മുറുക്കാൻ കടയിൽ വൻതിരക്ക്; ‘ഒളിപ്പിച്ച’ ലഹരി ഒടുവിൽ പിടിയിൽ
തൊടുപുഴ: കരിമണ്ണൂർ ബിവറേജസ് ഷോപ്പിന് സമീപത്തെ മുറുക്കാൻ കടയിൽ ഏതാനും ദിവസങ്ങളിലായി പതിവില്ലാത്ത തിരക്ക്. ഇത് ശ്രദ്ധയിൽ പെട്ടതോടെ പൊലീസ് നിരീക്ഷണവും തുടങ്ങി. ഒടുവിൽ മുറുക്കാനിൽ ലൈംഗിക ഉത്തേജക മരുന്ന് അടക്കം ചേർത്ത് വിൽപന നടത്തുകയാണെന്ന് കണ്ടെത്തി.
ഇതോടെ കടയിൽ പരിശോധന നടത്തുകയും നടത്തിപ്പുകാരനെ പിടികൂടുകയും ചെയ്തു. ലൈംഗിക ഉത്തേജക മരുന്നിന്റെ കവറുകളും നിരോധിത ലഹരി ഉൽപന്നങ്ങളും കണ്ടെടുത്തു. ബിഹാർ പട്ന സ്വദേശിയും 40 വർഷത്തോളമായി കേരളത്തിൽ താമസക്കാരനുമായ മുഹമ്മദ് താഹിറിനെയാണ് (60) പിടികൂടിയത്. കോട്ടയം പാലായിലാണ് താമസം. ജില്ല പൊലീസ് മേധാവിക്ക് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കരിമണ്ണൂർ എസ്.എച്ച്.ഒ വി.സി വിഷ്ണുകുമാർ, എസ്.ഐ ബിജു ജേക്കബ്, എസ്.സി.പി.ഒമാരായ അനോഷ്, നജീബ് എന്നിവരാണ് പരിശോധന നടത്തിയത്.
കരിമണ്ണൂർ ബിവറേജ്സ് ഷോപ്പിന് സമീപം മുറുക്കാൻ കടയിൽ നിന്ന് നിരോധിത ലഹരി പദാർഥങ്ങൾ പിടികൂടിയപ്പോൾ
പൊലീസിനെ തള്ളിയിട്ട് കടന്ന കഞ്ചാവ് വിൽപക്കാരനെ പിടികൂടി
പീരുമേട്: പൊലീസിനെ തള്ളിയിട്ട് ഓടി മറഞ്ഞ കഞ്ചാവ് വിൽപനക്കാരനെ അറസ്റ്റ് ചെയ്തു. കരടിക്കുഴി സ്വദേശി ഷിജിൻ (28) ആണ് പിടിയിലായത്. വിൽപനക്ക് വീട്ടിൽ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തെത്തുടർന്ന് ബുധനാഴ്ചയാണ് പരിശോധനക്ക് എത്തിയത്. പൊലീസ് സംഘത്തെ തള്ളിയിട്ട ശേഷം യുവാവ് ഓടുകയായിരുന്നു. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 35 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
പീരുമേട് സ്റ്റേഷനിൽ ലഭിച്ച സന്ദേശത്തെ തുടർന്നാണ് പൊലീസ് പരിശോധനക്ക് എത്തിയത്. വീട്ടിൽ കഞ്ചാവ് എത്തിച്ച ശേഷം ഷിജിൻ ചില്ലറ വിൽപന നടത്തിവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.