തൊടുപുഴ: കൊടും ചൂടിന് ആശ്വാസമായി ജില്ലയിൽ പലയിടങ്ങളിലും ശക്തമായ വേനൽമഴ. തൊടുപുഴ, കട്ടപ്പന, മൂന്നാർ എന്നിവിടങ്ങളിൽ ഞായറാഴ്ച വൈകീട്ടോടെ ശക്തമായ മഴയാണ് ലഭിച്ചത്. വരുംദിവസങ്ങളിലും വേനൽമഴ ലഭിക്കുമെന്ന കാലാസ്ഥ പ്രവചനത്തെ ആശ്വാസത്തോടെയാണ് ജനം കാണുന്നത്. തിങ്കളാഴ്ച ജില്ലയിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴക്കൊപ്പം മിന്നലും ശക്തിപ്രാപിക്കുന്ന സാഹചര്യമുണ്ട്. തൊടുപുഴ നഗരത്തിലും സമീപങ്ങളിലും ഞായറാഴ്ച വൈകീട്ട് ഒരുമണിക്കൂറോളം മിന്നലോടുകൂടിയ ശക്തമായ മഴയാണ് ലഭിച്ചത്. മൂന്നാറിൽ ഉച്ചക്ക് ഒന്നരമണിക്കൂറോളം മഴ പെയ്തു. രണ്ട് ദിവസമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശക്തമല്ലാത്ത മഴയുണ്ടായിരുന്നു. മൂന്ന് ദിവസമായി കട്ടപ്പന മേഖലയിൽ മഴയുണ്ട്. കുമളിയിലും മഴ ലഭിച്ചു. ഒരുമാസമായി ജില്ലയിൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. കനത്ത ചൂട് കാർഷിക മേഖലയിലടക്കം രൂക്ഷമായ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. മഴക്കായി ജനം കൊതിക്കുന്ന സാഹചര്യത്തിലാണ് വേനൽ മഴ മിക്കയിടങ്ങളിലും പെയ്തിറങ്ങിയത്. ജില്ലയിൽ ചൂടിനെ തുടർന്ന് പ്രതിസന്ധിയിലായ കാർഷിക -ക്ഷീര മേഖലക്കടക്കം മഴ ഗുണം ചെയ്യും.
കട്ടപ്പന: കാറ്റോടുകൂടി എത്തിയ മഴയിൽ പല സ്ഥലത്തും മരം വീണ് വൈദ്യുതിബന്ധം തകരാറിലായി. കട്ടപ്പന-കുട്ടിക്കാനം സംസ്ഥാന പാതയിൽ പാലാക്കടയ്ക്ക് സമീപം റോഡിലേക്ക് മരം വീണു. ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്ക് മുകളിലേക്കാണ് മരത്തിന്റെ ശിഖരം പതിച്ചെങ്കിലും യാത്രികർ തലനാരിഴക്ക് രക്ഷപ്പെട്ടു. ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം. ഇരുപതേക്കറിൽനിന്ന് ഉപ്പുതറ ഭാഗത്തേക്ക് ഓട്ടോ പോകുന്നതിനിടെയാണ് കൃഷിയിടത്തിൽ നിന്ന മുരിക്ക് മരം റോഡിലേക്ക് പതിച്ചത്. മരം വീഴുന്നതുകണ്ട് ഓട്ടോഡ്രൈവർ വാഹനം നിർത്തി. മരത്തിന്റെ ശിഖരം വന്നടിച്ചതിനെ തുടർന്ന് ഓട്ടോയുടെ ചില്ല് പൊട്ടിയെങ്കിലും ഡ്രൈവറും യാത്രക്കാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഒരു യുവതിയും മൂന്ന് കുട്ടികളുമാണ് ഈ സമയം വാഹനത്തിൽ ഉണ്ടായിരുന്നത്. ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികളാണ് ഇവരെ വാഹനത്തിൽനിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. മരം വീണതിനെ തുടർന്ന് കട്ടപ്പന -കുട്ടിക്കാനം പാതയിലൂടെയുള്ള ഗതാഗതം ഒരുമണിക്കൂറോളം തടസ്സപ്പെട്ടു. നാട്ടുകാരുടെയും അഗ്നിരക്ഷാസേനയുടെയും നേതൃത്വത്തിൽ മരം വെട്ടിമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ശക്തമായ മഴയെ തുടർന്ന് കട്ടപ്പന -ഇരട്ടയാർ റോഡിന്റെ ഭാഗമായ നത്തുകല്ലിന് സമീപത്തേക്ക് മണ്ണും കല്ലും ഒഴുകിയിറങ്ങിയത് അപകടാവസ്ഥ സൃഷ്ടിച്ചു. പ്രധാന പാതയിൽനിന്ന് പ്രവേശിക്കുന്ന റോഡിന്റെ നവീകരണത്തിന് എത്തിച്ച മെറ്റലും മറ്റുമാണ് മഴവെള്ളത്തിനൊപ്പം ഒഴുകിയെത്തിയത്. ബൈക്ക് യാത്രികർ ഉൾപ്പെടെ അപകടത്തിൽപെട്ടതോടെ വിവരമറിഞ്ഞ് അഗ്നിരക്ഷാസേനയെത്തി ഇവ നീക്കി. കട്ടപ്പന മേഖലയിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് പെയ്ത കനത്ത മഴയിലും കാറ്റിലും എലത്തോട്ടത്തിൽ മരം വീണ് നിരവധി കർഷകരുടെ ഏല കൃഷിക്ക് നാശമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.