തൊടുപുഴ: പുറത്തുനിന്ന് എത്തുന്നവരോട് ഇടുക്കിക്കാർ ഫ്രീയായി ഒരു ഉപദേശം നൽകാറുണ്ട്... ‘ഒരു കാരണവശാലും വെള്ളത്തിൽ ഇറങ്ങരുത്.. പ്രത്യേകിച്ച് ഡാമുകളിൽ..’ നീന്താനറിയാമെന്ന് ഊറ്റം കൊണ്ടാലും നാട്ടുകാര്‍ പറയും ‘അതിലൊന്നും കാര്യമില്ല കേട്ടോ...’
സംഗതിയുടെ നേരറിയാൻ ഒരൊറ്റ കണക്ക് നോക്കിയാൽ മതി. ജില്ലയിൽ എവിടെ മുങ്ങിമരണം ഉണ്ടായാലും പുറത്തെടുക്കേണ്ട സ്കൂബ ടീം തൊടുപുഴയിൽനിന്നാണ് എത്തേണ്ടത്. ഒരു വർഷത്തിനുള്ളിൽ 23 മൃതദേഹങ്ങൾ ഇവർ പുറത്തെടുത്തിട്ടുണ്ട്. മറ്റ് പലയിടങ്ങളിലും നാട്ടുകാരാണ് മരിച്ചവരെ പുറത്തെടുത്തത്. അതിനും കൈയും കണക്കുമൊന്നും കൃത്യമായില്ല. അങ്ങനെ മൊത്തം നോക്കുമ്പോൾ മുങ്ങിമരണം കൂടിക്കൂടി വരികയാണെന്ന് രക്ഷാപ്രവർത്തകരും പറയുന്നു.
തൊടുപുഴക്കാർക്ക് ഇപ്പോൾ ക്രിസ്മസ് ദിനങ്ങൾ അനിൽ നെടുമങ്ങാടിന്റെ കൂടി ഓർമദിനമാണ്. 2020ലെ ക്രിസ്മസ് ദിനത്തിലാണ് മലങ്കര ഡാമിൽ ചലച്ചിത്ര നടൻ അനിൽ നെടുമങ്ങാട് മുങ്ങിമരിച്ചത്. കമ്മട്ടിപ്പാടം, അയ്യപ്പനും കോശിയും തുടങ്ങിയ ചിത്രങ്ങളിലെ ശ്രദ്ധേയമായ വേഷങ്ങളിലൂടെ മലയാള സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ചുവരുന്നതിനിടയിലായിരുന്നു അനിലിന്റെ മരണം.
ഷൂട്ടിങ്ങിനായി തൊടുപുഴയിൽ എത്തിയ അനിൽ കൂട്ടുകാർക്കൊപ്പം ഡാമിൽ കുളിക്കാനിറങ്ങിയപ്പോഴാണ് കയത്തിൽപെട്ടത്. ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്തിയപ്പോഴേക്കും മരിച്ചുകഴിഞ്ഞിരുന്നു. ഇന്നും തൊടുപുഴക്കാർ വേദനയോടെ ആ ദുരന്തം ഓർക്കുന്നു.
പച്ചച്ചായം അടിഞ്ഞപോലെ കിടക്കുന്ന ഡാമുകളുടെ അടിത്തട്ടിന്റെ ആഴം അളക്കാനാവാത്തതാണ്. എല്ലാ സീസണിലും ടൂറിസ്റ്റുകൾ എത്തുന്ന ജില്ലയിലെ ഡാമുകളിലും അരുവികളിലും വെള്ളച്ചാട്ടങ്ങളിലും മരണം പതിയിരിക്കുന്നു.
നീന്തലറിയാമെന്ന ആത്മവിശ്വാസത്തിൽ ഡാമുകളിൽ ഇറങ്ങുന്നവർ പോലും മുങ്ങിമരണത്തിനിരയാവുന്നു.
കഴിഞ്ഞ ദിവസമാണ് തൊമ്മന്‍കുത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് ചെറുപ്പക്കാർ മുങ്ങിമരിച്ചത്. പൈങ്ങോട്ടൂര്‍ വാഴക്കാല ഒറ്റപ്ലാക്കല്‍ മോസസ് ഐസക് (17), ചീങ്കല്‍സിറ്റി താന്നിവിള ബ്ലസണ്‍ സാജന് (25) എന്നിവരാണ് കയത്തില്‍ മുങ്ങിമരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പൊന്മുടി ജലാശയത്തിൽ മീന്‍ പിടിക്കാന്‍ പോയ കലുങ്ക്സിറ്റി ചേലച്ചുവട് ചിമ്മിനിക്കാട്ട് ബിജുവിന്റെ മൃതദേഹം പിറ്റേ ദിവസമാണ് കണ്ടെത്തിയത്. ഒക്ടോബറില്‍ തൊടുപുഴക്ക് സമീപം കാളിയാര്‍ മുള്ളങ്കുത്തിയിലെ ചെക്ക്ഡാമിലും കൊച്ചുകരിന്തരുവി പുഴയിലും ആളുകള്‍ മരിച്ചിരുന്നു. പെരിയാറ്റിലും ഒട്ടേറെ മുങ്ങിമരണങ്ങള്‍ ഉണ്ടായി. മറ്റു ജില്ലകളില്‍നിന്നു വരുന്നവർ മാത്രമല്ല ഇവിടുത്തെ ഭൂപ്രദേശങ്ങളും ജലാശയങ്ങളെയും സംബന്ധിച്ച് വ്യക്തമായി അറിവുള്ള ഇടുക്കി ജില്ലക്കാരും അപകടത്തിൽപെടുന്നുണ്ട്.
