ദൈവത്തിന്റെ സ്വന്തം നാട്ടിലെ സഞ്ചാരികളുടെ സ്വർഗമായ ഇടുക്കി ജില്ല പിറന്നിട്ട് ഇന്ന് അമ്പത് വർഷം തികയുന്നു. കുടിയേറ്റം മുതൽ കേരളത്തിന്റെ സാമ്പത്തിക കുതിപ്പിന് ആക്കം പകർന്ന ജില്ല സുവർണ ജൂബിലി നിറവിലും കാലത്തിന്റെ പുത്തൻ ചലനങ്ങൾക്കൊപ്പം ചുവടുവെക്കുകയാണ്. ജന്മം കൊണ്ടും കർമം കൊണ്ടും ജീവിതത്തിന്റെ വിവിധ മേഖലകളിൽ ഇടുക്കിയെ അടയാളപ്പെടുത്തിയവർ ഏറെ. ഈ നാടിനെ അടുത്തും അനുഭവിച്ചും അറിഞ്ഞ അവരിൽ ചിലർ പ്രതീക്ഷകളും ആശംസകളും പങ്കുവെക്കുകയാണിവിടെ....
കെ. രാധാകൃഷ്ണൻ (പട്ടികജാതി-പട്ടികവർഗ ക്ഷേമ, ദേവസ്വം മന്ത്രി)
എന്റെ അച്ഛനും അമ്മയും പുള്ളിക്കാനം തേയില തോട്ടത്തിലെ തൊഴിലാളികളായിരുന്നു. അച്ഛന്റെ നാട് തൃശൂർ ചേലക്കരയാണ്. തൊഴിൽ അന്വേഷിച്ചാണ് ഇടുക്കിയിൽ എത്തിയത്. ഒന്നാം ക്ലാസിൽ ചേർത്തപ്പോൾ സ്കൂളിൽ പോകാനുള്ള സൗകര്യത്തിന് എന്നെ ചേലക്കരയിലേക്ക് മാറ്റി. അവധി ദിവസങ്ങളിൽ അച്ഛനെത്തി എന്നെ പുള്ളിക്കാനത്തേക്ക് കൂട്ടിക്കൊണ്ട്പോകും.
ഇടുക്കിയിലെ ഭൂരിഭാഗം ജനങ്ങളും കുടിയേറിയവരാണ്. ബ്രിട്ടീഷുകാരുടെ തേയില തോട്ടങ്ങളിൽ പണിയെടുക്കാൻ തമിഴ്നാട്ടിൽനിന്നും കേരളത്തിന്റെ മറ്റ് ഭാഗങ്ങളിൽനിന്നും വന്നവർ. കുടിയേറ്റത്തിലൂടെ ഇടുക്കി വിവിധ ജനവിഭാഗങ്ങളുടെ വ്യത്യസ്ത സംസ്കാരത്തിന്റെ സംഗമ കേന്ദ്രമായി. കുടിയേറ്റത്തിന് നന്മകളും ദോഷങ്ങളുമുണ്ടായിരുന്നു. മനുഷ്യർ ജാതിയും മതവും മറന്ന് ഒന്നായി നിന്നു എന്നതാണ് ഏറ്റവും വലിയ നന്മ. അന്ന് തൊഴിലാളികൾക്ക് വലിയ സൗകര്യങ്ങളൊന്നും ലഭിച്ചിരുന്നില്ല. പുല്ല് മേഞ്ഞ ലയങ്ങളിലായിരുന്നു താമസം. പലരുടെയും ജീവിതം അടിമ സമാനമായിരുന്നു. യാത്രാസൗകര്യമുണ്ടായിരുന്നില്ല. പുള്ളിക്കാനത്തുനിന്ന് എട്ട് കിലോമീറ്റർ നടന്ന് വാഗമൺ ചന്തയിലെത്തിയാണ് സാധനങ്ങൾ വാങ്ങുക. ഞാൻ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് പുള്ളിക്കാനത്ത് ആദ്യമായി ബസ് വരുന്നത്.
