തൊടുപുഴ: ജില്ലയിൽ വൈദ്യുതാഘാതമേറ്റുള്ള മരണങ്ങൾ ആശങ്ക ജനിപ്പിക്കുന്ന രീതിയിൽ വർധിക്കുന്നു. ഓരോ വർഷത്തെയും അപകടങ്ങൾ പരിശോധിച്ചാൽ ജില്ലയിൽ ഷോക്കേറ്റുള്ള മരണങ്ങൾ കൂടിവരുന്നതായാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. ഏപ്രിൽ മുതൽ ഡിസംബർ വരെ ജില്ലയില്‍ മാത്രം നാലുപേരാണ് വൈദ്യുതി അപകടങ്ങളിൽ മരിച്ചത്. 2021-22 സാമ്പത്തിക വർഷത്തെ കണക്ക് പരിശോധിച്ചാൽ 11 പേർ മരിക്കുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
2022 ഏപ്രിൽ ഒന്ന് മുതൽ നവംബർ നാല് വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ 11 മരണമാണ് ഷേക്കേറ്റ് ഉണ്ടായത്. ആറുപേർക്ക് പരിക്കേറ്റിട്ടുമുണ്ട്. 2020-21ൽ പത്തുപേർ മരിക്കുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2019-20ലും 2018-19ലും ആറുപേർ വീതവും 2017-18ൽ 14 പേരും ഷോക്കേറ്റ് മരിച്ചു.
കഴിഞ്ഞ ദിവസം മറയൂരിൽ പശുവിന് പുല്ലുവെട്ടാൻ കയറുന്നതിനിടെ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് യുവാവ് മരണപ്പെട്ടിരുന്നു. 2024 മേയിൽ ഏലപ്പാറ കോഴിക്കാനത്ത് ഡ്യൂട്ടിക്കിടെ കുടയത്തൂർ സംഗമത്തിൽ താമസിക്കുന്ന കോണിക്കൽ അനസ് മരണപ്പെട്ടു.
പോത്തുപാറ കെ.എസ്.ഇ.ബിയിലെ ലൈൻമാനായ അനസ് കോഴിക്കാനം കിഴക്കേ പുതുവൽ ഭാഗത്ത് ലൈനിലേക്ക് മറിഞ്ഞുവീണ മരത്തിന്റെ ശിഖരങ്ങൾ മുറിച്ചുമാറ്റുന്നതിനിടെ തോട്ടി ലൈനിൽ മുട്ടി ഷോക്കേറ്റാണ് മരിച്ചത്. 2024 നവംബറിൽ വീട്ടുമുറ്റത്തുള്ള മരത്തിൽ ഏണി ഉപയോഗിച്ച് ശിഖരം മുറിക്കുകയായിരുന്ന ഗൃഹനാഥൻ വൈദ്യുതാഘാതമേറ്റു മരിച്ചു. കാമാക്ഷി നെല്ലിപ്പാറ കിഴക്കേടത്ത് ബിനോയിയാണ് (47) മരിച്ചത്. മുറിച്ചിട്ട ശിഖരം വൈദ്യുതി ലൈനിലേക്ക് വീണതോടെ ഷോക്കേറ്റ ബിനോയി താഴെവീഴുകയായിരുന്നു. ഉടൻ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കമ്പിളികണ്ടത്ത് ജോയി എന്നയാളും ഷോക്കേറ്റ് മരിച്ചു.
ഡിസംബറിൽ നക്ഷത്രം തൂക്കുന്നതിനിടെ കരിമണ്ണൂർ കമ്പിപാലം കൈപ്പിള്ളിൽ സാജുവും അടുത്തിടെ (46) മരിച്ചു. കമ്പിപ്പാലം ക്ലബിന് മുന്നിൽ നക്ഷത്രം തൂക്കുന്നതിനിടെയാണ് വൈദ്യുതാഘാതം ഏൽക്കുന്നത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വില്ലനാണ് ഇരുമ്പ് തോട്ടി
പൊട്ടിക്കിടക്കുന്ന ലൈൻ കമ്പിയിൽനിന്ന് ഷേക്കേറ്റുള്ള അപകടം, ജോലികളിൽ ഏർപ്പെടുന്നവരുടെ അശ്രദ്ധ, അറിവില്ലായ്മ എന്നിവയാണ് ഒട്ടുമിക്ക വൈദ്യുതാപകടങ്ങളുടെയും മുഖ്യകാരണം.
ജില്ലയിൽ സംഭവിച്ച കൂടുതൽ വൈദ്യുതാപകടങ്ങളും ഇരുമ്പ് തോട്ടി അല്ലെങ്കിൽ ഇരുമ്പ് ഏണി വൈദ്യുതി ലൈനുകളുടെ സമീപം ഉയര്‍ത്തിയതിനെ തുടർന്നുണ്ടായത്.
ഏലത്തോട്ടങ്ങളിലെ വൃക്ഷങ്ങളുടെ ശിഖരങ്ങൾ മുറിക്കുമ്പോഴും കുരുമുളക് പറിക്കുമ്പോഴും ഇരുമ്പ് ഏണി ലൈനുമായി സമ്പര്ക്കത്തിൽപെട്ടും അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും മറ്റും ടൈല്‍വര്‍ക്ക്, വെല്‍ഡിങ്, പെയിന്റിങ് ജോലികൾ എന്നിവക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളിലേക്ക് കണക്ട് ചെയ്യുന്ന വയറുകളുടെയും ഇതിന് ഉപയോഗിക്കുന്ന എക്സ്റ്റൻഷൻ ബോര്‍ഡുകളുടെയും നിലവാരമില്ലായ്മ മൂലവും അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. വൈദ്യുതിയുമായി ബന്ധപ്പെട്ട ജോലികളിൽ ഏര്‍പ്പെടുന്ന ജീവനക്കാർ കർശനമായും സുരക്ഷാക്രമീകരണം ഉറപ്പുവരുത്തിയശേഷം മാത്രമേ ജോലികൾ ചെയ്യാവൂവെന്നും നിർദേശങ്ങളുണ്ടെങ്കിലും പലരുടെയും അശ്രദ്ധ അപകടങ്ങളിലേക്ക് നയിക്കുന്നു.
ജാഗ്രത വേണം -ഇലക്ട്രിക്കൽ ഇൻസ്പെക്ടർ
തൊടുപുഴ: ലോഹത്തോട്ടികളുടെ ഉപയോഗം മൂലം വൈദ്യുതിയുമായി ബന്ധപ്പെട്ട് അപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ജില്ല ഇലക്ട്രിക്കൽ ഇൻസ്പെക്ടർ പൊതുജനങ്ങൾക്കായി മുന്നറിയിപ്പ് നിർദേശങ്ങൾ നൽകിയിട്ടുണ്ട്. നിർദേശങ്ങളും മുൻകരുതലുകളും പാലിച്ചാൽ അപകടങ്ങളിൽനിന്ന് രക്ഷപ്പെടാൻ കഴിയുമെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.