ത​മി​ഴ്നാ​ട്ടി​ലെ ബോ​ഡി​നാ​യ്ക്ക​ന്നൂ​ർ സ്‌​പൈ​സ​സ്​ പാ​ർ​ക്കി​ൽ ന​ട​ന്ന സു​ഗ​ന്ധ​ഗി​രി ഏ​ജ​ൻ​സി​യു​ടെ

ഓ​ൺ​ലൈ​ൻ ലേ​ലം

ഏലം പ്രതിസന്ധി പരിഹരിക്കാൻ നടപടി തുടങ്ങി

കട്ടപ്പന: ഏലം പ്രതിസന്ധി പരിഹരിക്കാൻ സ്‌പൈസസ് ബോർഡ് നടപടികൾ തുടങ്ങി. ഉൽപാദനം ഈ വർഷം കുറയുമെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വിപണിയിൽ വില ഉയർച്ചയുടെ സൂചനകളും കണ്ടുതുടങ്ങി. വിലത്തകർച്ച പരിഹരിക്കാൻ ജൈവ ഏലക്ക വിദേശ വിപണിയിൽ എത്തിക്കുന്ന സ്‌പൈസസ് ബോർഡിന്റെ സേഫ് ടു ഈറ്റ് ഏലം പദ്ധതി ആഗസ്റ്റ് ആദ്യ പകുതിയിൽ ആരംഭിക്കുമെന്ന വിവരവും ഏലം വിപണിയിൽ ആശ്വാസമായി.

പുറ്റടി സ്‌പൈസസ് പാർക്കിൽ ശനിയാഴ്ച നടന്ന ഓൺലൈൻ ലേലത്തിൽ വില ഉയർച്ചയുടെ ആദ്യ സൂചനകൾ കണ്ടു. വെള്ളിയാഴ്ച നടന്ന മാസ് ഏജൻസീസിന്റെ ലേലത്തിൽ വിൽപനക്കായി പതിച്ച 88,634.5 കിലോഗ്രാമിൽ 79,385 കിലോ വിറ്റുപോയപ്പോൾ കൂടിയ വില 1545 രൂപയും ശരാശരി വില 1035.98 രൂപയും ലഭിച്ചിരുന്നു.

രണ്ട് ദിവസത്തെ ലേലത്തിലും ശരാശരി വില ആയിരത്തിനു മുകളിലേക്ക് ഉയരുന്ന പ്രവണതയാണ് കണ്ടത്. ആറു മാസമായി ശരാശരി വില 750-850 എന്ന നിലയിലായിരുന്നു. ഇപ്പോൾ ഉണ്ടായ വില ഉയർച്ചയുടെ പ്രധാന കാരണം ഉത്തരേന്ത്യൻ വ്യാപാരികളിൽനിന്നുള്ള ഡിമാൻഡാണ്. ഇതിനിടയാക്കിയത് ആഭ്യന്തര ഉൽപാദനം ഈ വർഷം കുറയുമെന്ന റിപ്പോർട്ടുകളും.

തുടർച്ചയായി വിലയിടിവ് ഉണ്ടായ സാഹചര്യത്തിൽ വില വീണ്ടും കുറയുമെന്ന ധാരണയിൽ കർഷകരും വ്യാപാരികളും അവരുടെ സ്റ്റോക്ക് വിറ്റഴിച്ചിരുന്നു. ഇതോടെ വിപണിയിലെ ഏലത്തിന്റെ വരവ് കുറഞ്ഞതും വില നേരിയ രീതിയിൽ ഉയരാൻ സഹായിച്ചിട്ടുണ്ട്. ഈ വർഷത്തെ വിളവെടുപ്പ് സീസൺ ആരംഭിച്ചിട്ടും വിപണിയിൽ എത്തുന്ന ഏലത്തിന്റെ അളവ് കുറവാണ്.

ഇതുമൂലം വ്യാപാരികൾ ലേലം വിളിക്കാൻ മത്സരിച്ചതും വില ഉയരാൻ ഇടയാക്കി.ഓണം, ദീപാവലി സീസൺ മുന്നിൽ കണ്ട് വ്യാപാരികൾ മാർക്കറ്റിൽ സജീവമായതും കർഷകർക്ക് തുണയായി. ഇപ്പോഴത്തെ സൂചനകൾ അനുസരിച്ചു ഏലക്ക വില 1500ലേക്ക് എത്താനും ഇടയുണ്ട്.

സ്വകാര്യ ഓൺലെൻ ലേല ഏജൻസികൾക്ക് നോട്ടീസ് നൽകി

സ്‌പൈസസ് ബോർഡിന്റെ അംഗീകാരമില്ലാതെ തമിഴ്നാട്ടിൽ ഓൺലൈൻ ലേലം നടത്തുന്ന ഏജൻസികൾക്കാണ് ബോർഡ് നോട്ടീസ് നൽകിത്തുടങ്ങി. ബോർഡിന്റെ അനുവാദമില്ലാതെ കർഷകരിൽനിന്ന് ലേലത്തിനായി ഏലക്ക പതിക്കാൻ പാടില്ലെന്നും അങ്ങനെ ചെയ്താൽ നിയമ നടപടി സ്വീകരിക്കുമെന്നുമാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്.