ആറാം ക്ലാസിൽ പഠിക്കുമ്പോൾതന്നെ തോട്ടത്തിൽ ജോലിക്കിറങ്ങിയിരുന്നു. കൊളുന്ത് നുള്ളുന്നതടക്കം തേയിലയുടെ എല്ലാ ജോലിയും എനിക്കറിയാം. കുഴികുത്തി തൈവെക്കാനും മരുന്നടിക്കാനും തേയില ഫാക്ടറിയിലെ പണിക്കുമെല്ലാം പോയിട്ടുണ്ട്. അഞ്ച് രൂപയായിരുന്നു കൂലി. പുള്ളിക്കാനത്തിനും മൂലമറ്റത്തിനുമിടയിൽ നാട്ടുകാർ കെട്ടിയുണ്ടാക്കിയ മൂന്ന് തൂക്ക് പാലങ്ങളുണ്ടായിരുന്നു. തൂങ്ങിയാടുന്ന ആ പാലങ്ങളിലൂടെ പേടിച്ചാണ് യാത്ര ചെയ്തിരുന്നത്. മൂലമറ്റം പവർ ഹൗസ് നിർമാണം നേരിട്ട് കണ്ടിട്ടുണ്ട്. പാറ തുരന്നുള്ള നിർമാണത്തിനിടെ പലപ്പോഴായി നിരവധി പേർ മരിച്ചു. അതൊന്നും പുറം ലോകമറിഞ്ഞിരുന്നില്ല. ഇടുക്കി ഡാം നിർമാണത്തിനിടെ സിമന്റ് കൂട്ടുന്ന കൂറ്റൻ മെഷീനിൽ ചിലപ്പോൾ തൊഴിലാളികൾ അപകടത്തിൽപ്പെടും. പക്ഷേ, യന്ത്രം ഓഫാക്കില്ല. അങ്ങനെ മരിച്ച ഒട്ടേറെ തൊഴിലാളികളുടെ രക്തവും മാംസവും കണ്ണീരും കൂടി ചേർന്നതാണ് ഇടുക്കി അണക്കെട്ട്.
ഞങ്ങൾ എട്ട് മക്കളായിരുന്നു. ബന്ധുക്കൾ പലരും പുള്ളിക്കാനത്തുണ്ട്. അച്ഛൻ കെട്ടിയ ലയം ഇപ്പോഴും അവിടെയുണ്ട്. അച്ഛന്റെ ഓർമദിനമായ എല്ലാ വർഷവും ജനുവരി 15ന് ഞാൻ പുള്ളിക്കാനത്തെത്തും. രണ്ടോ മൂന്നോ ദിവസം ലയത്തിൽ താമസിക്കും. രണ്ടാഴ്ച മുമ്പും വന്നിരുന്നു. കോൺക്രീറ്റ് നിർമിതികൾ കൂടിയതോടെ വാഗമണ്ണിലും മൂന്നാറിലുമെല്ലാം ചൂട് വർധിക്കുകയാണ്. ഭൂപ്രകൃതിയെ സംരക്ഷിച്ചുകൊണ്ടാകണം ഇടുക്കിയുടെ വികസനം. അല്ലെങ്കിൽ ഭാവിയിൽ വലിയ ദുരന്തമാകും. തോട്ടം തൊഴിലാളികളുടെ ജീവിത നിലവാരം കുറച്ചുകൂടി മെച്ചപ്പെടുത്തണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. അധ്വാനിക്കാനും സമരം ചെയ്യാനുമെല്ലാം എന്നെ പഠിപ്പിച്ച ഇടുക്കിക്ക് പിറന്നാൾ ആശംസകൾ.
റോഷി അഗസ്റ്റിന് (ജലവിഭവ മന്ത്രി)
ഇടുക്കി ജില്ലയെ സംബന്ധിച്ച് 2022 സുവര്‍ണ ജൂബിലി വര്‍ഷമാണ്. ഒരു വര്‍ഷം നീളുന്ന ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വികസനത്തിന് മികച്ച മുന്നേറ്റംകുറിക്കുന്ന പദ്ധതികളാണ് വിഭാവനം ചെയ്ത് നടപ്പാക്കുന്നത്.
കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഓര്‍മകളാകും പോകുന്ന വര്‍ഷത്തെ അടയാളപ്പെടുത്തുന്നത്. അതിഭയങ്കരമായ പോരാട്ടവീര്യം പ്രകടിപ്പിച്ചവരാണ് നാം ഓരോരുത്തരും. ആ പോരാട്ടം ഇപ്പോഴും തുടരുകയാണ് നമ്മള്.
