തൊടുപുഴ: ജില്ലയിലെ നിരത്തുകളിൽ പൊലിയുന്ന ജീവനുകളുടെ എണ്ണം വർധിക്കുന്നു. 2024 ഡിസംബർ വരെ 97 വാഹനാപകട മരണങ്ങളാണ് ജില്ലയിൽ ഉണ്ടായത്. 1200 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വാഹനങ്ങളുടെ അമിത വേഗം, അശ്രദ്ധമായുള്ള ഡ്രൈവിങ് എന്നിവയാണ് അപകടങ്ങളുടെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ഇടുക്കിയുടെ ഭൂ പ്രകൃതിയുടെ പ്രത്യേകതയും അപകട സാധ്യത കൂട്ടുന്നു. തിങ്കളാഴ്ച കുട്ടിക്കാനം -മുണ്ടക്കയം റോഡിൽ പുല്ലുപാറയിലുണ്ടായ അപകടത്തിൽ നാല് പേർ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
70 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ ബസ് മരത്തിൽ തട്ടി നിന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്. ജില്ലയിൽ ഓരോ വർഷവും ഉണ്ടാകുന്ന അപകടങ്ങളും മരണസംഖ്യയും വർധിക്കുകയാണ്. കഴിഞ്ഞ മാർച്ചിൽ മാങ്കുളത്തെ നടുക്കിയ അപകടത്തിൽ ഒരു കുഞ്ഞടക്കം മൂന്നു പേരാണ് മരിച്ചത്. മാങ്കുളത്തിന്റെ മനോഹാരിത ആശ്വസിച്ച് മടങ്ങിയ തമിഴ്നാട്ടിൽ നിന്നുള്ള വിനോദസഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്. ആനക്കുളത്തിനടുത്ത് പേമരം വളവിൽ നിയന്ത്രണം വിട്ട വാൻ കൊക്കയിലേക്ക് മറിയുകയായിരുന്നു. വാൻ ക്രാഷ് ബാരിയർ തകർത്ത് 200 അടി താഴ്ചയിലേക്ക് മറിഞ്ഞു.
ഇത്തരത്തിൽ നിരവധി അപകടങ്ങളാണ് ജില്ലയിൽ ഓരോ വർഷവും സംഭവിക്കുന്നത്. കുത്തനെയുള്ള കയറ്റിറക്കങ്ങളും കൊടുംവളവുകളും നിറഞ്ഞ ഇടുക്കിയിലെ റോഡുകളിൽ അപകടങ്ങൾ പതിയിരിക്കുന്ന ഒട്ടേറെയിടങ്ങളുണ്ട്. ഹൈറേഞ്ചിലെ റോഡുകൾക്ക് ആവശ്യമായ വീതിയോ വശങ്ങളിൽ സംരക്ഷണ ഭിത്തികളോ ഇല്ല. അപകടസാധ്യതയേറിയ മേഖലകളിൽപ്പോലും വേണ്ടത്ര അപകടസൂചന ബോർഡുകളും മറ്റും ഇനിയും സ്ഥാപിച്ചിട്ടുമില്ല. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വാഹന ഡ്രൈവർമാർക്ക് പലപ്പോഴും ഹൈറേഞ്ചിലെ റോഡുകളെക്കുറിച്ച് വേണ്ടത്ര അറിവില്ലാത്തതും അപകടങ്ങൾക്കിടയാക്കുന്നുണ്ട്.
ഹൈറേഞ്ച് മേഖലകളിലുൾപ്പെടെ പലയിടത്തും റോഡ് തകർന്ന് കുണ്ടും കുഴിയുമായി കിടക്കുകയാണ്. റോഡിലെ ഇത്തരത്തിലുള്ള കുഴികളിൽ ചാടാതിരിക്കാൻ വാഹനങ്ങൾ വെട്ടിക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളും കുറവല്ല. ചിലയിടങ്ങളിൽ കാഴ്ച മറയ്ക്കും വിധം റോഡിലേക്ക് കാടും മരച്ചില്ലകളും മറ്റും വളർന്നു നിൽക്കുന്നതും അപകടസാധ്യത വർധിപ്പിക്കുന്നു. റോഡുകളുടെ അശാസ്ത്രീയ നിർമാണവും അപകടങ്ങൾക്ക് വഴിതെളിക്കുന്നതായി ആരോപണമുണ്ട്.
