തൊടുപുഴ: വരൾച്ചയിലും വേനൽ മഴയിലും കാറ്റിലുമായി ഈ വർഷം ജില്ലയിലുണ്ടായത് രണ്ടര കോടിയോളം രൂപയുടെ കൃഷി നാശം. വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ എത്തിയതും വിളവെടുക്കാറായതുമായ കാർഷികോൽപ്പന്നങ്ങൾ വരൾച്ചയിൽ ഉണങ്ങിയും കാറ്റിലും മഴയിലും ഒടിഞ്ഞും നശിച്ചവയിൽ ഉൾപ്പെടുന്നു. വിലത്തകർച്ചയും ഉൽപ്പാദനത്തിലുണ്ടായ ഇടിവും വന്യമൃഗ ആക്രമണവും കാർഷിക ഖേമലയിൽ സൃഷ്ടിച്ച കടുത്ത പ്രതിസന്ധിക്ക് പിന്നാലെ വേനൽ മഴയിൽ വിളകൾക്കുണ്ടായ നാശം ജില്ലയിലെ കർഷകരെ കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്.
ഈ വർഷം ജനുവരി ഒന്ന് മുതൽ മേയ് 13 വരെ ജില്ലയിൽ 87.97 ഹെക്ടറിലെ 2.47,90,000 രൂപയുടെ കാർഷിക വിളികൾ മഴയിലും കാറ്റിലും വരൾച്ചയിലുമായി നശിച്ചിട്ടുണ്ടെന്ന് കൃഷി വകുപ്പിന്റെ കണക്ക്. 922 കർഷകരെ ഇത് ബാധിച്ചു. കുലച്ചതും അല്ലാത്തതുമായ വാഴ, റബ്ബർ, കാപ്പി, കുരുമുളക്, ഏലം, പച്ചക്കറി, നെല്ല് തുടങ്ങിയവയാണ് പ്രധാനമായും നശിച്ചത്. മുൻ വർഷങ്ങളിൽ വിവിധ കാരണങ്ങളാൽ കൃഷി നശിച്ചവർ നഷ്ടപരിഹാരത്തിന് അപേക്ഷ നൽകി കാത്തിരിക്കുകയാണ്. ഇതിനിടയിലാണ് പ്രതികൂല കാലാവസ്ഥ വീണ്ടും കർഷകർക്ക് തിരിച്ചടിയായത്.
വായ്പയെടുത്തും ഭൂമി പാട്ടത്തിനെടുത്തും കൃഷിയിറക്കിയവരെയാണ് പ്രതിസന്ധി കാര്യമായി ബാധിച്ചത്. ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചവർ കൃഷിയിൽനിന്നുള്ള വരുമാനം കൊണ്ട് കടക്കെണിയിൽ നിന്ന് കരകയറാം എന്ന പ്രതീക്ഷയിലായിരുന്നു. വർധിച്ച ഉൽപ്പാദനച്ചെലവ്, വളം വിലയും തൊഴിലാളികളുടെ കൂലിയും അടക്കമുള്ളവയിലുണ്ടായ വർധനവ്, നിരന്തരം ഉണ്ടായ വന്യജീവി ആക്രമണം എന്നിവ മൂലം കൃഷി നഷ്ടത്തിലേക്ക് നീങ്ങുന്നു എന്നാണ് കർഷകർ പറയുന്നത്.
ജില്ലയിലെ കർഷകരിൽനിന്ന് മാസങ്ങൾക്ക് മുമ്പ് പച്ചക്കറി സംഭരിച്ച വകയിൽ ഹോർട്ടികോർപ്പ് ഇപ്പോഴും പണം നൽകാനുണ്ട്. ഇത്തരം പ്രതിസന്ധികൾക്കെല്ലാമിടയിലാണ് കാറ്റിലും മഴയിലുമുണ്ടാകുന്ന കൃഷിനാശം.വന്യ ജീവി ആക്രമണത്തിൽ മാത്രം കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ജില്ലയിൽ 31.66 ലക്ഷം രൂപയുടെ കൃഷി നശിച്ചതായാണ് പ്രാഥമിക കണക്ക്. 17.3 ഹെക്ടറിലെ നൂറോളം കർഷകരുടെ കൃഷിയിടങ്ങൾ വന്യജീവി ആക്രമണത്തിന് ഇരയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.