ഇടുക്കി ജില്ല രൂപവത്കരിച്ചിട്ട് 50 വര്‍ഷമാകുന്നു. നമ്മുടെ ജില്ലയുടെ വളര്‍ച്ച വിലയിരുത്തേണ്ട കാലം കൂടിയാണിത്. അര നൂറ്റാണ്ടിനുള്ളില്‍ ഈ മലയോര ജില്ല കൈവരിച്ച സമാനതകളില്ലാത്ത വളര്‍ച്ചയില്‍ വ്യക്തിപരമായി അഭിമാനമുണ്ട്. ഒരുപാട് പരിമിതികള്‍ക്കുള്ളില്‍ നിന്നാണ് നാം ഇന്നത്തെ ഇടുക്കിയായി രൂപാന്തരം പ്രാപിച്ചത്. സുവര്‍ണ ജൂബിലി വര്‍ഷത്തില്‍ വികസനത്തിലൂന്നിയ പദ്ധതികളാണ് തയാറാക്കിയിരിക്കുന്നത്. അതേസമയം ജില്ലയുടെ വികസനത്തിനായി ആവിഷ്കരിച്ച് നടപ്പാക്കാന്‍ ആഗ്രഹിക്കുന്ന ചില പദ്ധതികളും മനസ്സിലുണ്ട്.
ജില്ലയിലെ ഭൂപ്രശ്നം പരിഹരിച്ച് അര്‍ഹരായ മുഴുവന്‍ കര്‍ഷകര്‍ക്കും പട്ടയം നല്‍കുകയാണ് സര്‍ക്കാറിന്റെ പ്രഥമ പരിഗണന. ഇടുക്കി മെഡിക്കല്‍ കോളജിലെ ബാലാരിഷ്ടതകള്‍ മാറ്റി ആരോഗ്യ-വിദ്യാഭ്യാസ രംഗത്തെ മികച്ച സ്ഥാപനമാക്കി മാറ്റും. ജില്ലയിലെ ടൂറിസം സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്താനായി ഇടുക്കി, മൂന്നാര്‍, തേക്കടി ബന്ധിപ്പിച്ച് ടൂറിസം സര്‍ക്കിള്‍ യാഥാർഥ്യമാക്കും.
ഇടുക്കി പാക്കേജ് വിവിധ വകുപ്പുകളെ കോര്‍ത്തിണക്കി കാര്യക്ഷമമായി നടപ്പാക്കുന്നതോടെ ജില്ലയുടെ അടിസ്ഥാന വികസനത്തിനും സാമ്പത്തിക ഭദ്രതക്കും ഉണര്‍വ് നല്‍കാനാകും. റോഡുകള്‍, പാലങ്ങള്‍, നവീകരണം ആവശ്യമായ സര്‍ക്കാര്‍ ഓഫിസ് കെട്ടിടങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. ജില്ലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന എം.എല്‍.എമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ളവരുടെ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ വികസിത ഇടുക്കി എന്ന സ്വപ്നം നമ്മുക്ക് സാക്ഷാത്കരിക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. നന്മയുടെയും സാംസ്കാരികമായ വളര്‍ച്ചയുടെയും പ്രതീക്ഷകളുടെതും ആകട്ടെ ഇനിയുള്ള വര്‍ഷങ്ങൾ എന്ന് പ്രാര്‍ഥിക്കാം.
പി.ജെ ജോസഫ് എം.എൽ.എ (തൊടുപുഴ)
50 ലെത്തിയ ഇടുക്കി വളർച്ചയുടെ പാതയിലാണ്. അടിസ്ഥാന സൗകര്യ വികസനം, ടൂറിസം എന്നീ കാര്യങ്ങളിലെല്ലാം ഏറെ മുന്നോട്ട് പോയെങ്കിലും എന്നും ഉയർന്നു നിൽക്കുന്ന ഒന്നാണ് ജില്ലയിലെ ഭൂ പ്രശ്നങ്ങൾ. ഇവക്ക് പരിഹാരം കാണേണ്ടതുണ്ട്. നിരുപാധിക പട്ടയം എല്ലാവർക്കും നൽകുക എന്നത് പ്രധാനമാണ്.
കേരളത്തിന് ആവശ്യമായ പാൽ യഥേഷ്ടം നൽകാൻ കഴിയുന്ന ജില്ലയാണ് ഇടുക്കി. കാലാവസ്ഥ, പുല്ല് വളർത്താനുള്ള സ്ഥലങ്ങൾ, അത്യുൽപാദനശേഷിയുള്ള പശുക്കൾ എന്നിവയെല്ലാം ഇതിനനുകൂല ഘടകമാണ്. കന്നുപരിപാലനത്തിന് കൂടുതൽ ആനുകൂല്യങ്ങൾ നൽകി പാലുൽപാദനം വർധിപ്പിക്കാൻ കഴിയും. കാർഷിക മേഖലയിൽ ഏലത്തിന് ഗണ്യമായി വില കുറയുന്ന വിഷയത്തിൽ അധികൃതർ ഇടപെടണം. താങ്ങുവില നൽകണം.