ഇപ്പോൾ സ്വകാര്യ ഏജൻസികൾ കർഷകരിൽനിന്ന് ലേലത്തിനായി ഏലക്ക ശേഖരിക്കുന്നുണ്ട്. എന്നാൽ, തങ്ങൾ കർഷകരിൽനിന്നല്ല വ്യാപാരികളിൽനിന്നാണ് ലേലത്തിനായി ശേഖരിക്കുന്നതെന്നാണ് സ്വകാര്യ ഏജൻസികളുടെ നിലപാട്.

ജൈവ ഏലക്ക കയറ്റുമതി ചെയ്യാൻ 'സേഫ് ടു ഈറ്റ്' പദ്ധതി

പുറ്റടി സ്‌പൈസസ് പാർക്കിൽ ഏലക്കയുടെ ഗുണനിലവാരം പരിശോധിക്കാൻ വിപുലമായ പരിശോധന സൗകര്യങ്ങൾ ഒരുക്കാൻ നടപടി തുടങ്ങി.ഇതിന്റെ ഭാഗമായി ജൈവ ഇന്ത്യൻ ഏലക്ക വിദേശ വിപണികളിലെത്തിക്കുന്ന 'സേഫ് ടു ഈറ്റ് പദ്ധതി' ആഗസ്റ്റ് ആദ്യ വാരം തുടങ്ങും. ജൂലൈ 30ന് ആരംഭിക്കാൻ ലക്ഷ്യമിട്ട പദ്ധതിയാണ് ആധുനിക ലാബുകളുടെ അഭാവത്തിൽ മാറ്റിവെച്ചത്.

കയറ്റിയയച്ച ഏലക്കയിൽ രാസവസ്തുക്കളുടെ അളവ് കൂടിയതിനെ തുടർന്ന് ഇന്ത്യൻ ഏലക്ക വിദേശ രാജ്യങ്ങളിൽനിന്നു പുറന്തള്ളുന്ന സാഹചര്യത്തിലാണ് 'സേഫ് ടു ഈറ്റ്' പദ്ധതി സ്‌പൈസസ് ബോർഡ് ആരംഭിക്കുന്നത്.

സ്‌പൈസസ് ബോർഡ് നേരിട്ട് കീടനാശിനിയുടെ തോത് പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകുന്ന ഏലക്ക മാത്രമായിരിക്കും ഈ പദ്ധതിയിൽപെടുത്തി ലേലത്തിനെത്തിക്കുക. ഈ പദ്ധതിയിൽ ഉൾപ്പെടുത്തി ലേലത്തിൽ വിൽക്കാൻ ആഗ്രഹിക്കുന്ന കർഷകർ ഒരാഴ്ച മുമ്പ് ലേല കേന്ദ്രത്തിൽ എത്തിക്കണം. ഇങ്ങനെ എത്തിക്കുന്നവയുടെ സാമ്പിൾ സ്‌പൈസസ് ബോർഡ് പരിശോധനക്ക് അയക്കും.

നിറം ചേർത്തിട്ടില്ലെന്ന് ബോധ്യപ്പെട്ടാൽ കീടനാശിനിയുടെ അളവ് നിർണയിക്കാൻ ലാബിൽ പരിശോധനക്ക് അയക്കും. നിലവിൽ സ്‌പൈസസ് ബോർഡിന്റെ കൊച്ചിയിലെ ലാബിലാണ് പരിശോധനക്ക് അയക്കുക. എന്നാൽ, കൂടിയ അളവിൽ എത്തുമ്പോൾ പരിശോധിക്കാൻ മികച്ച സൗകര്യമുള്ള കൂടുതൽ ലാബുകൾ ആവശ്യമായി വരും.

രാസവസ്തുക്കളുടെ അളവിന്റെ കാര്യത്തിൽ ഓരോ രാജ്യവും വ്യസ്ത്യസ്ത മാനദണ്ഡങ്ങളാണ് സ്വീകരിച്ചിട്ടുള്ളത്. ഇതോടെ പദ്ധതി നടപ്പാക്കണമെങ്കിൽ കൂടുതൽ ലാബുകൾ ആവശ്യമായിവന്നു. അതിനുള്ള ലാബുകൾ രണ്ടാഴ്ചക്കുള്ളിൽ ഒരുക്കാനാണ് സ്‌പൈസസ് ബോർഡ് ശ്രമം.എല്ലാ മാസത്തിന്റെയും അവസാനത്തെ ശനിയാഴ്ചയാകും സേഫ് ടു ഈറ്റ് പദ്ധതിയിൽ ലേലം നടക്കുക.

പരിശോധനക്ക് ചെലവാകുന്ന തുകയുടെ മൂന്നിലൊന്നു ഭാഗം സ്പൈസസ് ബോർഡ് വഹിക്കും. പരിശോധനവേളയിൽ ഏലക്കയിൽ അമിത കീടനാശിനി സാന്നിധ്യം കണ്ടെത്തിയാൽ പരിശോധനയുടെ മുഴുവൻ ചെലവും കർഷകൻ വഹിക്കണം. രാസവസ്തുക്കളില്ലാത്ത ഏലം കയറ്റുമതി ചെയ്യുന്നതിലൂടെ ഇന്ത്യൻ ഏലക്കക്ക് നഷ്ടപ്പെട്ട വിദേശ വിപണി തിരികെ പിടിക്കാമെന്ന പ്രതീക്ഷയിലാണ് സ്‌പൈസസ് ബോർഡ്.


Tags:    
News Summary - Steps have been taken to resolve the cardamom crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.