നീന്തലറിയുന്നവർ പോലും മുങ്ങിമരിക്കുന്നത് എന്തുകൊണ്ടാണ് എന്ന് പലരും ചോദിക്കാറുണ്ട്.
വെള്ളത്തിൽ വീഴുമ്പോൾ മിക്കവരും ഭയന്നുപോകും. മുങ്ങാതിരിക്കാനും കൈകാലുകൾ ഇട്ടടിക്കുക സ്വാഭാവികമായും ശ്രമിക്കും. ഈ പ്രവർത്തനത്തിന് ശരീരത്തിലെ ഓക്സിജൻ കൂടുതൽ ഉപയോഗിക്കുന്നു. ആ സമയത്ത് രക്ഷപ്പെടുത്താനായില്ലെങ്കിൽ വ്യക്തി പൂർണമായും മുങ്ങിപ്പോകും.
വെള്ളം അകത്തേക്ക് കയറാതിരിക്കാനുള്ള പ്രതിരോധം എന്ന രീതിയിൽ ശ്വസിക്കാതിരിക്കുകയാണ് ശരീരം അപ്പോൾ ചെയ്യുക. അപ്പോൾ രക്തത്തിലെയും ശ്വാസനാളത്തിലെയും ഓക്സിജൻ അളവ് വളരെ അധികം കുറയുകയും കാർബൺ ഡയോക്സൈഡ് കൂടുകയും ചെയ്യും. രക്തത്തിലെ അസിഡിറ്റി കൂടും. തലച്ചോറ്, ഹൃദയം തുടങ്ങിയ അവയങ്ങളിലേക്ക് ഓക്സിജൻ വളരെ കുറയും. ചിലർക്ക് അപ്പോൾതന്നെ ബോധം നഷ്ടമാകുകയും കൂടുതൽ വെള്ളം ശരീരത്തിലേക്ക് കടക്കുകയും ചെയ്യും.
ബോധം നഷ്ടപ്പെടാത്തവർ ശ്വാസത്തിനായി ആഞ്ഞുവലിക്കുമ്പോൾ ഉള്ളിലേക്ക് വെള്ളം കടക്കും. അപ്പോൾ വെള്ളം ശ്വാസകോശത്തിൽ കയറാതിരിക്കാൻ ശ്വാസനാളം അടഞ്ഞിരിക്കും. ചിലർക്ക് ആ സമയംതന്നെ വരുന്ന മാറ്റങ്ങൾകൊണ്ടു ഹൃദയം നിലച്ചു മരണം സംഭവിക്കാം. കൂടുതൽ തണുത്ത വെള്ളം ആണെങ്കിൽ അതിനുള്ള സാധ്യത കൂടും.
ശ്വാസകോശത്തിലും രക്തത്തിലും അധികം വെള്ളം കടന്ന് മാറ്റങ്ങൾ സംഭവിക്കുന്നതിനു മുമ്പാണെങ്കിൽ രക്ഷപ്പെടുത്താം. രക്തകുഴലുകളിൽ കയറുന്ന വെള്ളം മൂലം ഓക്സിജന്റെ അളവ് വീണ്ടും കുറയുകയും ശ്വാസകോശത്തിൽ വീക്കം വരികയും ചുറ്റുമുള്ള കോശങ്ങൾക്ക് നാശമുണ്ടാവുകയും ഹൃദയം സ്തംഭിക്കുകയും ചെയ്യും. ചിലർക്ക് ശ്വാസം നിന്നു പോയി മരണം സംഭവിക്കാം, ഹൃദയകോശങ്ങൾ നശിച്ചു പോകുന്നതുകൊണ്ടും മരണം സംഭവിക്കാം. രക്തത്തിലെ പൊട്ടാസിയത്തിന്റെ അളവ് കൂടിയും ഹൃദയം നിലയ്ക്കാം.
ജില്ലയില്‍ എവിടെ വെള്ളത്തില്‍ വീണുള്ള അപകടങ്ങള്‍ ഉണ്ടാകുമ്പോഴും തൊടുപുഴയില്‍നിന്നുള്ള ഫയര്‍ഫോഴ്സിന്റെ സ്കൂബാ ടീമാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തേണ്ടത്. ഇവർ ഈ വര്‍ഷം മാത്രം ജില്ലയിലെ ജലാശയങ്ങളില്‍നിന്ന് മുങ്ങിയെടുത്തത് 23 മൃതദേഹങ്ങളാണ്.
ജലാശയങ്ങളുള്ള പ്രദേശങ്ങളിലാണ് ധാരാളം ടൂറിസ്റ്റുകൾ എത്തുന്നത്. ഈ പ്രദേശങ്ങളിൽ സ്കൂബ ടീമുകളെ കൂടുതൽ വിന്യസിക്കണം. ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ എത്തുന്ന ഹൈറേഞ്ചുകളിൽ സുരക്ഷാ ജീവനക്കാരെ കൂടുതൽ നിയോഗിക്കണം.
തദ്ദേശ സ്ഥാപനങ്ങൾ അപകടം വ്യക്തമാക്കുന്ന മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും ജലാശയങ്ങളിൽ ഇറങ്ങാതിരിക്കാൻ ജീവനക്കാരെ നിയോഗിക്കുകയും വേണം. അപകടങ്ങളെക്കുറിച്ച് ബോധവത്കരണം നൽകുന്ന പ്രത്യേക ഗൈഡുകളെ നിയമിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.