മലങ്കര ടൂറിസത്തിന് 182 കോടിയുടെ പദ്ധതി സമർപ്പിച്ചിട്ടുണ്ട്. കേന്ദ്രവും സംസ്ഥാനവും ഒത്തുചേർന്ന് പദ്ധതിക്ക് മുൻ കൈയെടുക്കണം. സമഗ്ര മേഖലയെയും ഉൾപ്പെടുത്തിയുള്ളതായിരിക്കണം ഇടുക്കി മെഡിക്കൽ കോളജ്. മലങ്കരയിൽ ഒരു വിവിധോദ്ദേശ പാർക്ക് എന്ന പദ്ധതിയും ആലോചനയിലുണ്ട്. തൊടുപുഴയിലെ മാസ്റ്റർ പ്ലാൻ വിദഗ്ധ സമിതിയെക്കൊണ്ട് പഠിച്ച് അവതരിച്ച് നടപ്പാക്കിയാൽ എറണാകുളത്തിന്റെ ഉപനഗരമാക്കി മാറ്റാൻ കഴിയും.
എം.എം. മണി എം.എൽ.എ (ഉടുമ്പൻചോല)
ഇടുക്കി ജില്ലയായി പിറവികൊണ്ടതിന്റെ 50ാം വാർഷിക നിറവിലാണ് നാം. ഒട്ടനവധി പ്രതിസന്ധികൾ തരണം ചെയ്താണ് ജില്ല ഇന്ന് നമ്മൾ ഇന്ന് കാണുന്ന നിലയിലേക്കെത്തിയത്. ഈ നേട്ടങ്ങൾക്കായി പരിശ്രമിച്ചിട്ടുള്ള പൊതു പ്രവർത്തകരെയും ഉദ്യോഗസ്ഥരെയും പൊതുജനങ്ങളെയും നന്ദിയോടെ ഓർക്കുന്നു. ഇനിയുമേറെക്കാര്യങ്ങൾ നേടിയെടുക്കാനുണ്ട്. ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തി 12,000 കോടി രൂപയാണ് ജില്ലയുടെ പുനഃസൃഷ്ടിക്കും സമഗ്ര വികസനത്തിനുമായി സർക്കാർ അനുവദിച്ചിരിക്കുന്നത്.
സുവർണ ജൂബിലിയുടെ നിറവിൽ സർക്കാർ ജില്ലക്ക് നൽകിയിരിക്കുന്ന സമ്മാനമാണിത്. ഇടുക്കി പാക്കേജ് ലക്ഷ്യ പ്രാപ്തിയിലെത്തുന്നതോടെ സമഗ്ര വളർച്ച സാധ്യമാകും. അൻപതാം പിറന്നാൾ ആഘോഷിക്കുന്ന ജില്ലക്കും എല്ലാ പ്രിയപ്പെട്ട നാട്ടുകാർക്കും എല്ലാ ഭാവുകങ്ങളും നേരുന്നു. കൂടുതൽ നേട്ടമുള്ള വർഷങ്ങൾ വരട്ടെ എന്ന് ആശംസിക്കുന്നു .
ഡീൻ കുര്യാക്കോസ് (എം.പി)
പ്രളയവും പ്രകൃതിദുരന്തങ്ങളും കോവിഡ് മഹാമാരിയും മുന്നിൽനിൽക്കുമ്പോൾ അതിജീവനത്തിന്റെ പുത്തൻ ഭൂമിക തീർത്ത് മാനവരാശി 2022ലേക്ക് കടന്നിരിക്കുകയാണ്. ഇടുക്കിക്കിത് സുവർണ ജൂബിലി വർഷമാണ്.
പ്രതിസന്ധികളോട് പടവെട്ടി സ്വന്തം അധ്വാനംമാത്രം കൈമുതലായുണ്ടായിരുന്ന ഒരു ജനത, ജീവിതം കണ്ടെത്തിയതിന്റെയും വികസനപാതയിൽ പ്രയാണമാരംഭിച്ചതിന്റെയും അമ്പതാംവർഷം ചോരയും വിയർപ്പും കഠിനാധ്വാനവും കഷ്ടപ്പാടുകളും നമുക്കായി പങ്കുവെച്ച് കടന്നുപോയ പൂർവികർ; അവരുടെ ഉജ്വലമായ ഓർമകൾ നമുക്ക് കരുത്താകട്ടെ. ഇടുക്കിയെ പടുത്തുയർത്താൻ നമുക്ക് കരംകോർക്കാം. ഏവർക്കും പുതുവത്സരത്തിന്റെയും ജില്ല രൂപവത്കരണത്തിന്റെ സുവർണ ജൂബിലിയുടെയും ആശംസകൾ.
