ സ്​പെഷൽ ഡ്രൈവ്

തൊടുപുഴ: ക്രിസ്മസ്-പുതുവത്സരാഘോഷം ലഹരിയിൽ മുങ്ങാതിരിക്കാൻ ജാഗ്രതയോടെ എക്സൈസ്. വ്യാജമദ്യവും ലഹരി വസ്തുക്കളുടെ കടത്തും വിപണനവും തടയാൻ സ്പെഷൽ എൻഫോഴ്സ്മെന്‍റ് ഡ്രൈവ് ജില്ലയിൽ ആരംഭിച്ചു. ഇതിന്റെ ഭാഗമായി വാഹന പരിശോധന ഉൾപ്പെടെ കർശനമാക്കിയിട്ടുണ്ട്.

വ്യാജവാറ്റിന് സാധ്യതയേറിയ മലയോര, വനമേഖലകളിൽ എക്സൈസ് നിരീക്ഷണം ശക്തമാക്കും. വിനോദസഞ്ചാര കേന്ദ്രങ്ങളും പ്രത്യേകം നിരീക്ഷിക്കും. പൊലീസ്, റവന്യൂ, ഫോറസ്റ്റ് എന്നീ വകുപ്പുകളുമായി ചേർന്ന് സംയുക്ത പരിശോധനകൾ നടത്തും.

മുൻ വർഷങ്ങളെ അപേക്ഷിച്ച് ലഹരിമരുന്ന് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രതയോടെയാണ് എക്സൈസ് മുന്നോട്ടുപോകുന്നത്. അബ്കാരി-എൻ.ഡി.പി.എസ് കേസുകളിലെ സ്ഥിരം കുറ്റവാളികൾക്കെതിരെ മുൻകരുതൽ നടപടി കൈക്കൊള്ളാനും നിർദേശമുണ്ട്. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ ലക്ഷ്യമാക്കി വ്യാജമദ്യം, ലഹരി വസ്തുക്കൾ എന്നിവ വ്യാപകമായി എത്താനിടയുണ്ടെന്ന മുന്നറിയിപ്പുകളെത്തുടർന്നാണ് എൻഫോഴ്സ്മെന്റ് പ്രവർത്തനം ശക്തമാക്കിയത്.

കൺട്രോൾ റൂം തുറന്നു

മദ്യ-ലഹരിമരുന്ന് കുറ്റകൃത്യങ്ങൾ നേരിടുന്നതിന് ഇടുക്കി എക്സൈസ് ഡിവിഷൻ ഓഫിസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ജനുവരി മൂന്നുവരെ പ്രവർത്തിക്കും. വ്യാജമദ്യ, ലഹരിമരുന്നുകളെക്കുറിച്ച് ലഭിക്കുന്ന വിവരങ്ങൾ തൊടുപുഴയിലെ കൺട്രോൾ റൂമിൽ അറിയിക്കാം.

ഇത്തരത്തിൽ ലഭിക്കുന്ന വിവരങ്ങളിൽ അടിയന്തര നടപടികൾ സ്വീകരിക്കുന്നതിന് സർക്കിൾതലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ട്രൈക്കിങ് ഫോഴ്സ് ടീമിനെ നിയമിച്ചിട്ടുണ്ട്.ലൈസൻസ് സ്ഥാപനങ്ങളിൽനിന്നല്ലാതെ മദ്യം വാങ്ങി ഉപയോഗിക്കരുതെന്നും വ്യാജമദ്യ ഉപയോഗം മരണത്തിനുവരെ ഇടയാക്കാമെന്നും എക്സൈസ് മുന്നറിയിപ്പ് നൽകുന്നു.

വിവരങ്ങൾ അറിയിക്കാം

ജില്ലതല എക്സൈസ് കൺട്രോൾ റൂം - 18004253415 (ടോൾഫ്രീ നമ്പർ)

ഡെപ്യൂട്ടി എക്സൈസ് കമീഷണർ ഇടുക്കി, തൊടുപുഴ - 04862 222493, 9447178058.

അസി.എക്സൈസ് കമീഷണർ (എൻഫോഴ്സ്മെന്റ്), ഇടുക്കി -04862 232469, 9496002866

നാർകോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡ്, അടിമാലി-04864 225782

പിടികൂടിയത് 30 കിലോ കഞ്ചാവ്; 12.899 ഗ്രാം എം.ഡി.എ

പരിശോധനകളും ബോധവത്കരണവുമൊക്കെ കടുപ്പിക്കുമ്പോഴും ലഹരിക്കടത്ത് കേസുകളിൽ പിടിയിലാകുന്നവരുടെ എണ്ണം വർധിക്കുകയാണ്. ജനുവരി ഒന്നു മുതൽ ഡിസംബർ ഏഴു വരെ 30 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ഇവയോടൊപ്പം സിന്തറ്റിക് ഡ്രഗ്സുകളുടെ ഉപയോഗവും വിപണനവും ജില്ലയിൽ കൂടി വരുന്നതായാണ് എക്സൈസിന്‍റെ കണക്കുകൾ പറയുന്നത്.

ഇക്കാലയളവിൽ 12.899 ഗ്രാം എം.ഡി.എ കണ്ടെടുത്തു. ഒരു ഗ്രാമിന് 10,000 വരെ ഇവർ ആവശ്യക്കാരിൽനിന്ന് ഈടാക്കുന്നു. അര ഗ്രാമിന് മുകളിൽ കൈവശം വെച്ചാൽ 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഓൺലൈൻ വഴിയുള്ള ഇടപാടുകളും സജീവമാണ്. പിടിയിലാകുന്നവരെല്ലാം ഇടനിലക്കാരാണ്.

പരിശോധന വ്യാപകമാക്കിയ സാഹചര്യത്തിലാണ് പിടികൂടുന്ന കേസുകളുടെ എണ്ണം വർധിക്കുന്നതെന്ന് അധികൃതർ പറയുമ്പോഴും പിടികൂടുന്ന കേസുകൾ പരിശോധിച്ചാൽ ലഹരിയുടെ സ്വാധീനം ജില്ലയിൽ വർധിക്കുന്നതായാണ് കണക്കുകൾ. ജനുവരി മുതൽ നവംബർ വരെ 505 മയക്കുമരുന്ന് കേസാണ് പിടികൂടിയത്.

819 അബ്കാരി കേസും പിടികൂടി. തൊടുപുഴ കേന്ദ്രീകരിച്ച് പിടിയിലാകുന്നവരുടെ എണ്ണവും കൂടി വരുകയാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 17 മയക്കുമരുന്ന് കേസും 18 അബ്കാരി കേസും തൊടുപുഴയിൽ മാത്രം പിടികൂടി. ലഹരി വിൽപനയുടെ ഹബായി തൊടുപുഴ മാറുന്നതായി എക്സൈസ് അധികൃതരും ചൂണ്ടിക്കാട്ടുന്നു

Tags:    
News Summary - Special drive to prevent drug trafficking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.