തൊടുപുഴ: കൊടും ചൂടിന് ആശ്വാസമായി ജില്ലയിൽ പലയിടങ്ങളിലും വേനൽമഴ ലഭിച്ചുതുടങ്ങി. തൊടുപുഴയിലും സമീപങ്ങളിലും രണ്ടു ദിവസമായി വേനൽമഴ പെയ്യുന്നത് ഒരു പരിധി വരെ ആശ്വാസമായി. ചൂടിനെ തുടർന്ന് നട്ടംതിരിഞ്ഞ കാർഷിക മേഖലയിലും വേനൽമഴ കുളിരേകി. വരുംദിവസങ്ങളിലും മഴ തുടർന്നാൽ കരിഞ്ഞുണങ്ങിയതെല്ലാം തലയുയർത്താൻ തുടങ്ങും. മഴ പെയ്ത സ്ഥലങ്ങളിൽ കടുത്ത ചൂടിന് അൽപം ആശ്വാസവുമുണ്ട്. വേനൽമഴയിൽ ഇത്തവണ 69 ശതമാനത്തിന്റെ കുറവാണ് അനുഭവപ്പെടുന്നത്. മാർച്ച് ഒന്നു മുതൽ മേയ് 12 വരെ ജില്ലയിൽ ലഭിച്ചത് വെറും 87.33 മില്ലീമീറ്റർ മഴയാണ്. 279.22 എം.എം മഴയാണ് ലഭിക്കേണ്ടിയിരുന്നത്. മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള കടുത്ത ചൂടാണ് ഇത്തവണ ജില്ലയുടെ വിവിധ മേഖലകളിൽ അനുഭവപ്പെട്ടത്.
കാർഷിക വിളകളടക്കം ജില്ലയിൽ വരണ്ടുണങ്ങി. കനത്ത ചൂടിനെ തുടര്‍ന്നുണ്ടായ വരള്‍ച്ചയില്‍ ആകെ 44.05 കോടി രൂപയുടെ നാശനഷ്ടമാണ് കൃഷി വകുപ്പ് കണക്കാക്കുന്നത്. ഫെബ്രുവരി ഒന്നുമുതല്‍ വെള്ളിയാഴ്ച വരെയുള്ള കണക്കാണിത്. 2244.44 ഹെക്ടറിലായി 13,398 കര്‍ഷകരുടെ കൃഷിയാണ് നശിച്ചത്. തൊടുപുഴയിലും സമീപ പഞ്ചായത്തുകളിലും കട്ടപ്പന കാഞ്ചിയാർ മേഖലകളിലും വേനൽമഴയിൽ വ്യാപക നാശമുണ്ടായി. നിരവധിയിടങ്ങളിലാണ് മരങ്ങള്‍ കടുപുഴകിയും ശിഖരങ്ങള്‍ ഒടിഞ്ഞും നാശമുണ്ടായത്. നിരവധി പേരുടെ വാഴ, കപ്പ പോലുള്ള കൃഷികളും കാറ്റില്‍ നശിച്ചു.
തൊടുപുഴ: വേനൽമഴ ശക്തിപ്രാപിച്ചതോടെ ജില്ലയിൽ വൈദ്യുതി മുടക്കം പതിവാകുന്നു. വൈദ്യുതി ലൈനിലേക്ക് ചുള്ളിക്കമ്പോ ഇലയോ വീണാലും ചെറിയ കാറ്റടിച്ചാലും ഉടൻ വൈദ്യതി പോകുന്ന സ്ഥിതിയാണ്. പിന്നീട് തിരികെയെത്തുമ്പോഴേക്കും മണിക്കൂറുകളെടുക്കും. വേനൽക്കാലത്തും മഴക്കാലത്തും ഇതേ അവസ്ഥയാണ്. എപ്പോഴും വൈദ്യുതി മുടങ്ങുന്നത് ജനങ്ങളെ ദുരിതത്തിലാക്കുന്നു.
ഹോട്ടൽ, ബേക്കറി, റസ്റ്റാറന്റുകൾ, മെഡിക്കൽ ഷോപ്പുകൾ, കോൾഡ് സ്റ്റോറേജുകൾ, ആശുപത്രികൾ, സോമിൽ തുടങ്ങിയ വ്യാപാരമേഖലയിൽ ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. വൈദ്യുതി സംബന്ധമായ ഉപഭോക്താക്കളുടെ പരാതികൾ അറിയിക്കാൻ വെവ്വേറെ ഫോൺ നമ്പറുകൾ നൽകിയിട്ടുണ്ടെങ്കിലും വിളിച്ചാൽ കിട്ടില്ലെന്ന ആക്ഷേപവുമുണ്ട്. ചിലപ്പോൾ നമ്പറുകൾ പ്രവർത്തനരഹിതമായിരിക്കും. ഇതേ ചൊല്ലി കഴിഞ്ഞ ദിവസം തൊടുപുഴ കെ.എസ്.ഇ.ബി ഓഫിസിലേക്ക് നാട്ടുകാർ രാത്രി പ്രതിഷേധവുമായി എത്തിയിരുന്നു. വൈദ്യുതി തകരാറുകൾ പരിഹരിക്കാൻ ബന്ധം വിച്ഛേദിക്കാനും പുനഃസ്ഥാപിക്കാനും ഒരു നിയന്ത്രണവുമില്ലെന്നും ആക്ഷേപമുണ്ട്.
അതേസമയം, വേനൽമഴയിൽ പോസ്റ്റുകളും മറ്റും ഒടിഞ്ഞുവീണ് കെ.എസ്.ഇ.ബിക്ക് വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. തൊടുപുഴ മേഖലയിൽ നിരവധി പോസ്റ്റ് ഒടിയുകയും ലൈൻ കമ്പികൾ പൊട്ടിവീഴുകയും ചെയ്തിരുന്നു. ഇതാണ് വൈദ്യുതി തടസ്സത്തിനിടയാക്കിയതെന്നും ഇവ പുനഃസ്ഥാപിച്ചതായും കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.