എ.രാജ എം.എൽ.എ (ദേവികുളം)
ഇടുക്കിയുടെ വരും നാളുകൾ പ്രതീക്ഷയുടെതായിരിക്കട്ടെ എന്ന ആശംസയാണ് ഈ അവസരത്തിൽ ആദ്യമായി നൽകാനുള്ളത്. ജില്ലയുടെ ഏറ്റവും വലിയ സവിശേഷതയാണ് കാലാവസ്ഥയും പ്രകൃതിയും. അതുകൊണ്ട് തന്നെ ലോകത്തിന്റെ വിവിധ കോണുകളിൽനിന്ന് സഞ്ചാരികൾ ഇവിടേക്കെത്തുന്നു. മൂന്നാറടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം ഇന്ന് വികസന പാതയിലാണ്. ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യവികസനം ഒരുപരിധിവരെ ലക്ഷ്യ പ്രാപ്തിയിലെത്തിയിട്ടുണ്ട്.
കാലഘട്ടത്തിനനുസരിച്ചുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണ്. കർഷകരും തൊഴിലാളികളും നേരിടുന്ന ഒട്ടേറെ പ്രശ്നങ്ങൾ നിലവിലുണ്ട്. ഇവ സമയ ബന്ധിതമായി പരിഹരിക്കും. തോട്ടം മേഖലയിൽ സ്വന്തമായി ഭൂമിയും വീടും ഇല്ലാത്തവർ ഇപ്പോഴുമുണ്ട്. പലർക്കും സർക്കാർ ലൈഫ് പദ്ധതിയിൽ പെടുത്തി വീട് നിർമിച്ചിട്ടുണ്ട്. അവശേഷിക്കുന്നവരുടെയും വീടെന്ന സ്വപ്നം ഉടൻ സാക്ഷാത്കരിക്കും.
മൂന്നാറിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാൻ ഫ്ലൈഓവറിന്റെ പ്രാരംഭ ഘട്ട നടപടികൾ ആരംഭിച്ചിട്ടുണ്ട്. പ്രളയത്തിൽ തകർന്ന മൂന്നാർ ആട്ടുപാലത്തിന്റെ ജോലികളും തകർന്ന റോഡിന്റെ നിർമാണങ്ങളും പുരോഗമിക്കുകയാണ്.
വാഴൂർ സോമൻ എം.എൽ.എ (പീരുമേട്)
ജില്ലയുടെ 50 ാം വാർഷിക ആഘോഷ വേളയിലാണ് നാം. കേന്ദ്ര സർക്കാർ ആവിഷ്കരിച്ച് വരുന്ന കാർഷിക നയങ്ങൾ ജില്ലയെ തകർക്കുന്ന ഗുരുതര സാഹചര്യമാണുള്ളത്. ടീ ആക്ടും സ്പൈസസ് ആക്ടും ദേദഗതി ചെയ്ത് കോർപറേറ്റ് വത്കരണത്തിന് ആക്കം കൂട്ടുകയാണ്.
ഇത് ചെറുകിട, ഇടത്തരം കൃഷിക്കാരെ ഗുരുതരമായി ബാധിക്കും. ഇതിൽനിന്ന് കരകയറാൻ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഇടുക്കി പാക്കേജാണ് ആശ്വാസമാകുന്നത്. ഇതിൽ അനുവദിച്ചിട്ടുള്ള കാർഷിക തോട്ടം ടൂറിസം രംഗത്ത് ഫണ്ട് ദീർഘവീക്ഷണത്തോടെ ചെലവഴിക്കണം. ഭൂ പ്രശ്നം പ്രധാനമാണ്. പരിസ്ഥിതി സംരക്ഷണത്തിനൊപ്പം കാർഷിക മേഖലയും സംരക്ഷിക്കപ്പെടണം. കർഷകരുടെ താൽപര്യം സംരക്ഷിക്കാനുള്ള നടപടികൾക്കാകണം മുൻതൂക്കം നൽകേണ്ടത്. പൂട്ടിക്കിടക്കുന്ന തോട്ടങ്ങൾ തുറക്കേണ്ടത് അത്യന്താപേക്ഷിതമാണ്. കുടിവെള്ളം, ഗതാഗത, പാർപ്പിട പ്രശ്നങ്ങൾക്കും പരിഹാരം കാണണം. ജനപ്രതിനിധികളുടെയും ജനങ്ങളുടെയും കൂട്ടായ പരിശ്രമത്തിലൂടെ ഇടുക്കിക്ക് വേണ്ടതെല്ലാം നേടിയെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.