തൊടുപുഴ: അമിത വൈദ്യുതി ബിൽ വന്ന സംഭവത്തിൽ ബിൽ തുക മുഴുവനും ഉപഭോക്താക്കൾതന്നെ അടക്കണമെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.ഇ.ബി ഉപഭോക്താക്കൾക്ക് നോട്ടീസ് നൽകി. തൊടുപുഴ സെക്ഷൻ- 1 ഓഫിസിന് കീഴിലെ മുന്നൂറോളം ഉപഭോക്താക്കളാണ് തുക അടക്കേണ്ടി വരുക.
മീറ്ററുകളിലെ ഡേറ്റ ഡൗൺലോഡ് ചെയ്ത് പരിശോധിച്ച് റീഡിങ് കൃത്യമാണെന്ന് ശാസ്ത്രീയമായി തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കൂടിയ ബിൽ തുക അടക്കാൻ നോട്ടീസ് നൽകിയതെന്ന് കെ.എസ്.ഇ.ബി അധികൃതർ വ്യക്തമാക്കി. പണം തവണകളായി അടക്കാൻ അവസരമുണ്ടാകും.
അതേസമയം, മീറ്റർ റീഡിങ്ങിൽ കൃത്രിമം കാട്ടി ബിൽ ഇനത്തിൽ ലക്ഷങ്ങളുടെ നഷ്ടം വരുത്തിയ സംഭവത്തിൽ ഒരു ജീവനക്കാരെകൂടി സസ്പെൻഡ് ചെയ്തു. തൊടുപുഴ സെക്ഷൻ- 1 ഓഫിസിലെ സബ് എൻജിനീയർ ബോബിയെയാണ് സസ്പെൻഡ് ചെയ്തത്.
കെ.എസ്.ഇ.ബി വിജിലൻസിന്റെ സാങ്കേതിക വിഭാഗത്തിന്റെ നിർദേശ പ്രകാരമാണ് നടപടി. ഇതുവരെ പലപ്പോഴായി അസി. എൻജിനീയർ, സൂപ്രണ്ട്, സീനിയർ അസിസ്റ്റന്റ്, മൂന്ന് സബ് എൻജിനീയർമാർ, ഓവർസിയർ എന്നിങ്ങനെ ഏഴ് ജീവനക്കാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. മീറ്റർ റീഡിങ് എടുത്തിരുന്ന കരാർ ജീവനക്കാരനെ പിരിച്ചുവിടുകയും ചെയ്തിരുന്നു.
പിരിച്ചുവിട്ട കരിമണ്ണൂർ സ്വദേശിയായ കരാർ ജീവനക്കാരൻ രണ്ട് വർഷത്തോളം മീറ്റർ റീഡിങ് കുറവായി രേഖപ്പെടുത്തിയെന്നും ഇതിലൂടെ ബോർഡിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നുമാണ് പ്രാഥമിക കണ്ടെത്തൽ. കരാർ ജീവനക്കാരനെ നിരീക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ് ഉദ്യോഗസ്ഥരെ സസ്പൻഡ് ചെയ്തത്. ഇവർക്ക് ക്രമക്കേടിൽ പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
മേയിൽ മീറ്റർ റീഡർമാരെ പരസ്പരം സ്ഥലംമാറ്റിയപ്പോഴാണ് വൻ ക്രമക്കേട് കണ്ടെത്തിയത്. പുതിയ ജീവനക്കാരൻ റീഡിങ് എടുത്തപ്പോൾ ചില മീറ്ററുകളിലെ റീഡിങ്ങിൽ പ്രകടമായ മാറ്റം കണ്ടെത്തി. ശരാശരി 2000 രൂപ വന്നിരുന്ന ഉപഭോക്താവിന് 35,000 രൂപ വരെയായി ബിൽ കുത്തനെ ഉയർന്നു.
പരാതി ഉയർന്നതിനെ തുടർന്ന് ഇതിന് മുമ്പ് പ്രദേശത്ത് മീറ്റർ റീഡിങ് എടുത്തിരുന്ന യുവാവിനെ ചോദ്യം ചെയ്തപ്പോൾ ഇയാൾ റീഡിങ്ങിൽ കൃത്രിമം കാണിച്ചിരുന്നെന്ന് സമ്മതിച്ചു. യഥാർഥ റീഡിങ്ങിനേക്കാൾ കുറച്ചായിരുന്നു യുവാവ് വൈദ്യുതി ബില്ലിൽ രേഖപ്പെടുത്തിയിരുന്നത്. തുടർന്നാണ് അന്വേഷണം കെ.എസ്.ഇ.ബി വിജിലൻസിന് കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.