പീരുമേട്: ദേശീയപാത 183ലെ ക്രാഷ് ബാരിയറുകൾ തകർന്നുകിടക്കുന്നു. അപകട മേഖലകളിൽ മുന്നറിയിപ്പ് എന്ന നിലയിലാണ് ബാരിയറുകൾ നിർമിച്ചതെങ്കിലും ഇവയെല്ലാം വാഹനങ്ങൾ ഇടിച്ചാണ് തകർന്നതെന്നത് വിരോധാഭാസമായി. ദേശീയപാതയിൽ മുണ്ടക്കയം 35ാം മൈലിനും അമലഗിരിക്കുമിടയിൽ നിരവധിയിടങ്ങളിലാണ് ബാരിക്കേഡുകൾ തകർന്നിരിക്കുന്നത്.
കുത്തിറക്കവും കൊടുംവളവുകളുമുള്ള മേഖലയിൽ അപകടങ്ങൾ നിത്യസംഭവമാണ്. പതിവായുണ്ടാകുന്ന അപകടങ്ങളെ തുടർന്ന് റോഡിന്റെ വശങ്ങളിൽ സുരക്ഷ ഒരുക്കാൻ സ്ഥാപിച്ചിരിക്കുന്ന ബാരിയറുകൾ പലതും തകർന്ന നിലയിലാണ്. ഒരാഴ്ചക്കിടെ ചെറുതും വലുതുമായ എട്ട് അപകടങ്ങളാണ് ഈ ഭാഗത്തുണ്ടായത്. കഴിഞ്ഞ ഞായറാഴ്ച 35ാം മൈലിനു സമീപം ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും എട്ടുപേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് അമലഗിരിക്ക് സമീപമുണ്ടായ കാർ അപകടത്തിൽ നാലുപേർക്ക് പരിക്കറ്റു. ഒട്ടുമിക്ക ദിവസങ്ങളിലും പ്രദേശത്ത് വാഹനാപകടങ്ങൾ പതിവാണ്. മരുതുംമൂടിന് സമീപം ലൗലി വളവിൽ ഏതാനും നാളുകൾക്കു മുമ്പ് വാഹനം ഇടിച്ചുതകർന്ന ബാരിക്കേഡ് ഇതുവരെ പൂർവ സ്ഥിതിയിലാക്കിയിട്ടില്ല. ഇവിടെ സ്വകാര്യ വ്യക്തി ബാരിയറുകൾ നീക്കം ചെയ്ത് അനധികൃതമായി കടയും നിർമിച്ചു. എന്നിട്ടും ദേശീയ പാത അധികൃതർ നടപടി എടുത്തിട്ടില്ല. വർഷങ്ങൾക്ക് മുമ്പ് ഇവിടെയുണ്ടായ ബസ് അപകടത്തിൽ നിരവധി ജീവൻ പൊലിയുകയും നിരവധി വാഹനങ്ങൾ റബർതോട്ടത്തിലേക്ക് മറിയുകയും ചെയ്തിരുന്നു. ഡി.വൈ.എഫ്.ഐ ഉൾപ്പെടെയുള്ള സംഘടനകൾ സമരങ്ങൾ നടത്തിയതിന് ശേഷമാണ് ബാരിയർ സ്ഥാപിച്ചത്. ഇതാണ് നീക്കം ചെയ്തത്. മുണ്ടക്കയം മുതൽ പാമ്പനാർവരെ ഒമ്പത് സ്ഥലങ്ങളിൽ വാഹനാപകടങ്ങളിൽ തകർന്ന ബാരിക്കേഡുകൾ പുനഃസ്ഥാപിക്കാൻ ഇതുവരെ ദേശീയപാത വിഭാഗം തയാറായിട്ടില്ല. നിർമാണത്തിലെ അപാകതയാണ് ഇവ വേഗത്തിൽ തകരാൻ ഇടയാക്കുന്നതെന്ന് ആക്ഷേപമുണ്ട്. അപകടത്തിൽ തകർന്ന ബാരിക്കേഡുകൾ ചില സ്ഥലങ്ങളിൽ റോഡിലേക്കു വീണുകിടക്കുകയാണ്. ഇത് അപകട സാധ്യത വർധിപ്പിക്കുന്നു.
വീതി കുറഞ്ഞ ദേശീയപാതയിൽ ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. രാത്രി മൂടൽമഞ്ഞ് കൂടിയാകുന്നതോടെ ഇവിടെ അപകടസാധ്യത വർധിക്കുകയാണ്. തകരാറിലായ ബാരിക്കേഡുകൾ നവീകരിച്ച് സുരക്ഷ ശക്തമാക്കണമെന്ന ആവശ്യമുയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.