തൊടുപുഴ: ലൈഫ് മിഷൻ പദ്ധതിയുടെ പുതിയ അപേക്ഷകളുടെ പരിശോധന പാതിവഴിയിൽ. ഉദ്യോഗസ്ഥരുടെ കുറവുമൂലം അപേക്ഷകളുടെ പരിശോധന ജില്ലയിൽ 40 ശതമാനം മാത്രമാണ് പൂർത്തിയാക്കാനായത്. പരിശോധനക്ക് നിയോഗിച്ച ഉദ്യോഗസ്ഥരിൽ കൃഷി അസിസ്റ്റൻറുമാരെ വിട്ടുനൽകാനാവില്ലെന്ന് കൃഷിവകുപ്പ് അറിയിച്ചതാണ് പ്രതിസന്ധിക്ക് കാരണം. ഇതുമൂലം പരിശോധനക്ക് വേണ്ടത്ര ഉദ്യോഗസ്ഥരില്ലാത്ത സ്ഥിതിയാണെന്ന് തദ്ദേശവകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നു. നവംബർ ഒന്നുമുതലാണ് പരിശോധന ആരംഭിച്ചത്. ഗുണഭോക്തൃ പട്ടികയുടെ കരട് ഡിസംബർ ഒന്നിന് പ്രസിദ്ധീകരിക്കുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നതെങ്കിലും ഈ സമയത്തിനുള്ളിൽ 25 ശതമാനം പരിശോധനപോലും പൂർത്തിയാകാതെ വന്നതോടെ 20 വരെ തീയതി നീട്ടി. സംസ്ഥാന ലൈഫ് മിഷൻ സർക്കാറിന് കത്ത് നൽകിയതിെൻറ അടിസ്ഥാനത്തിലാണ് സമയം നീട്ടിയത്. എന്നാൽ, വേണ്ടത്ര ആളില്ലാത്തതിനാൽ പരിശോധന മന്ദഗതിയിലായിരുന്നു.
തുടർന്ന് പ്രശ്നപരിഹാരത്തിന് ചീഫ് സെക്രട്ടറി നടത്തിയ ചർച്ചയിൽ കൃഷി അസിസ്റ്റൻറുമാരെ ഉപയോഗിക്കാൻ തീരുമാനിച്ചു. എന്നാൽ, ഇതുവരെ ഉത്തരവ് ഇറങ്ങാത്തതിനാൽ അവർ ഫീൽഡിൽ ഇറങ്ങിയിട്ടില്ല. ഇതോടെ 20നുള്ളിലും കരട് പ്രസിദ്ധീകരിക്കാനാകുമോയെന്ന ആശങ്കയിലാണ് ലൈഫ് മിഷൻ. കൃഷി അസിസ്റ്റൻറുമാർ പിന്മാറിയതോടെ ചിലയിടങ്ങളിൽ ഐ.സി.ഡി.എസ് സൂപ്പർവൈസർമാരും നിസ്സഹകരണത്തിലായിരുന്നു. 58,523 പേരാണ് ജില്ലയിൽ സ്വന്തമായി കിടപ്പാടമെന്ന സ്വപ്നവുമായി പട്ടികയിൽ ഉൾപ്പെടുന്നത് കാത്തിരിക്കുന്നത്. കൃഷി ഇതര ആവശ്യങ്ങൾക്ക് ഉദ്യോഗസ്ഥരെ നൽകാനാവില്ലെന്നായിരുന്നു കൃഷിവകുപ്പിെൻറ നിലപാട്.
പരിശോധനക്ക് ഇറങ്ങിയാൽ കൃഷിനാശത്തിെൻറ കണക്കെടുപ്പ്, വിള ഇൻഷുറൻസ്, പി.എം. കിസാൻ പദ്ധതി, ഒരു കോടി ഫലവൃക്ഷത്തൈകളുടെ വിതരണം തുടങ്ങിയ പ്രവർത്തനങ്ങൾ നിലക്കുമെന്ന് ജീവനക്കാർ പറയുന്നു. ഐ.സി.ഡി.എസ് സൂപ്പർവൈസർ, വി.ഇ.ഒമാർ, പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി, കൃഷി അസിസ്റ്റൻറുമാർ എന്നിവരാണ് അപേക്ഷകരെ നേരിൽകണ്ട് പരിശോധന നടത്തേണ്ടത്. കൂടുതൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി 20നകം അപേക്ഷകളുടെ പരിശോധന പൂർത്തിയാക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് ലൈഫ് മിഷൻ അധികൃതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.