തൊടുപുഴ: കോട്ടയം–കുമളി റോഡിൽ ഉൾപ്പെടുന്ന പുല്ലുപാറ സ്ഥിരം അപകടമേഖലയാണ്. കൊടുംവളവ് തിരിഞ്ഞെത്തുന്ന വാഹനങ്ങൾ കൊക്കയിൽ പതിക്കുന്നത് ഇവിടെ ആവർത്തിക്കുകയാണ്. കുത്തിറക്കവും കൊടുംവളവുമാണിവിടെ. റോഡിന്റെ ഒരു വശം അഗാധമായ കൊക്കയാണ്.
1500 അടി താഴ്ചയുള്ള കൊക്കകൾ വരെ ഇവിടെയുണ്ട്. കുത്തനെയുള്ള ഇറക്കത്തിൽ വളവിലെത്തുമ്പോൾ നിയന്ത്രണം പോകുകയോ, വാഹനത്തിന്റെ ബ്രേക്ക് പോകുകയോ ചെയ്താണ് അപകടമുണ്ടാകുന്നത്. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ഇവിടുത്തെ ചെക്പോസ്റ്റ് വനംവകുപ്പ് 2019ൽ നിർത്തലാക്കി. തമിഴ്നാട്ടിൽ നിന്നെത്തുന്ന ശബരിമല തീർഥാടകരുടെ പ്രധാനപാത കൂടിയാണിത്.
2024 മേയ് ഒമ്പതിന് പുല്ലുപാറക്ക് സമീപം തന്നെ നിയന്ത്രണംവിട്ട കാർ കൊക്കയിലേക്ക് മറിഞ്ഞ് രണ്ടു പേർ മരിച്ചിരുന്നു. തിരുവനന്തപുരം നാവായിക്കുളം വെട്ടിയറ ഫാർമസി ജങ്ഷന് സമീപം വിളയിൽ വീട്ടിൽ ഷിബുവിന്റെ മകൾ ഭദ്ര (18), ഭദ്രയുടെ മാതൃസഹോദരിയും പാരിപ്പള്ളി ലക്ഷ്മി നിവാസിൽ പ്രിൻസിന്റെ ഭാര്യയുമായ സിന്ധു (48) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ഷിബു (51), ഭാര്യ മഞ്ജു (43), ഇവരുടെ മറ്റൊരു മകൾ ഭാഗ്യ (12), സിന്ധുവിന്റെ മകൻ ആദിദേവ് (21) എന്നിവർക്ക് പരിക്കേറ്റു.
പുല്ലുപാറയിൽ പരിക്കേറ്റവരെ രക്ഷപ്പെടുത്തി മുകളിലെത്തിക്കുന്നു
വിനോദസഞ്ചാരത്തിനായി വാഗമണ്ണിൽ എത്തിയശേഷം തിരികെ നാട്ടിലേക്ക് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇറക്കത്തിൽ നിയന്ത്രണം വിട്ട കാർ റോഡിലെ ബാരിക്കേഡ് ഇടിച്ചുതകർത്ത ശേഷം 600 അടി താഴ്ചയിലേക്കു പതിക്കുകയായിരുന്നു. 2024 ഫെബ്രുവരി 28ന് ഇതേഭാഗത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാർ 400 അടി താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടു പേർക്കാണ് പരിക്കേറ്റത്.
ഇടുക്കി ചെല്ലാർകോവിൽ പാലനിൽക്കുംകാലായിൽ രാജു ജോസഫ് (51), അണക്കര മണ്ണിൽ കരോട്ട് തോമസ് ജോർജ് (34) എന്നിവർക്കാണ് പരിക്കേറ്റത്. കരണം മറിഞ്ഞ കാർ പാഞ്ഞുപോയി മരത്തിലിടിച്ച് നിൽക്കുകയായിരുന്നു. മുണ്ടക്കയത്ത് നിന്ന് അണക്കരയിലേക്ക് പോവുകയായിരുന്നു കാർ. 2023 നവംബർ അഞ്ചിന് കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ മനോധൈര്യത്തിൽ ഇവിടെ വലിയൊരു അപകടമാണ് വഴിമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.