ഒറ്റദിവസ പരിശീലനം; കഥാപ്രസംഗത്തെ വരുതിയിലാക്കി സിസ്റ്റർ
തൊടുപുഴ: ഒരേയൊരു ദിവസം മാത്രമാണ് പരിശീലനത്തിന് ലഭിച്ചത്. അതുതന്നെ സിസ്റ്റർ ആനി അഹല്യക്കും സംഘത്തിനും ധാരാളമായിരുന്നു. കഥാപ്രസംഗത്തെ വരുതിയിലാക്കി വേദിയിലെത്തിച്ച് സദസ്സിന്റെ മനംകവർന്നാണ് സിസ്റ്റർ ആനി അഹല്യയും സംഘവും അൽഅസ്ഹർ കോളജ് വിട്ടത്. നാട് നേരിടുന്ന ഏറ്റവും വലിയ ദുരിതമായ വന്യജീവി ആക്രമണം സാധാരണക്കാര്‍ക്കുണ്ടാക്കുന്ന പ്രയാസങ്ങളാണ് അവതരിപ്പിച്ചത്.
മൈലക്കൊമ്പ് സെന്റ് തോമസ് കോളജിലെ അധ്യാപക വിദ്യാർഥിയാണ് സിസ്റ്റർ ആനി. സിസ്റ്ററിന്റെ കഥാപ്രസംഗത്തിൽ ഹാര്‍മോണിയവുമായി അകമ്പടിയേകിയത് അധ്യാപക വിദ്യാര്‍ഥിയും പുരോഹിതനുമായ ഫാ. സാന്റോ കുര്യനാണ്.
സിസ്റ്റർ ആനി അഹല്യയും ടീമും
158 പേരിൽ ഒന്നാമൻ, വൈശാഖൻ
തൊടുപുഴ: രക്തമെല്ലാം ഒഴുകിപ്പോയ്, ക്ഷയിച്ചു ശക്തി, സിരകൾ രിക്തമായ്; പ്രാണപാശമറുമാറായി; അക്കിടപ്പിലുമവളാ യുവമുനിയെ വീക്ഷിപ്പാൻ പൊക്കിടുന്നു തല, രാഗവൈഭവം കണ്ടോ!” കുമാരനാശാന്റെ ‘കരുണ’ എന്ന കവിതയിൽ വാസവദത്ത ശിക്ഷിക്കപ്പെട്ട് ചുടുകാട്ടിൽ അവശനിലയിൽ കിടക്കുമ്പോൾ ഉപഗുപ്തൻ കാണാൻ വരുന്ന സന്ദർഭത്തെ വേദിയിൽ വൈശാഖൻ അവതരിപ്പിക്കുമ്പോൾ സദസ്സ് ഒന്നടങ്കം നെടുവീർപ്പോടെ കേട്ടിരുന്നു.
ഫലം വന്നപ്പോൾ കഴിഞ്ഞ രണ്ടുവർഷവും കലോത്സവത്തിൽ ഗ്രേഡിൽ മാത്രമൊതുങ്ങിയ തൊടുപുഴ ന്യൂമാൻ കോളജിലെ എസ്. വൈശാഖന് ഒന്നാംസ്ഥാനം. ഏഴാംക്ലാസ് മുതൽ വൈശാഖൻ പദ്യപാരായണ മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. സംസ്ഥാന സ്കൂൾ കലോത്സവങ്ങളിലും മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. ആകെ 158 മത്സരാർഥികളാണ് ഉണ്ടായിരുന്നത്. വെള്ളിയാഴ്ച നടക്കുന്ന കോൽക്കളി മത്സരത്തിലും ലളിതഗാന മത്സരത്തിലും വൈശാഖൻ മത്സരിക്കുന്നുണ്ട് .
വൈശാഖൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.