മൂലമറ്റം: ചൂട് കടുത്തതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗവും വർധിച്ചു തുടങ്ങി. വേനൽചൂടിൽനിന്ന് രക്ഷനേടാൻ എയർകണ്ടീഷണറുകളുടെയും ഫാനിന്‍റെയും ഉപയോഗം കൂടിയതാണ് ഉപഭോഗം ഉയരാൻ കാരണം. ചൊവ്വാഴ്ച രാവിലത്തെ കണക്കുപ്രകാരം സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപഭോഗം 82.57 ദശലക്ഷം യൂനിറ്റാണ്. ഫെബ്രുവരിവരെ ശരാശരി 79 ദശലക്ഷമായിരുന്നു. വേനൽ ശക്തമാകുന്നതിനു മുമ്പുതന്നെ വൈദ്യുതി ഉപയോഗം കുതിച്ചുയരുകയാണ്. വരും ദിവസങ്ങളിൽ ഉപഭോഗം ഇനിയും ഉയരുമെന്നാണ് കെ.എസ്.ഇ.ബി കണക്കാക്കുന്നത്. 2021 മാർച്ച് 19ന് രേഖപ്പെടുത്തിയ 88.42 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉപഭോഗമാണ് കെ.എസ്ഇ.ബിയുടെ സർവകാല റെക്കോഡ്. ഈ വർഷം ഈ റെക്കോഡ് മറികടക്കുമെന്നാണ് സൂചന.
സംസ്ഥാനത്തെ ഏറ്റവും വലിയ വൈദ്യുതി നിലയമായ ഇടുക്കിയിൽ കഴിഞ്ഞദിവസം 9.32 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചു. ശബരിഗിരിയിൽ 4.72, ഇടമലയാർ 1.21, കുറ്റ്യാടി 2.06, നേര്യമംഗലം 44, ലോവർപെരിയാർ 0.57 എന്നിങ്ങനെയാണ് മറ്റു നിലയങ്ങളിലെ ഉൽപാദനം.
സംസ്ഥാനത്തെ വൈദ്യുതി വകുപ്പിന്‍റെ ഡാമുകളിൽ എല്ലാം കൂടി 2767.93 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലം ശേഷിക്കുന്നുണ്ട്. ഇത് സംഭരണശേഷിയുടെ 67 ശതമാനമാണ്. ഉൽപാദനം വർധിപ്പിച്ചതോടെ ഡാമുകളിലെ ജലനിരപ്പ് ഗണ്യമായി താഴ്ന്നുതുടങ്ങി.
സംസ്ഥാനത്തെ അണക്കെട്ടുകളിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ വെള്ളം ശേഖരിച്ചിട്ടുണ്ട് എന്നത് ആശ്വാസമാണ്. 82.57 ദശലക്ഷം വൈദ്യുതി ഉപഭോഗത്തിൽ 23.30 ദശലക്ഷം യൂനിറ്റ് ആഭ്യന്തരമായി ഉൽപാദിപ്പിച്ചതും 59.27 ദശലക്ഷം യൂനിറ്റ് പുറം സംസ്ഥാനങ്ങളിൽനിന്ന് വാങ്ങിയതുമാണ്. വേനൽ കടുക്കുന്നതോടെ പുറം വൈദ്യുതിയുടെ വില വർധിക്കുന്നതിനാൽ ഇതിൽനിന്ന് രക്ഷ നേടാൻ ആഭ്യന്തര ഉൽപാദനം ഉയത്തേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.